'തൂലികയുടെ രാജാവ്'; റോട്ടോമാക് ഉടമ വിക്രം കോത്താരി അന്തരിച്ചു
text_fieldsകാൺപൂർ: റോട്ടോമാക്ക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിക്രം കോത്താരി അന്തരിച്ചു. ദീർഘകാലം അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച ഉത്തർ പ്രദേശിലെ തിലക് നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. തട്ടിപ്പ് കേസിൽ അറസ്റ്റിലായി രണ്ട് വർഷത്തെ ജയിൽ വാസത്തിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ജാമ്യത്തിലിരിക്കെയാണ് മരണം.
പാൻമസാല കമ്പനിയിലൂടെയാണ് കോത്താരി വ്യവസാരംഗത്തേക്ക് ചുവട് വെക്കുന്നത്. 1995ലാണ് റോട്ടോമാകിന് കോത്താരി തുടക്കം കുറിക്കുന്നത്. പിന്നീട് 'പെൻ കിംഗ്' എന്ന പേരിൽ 38 രാജ്യങ്ങളിൽ വിക്രം കോത്താരി പ്രശസ്തനായി.
വിക്രം കോത്താരി ഏഴ് ബാങ്കുകൾ ചേർന്ന കൺസോട്യത്തിൽ നിന്ന് 3,700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018 ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഇദ്ദേഹത്തിൻറെ വസതിയിലുൾപ്പെടെ റെയ്ഡ് നടത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.സിബിഐക്ക് പുറമെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചിരുന്നു. ഇതേ കേസിൽ അറസ്റ്റിലായ മകൻ രാഹുൽ കോത്താരി ജയിലിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.