എണ്ണക്ക് വിലപരിധി: ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ
text_fieldsമോസ്കോ: റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിച്ച ജി7 രാജ്യങ്ങളുടെ തീരുമാനത്തെ പിന്തുണക്കാത്ത ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് റഷ്യ. ഉപപ്രധാനമന്ത്രി അലക്സാണ്ടർ നൊവാക്ക് ഇന്ത്യൻ അംബാസിഡർ പവൻ കപൂറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യൻ നിലപാടിനെ സ്വാഗതം ചെയ്ത് രംഗത്തെത്തിയത്.
ഇതുസംബന്ധിച്ച് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. കിഴക്കും തെക്കുമുള്ള രാജ്യങ്ങൾക്ക് വിവിധ ഊർജവിഭവങ്ങൾ നൽകുന്നത് തുടരുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് റഷ്യൻ എണ്ണക്ക് വിലപരിധി നിശ്ചയിക്കാൻ ജി7 രാജ്യങ്ങളും അവരെ പിന്തുണക്കുന്ന മറ്റുള്ളവരും തീരുമാനിച്ചത്.
2022ലെ ആദ്യത്തെ എട്ട് മാസങ്ങളിൽ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി 16.35 മില്യൺ ടണ്ണായി ഉയർന്നിരുന്നു. യു.എസ് അടക്കമുള്ള രാജ്യങ്ങളുടെ ഭീഷണിക്കിടയിലും റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു. നിലവിൽ ഇന്ത്യയിലേക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ രണ്ടാം സ്ഥാനത്താണ് റഷ്യ. നേരത്തെ റഷ്യൻ എനർജി വീക്കിലേക്ക് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരിയെ ക്ഷണിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.