റോയൽ എൻഫീൽഡ് സി.ഇ.ഒ വിനോദ് ദാസരി സ്ഥാനമൊഴിഞ്ഞു
text_fieldsന്യൂഡൽഹി: റോയൽ എൻഫീൽഡ് സി.ഇ.ഒ വിനോദ് കെ ദാസരി സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹനനിർമ്മാതാക്കളായ റോയൽ എൻഫീൽഡിൽ നിന്നും ദാസരി രാജി പ്രഖ്യാപിച്ചത്. ഐഷറിന്‍റെ ഡയറക്ടർ സ്ഥാനവും അദ്ദേഹം ഒഴിഞ്ഞു. ആഗസ്റ്റ് 13 മുതൽ അദ്ദേഹം കമ്പനിയിലുണ്ടാവില്ലെന്ന് ഐഷർ മോട്ടോഴ്സ് അറിയിച്ചു.
ബി.ഗോവിന്ദരാജനെ കമ്പനിയുടെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചു. ആഗസ്റ്റ് 18ന് അദ്ദേഹം ചുമതലയേറ്റെടുക്കും. അഞ്ച് വർഷത്തേക്കായിരിക്കും ഗോവിന്ദരാജന്‍റെ നിയമനം. നിലവിൽ റോയൽ എൻഫീൽഡിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസറാണ് ഗോവിന്ദരാജൻ.
2019 ഏപ്രിലിലാണ് ദാസരി റോയൽ എൻഫീൽഡിന്‍റെ തലപ്പത്തേക്ക് എത്തുന്നത്. അതിന് മുമ്പ് അശോക് ലൈലാൻഡിൽ സി.ഇ.ഒയും മാനേജിങ് ഡയറക്ടറുമായിരുന്നു അദ്ദേഹം. സ്വന്തം അഭിനിവേശത്തിനൊപ്പം സഞ്ചരിക്കാൻ ദാസരി ഒരുങ്ങുകയാണെന്ന് ഐഷർ മോട്ടോഴ്സ് അറിയിച്ചു. ചെന്നൈയിൽ നോൺ-പ്രൊഫിറ്റ് ആശുപത്രിക്ക് അദ്ദേഹം തുടക്കം കുറിക്കും. കുറഞ്ഞ ചെലവിൽ ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയായിരിക്കും ആശുപത്രിയുടെ ലക്ഷ്യമെന്നും ഐഷർ കൂട്ടിച്ചേർത്തു.
എക്കാലവും ഓർമിക്കുന്ന യാത്രയാണ് റോയൽ എൻഫീൽഡിൽ ഉണ്ടായതെന്ന് ദാസരി പറഞ്ഞു. കോവിഡ് സമയത്ത് കമ്പനിയെ നയിക്കാൻ സാധിച്ചു. കമ്പനിയുടെ വരുമാനം ഉയർത്തുന്നതിനും വിദേശ രാജ്യങ്ങളിലെ സാന്നിധ്യം വർധിപ്പിക്കാനും സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.