വർഷങ്ങളായി നടത്തിവന്ന ഓഹരി ക്രമക്കേടുകളും അക്കൗണ്ടിങ് തട്ടിപ്പുകളുമാണ് ചൂണ്ടിക്കാട്ടിയതെന്ന് ഹിൻഡെൻബർഗ്
text_fieldsന്യൂഡൽഹി: ‘സെബി’യുടെ കാരണംകാണിക്കൽ നോട്ടീസ് അസംബന്ധമാണെന്നും ഇന്ത്യയിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ അഴിമതി ചൂണ്ടിക്കാട്ടുന്നവരെ നിശ്ശബ്ദരാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഹിൻഡെൻബർഗ്. ഓഹരി വിപണിയിൽ ക്രമക്കേടുകൾ നടത്തിയെന്നാരോപിച്ച് അദാനി ഗ്രൂപ്പിനെതിരെ റിപ്പോർട്ട് പ്രസിദ്ധീകരിച്ച യു.എസ് ആസ്ഥാനമായ ഹിൻഡൻബർഗ് റിസർച്ചിന് ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ ‘സെബി’ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നു. തുടർന്നാണ് ഹിൻഡൻബർഗിന്റെ പ്രതികരണം.
അദാനി ഗ്രൂപ് ഓഹരികളിലെ ഇടപാടുകളിൽ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് നോട്ടീസ്. ഹിൻഡെൻബർഗ് തന്നെയാണ് നോട്ടീസ് ലഭിച്ച വിവരം പുറത്തുവിട്ടത്.
വർഷങ്ങളായി നടത്തിവന്ന ഓഹരി ക്രമക്കേടുകളും അക്കൗണ്ടിങ് തട്ടിപ്പുകളുമാണ് ചൂണ്ടിക്കാട്ടിയതെന്ന് ഹിൻഡെൻബർഗ് പ്രസ്താവനയിൽ പറഞ്ഞു. അദാനി ഓഹരികളിലെ ഇടപാട് വഴി തങ്ങളുണ്ടാക്കിയത് നാമമാത്ര നേട്ടമാണ്. അദാനി ഓഹരികളുടെ വില ഇടിയുമെന്ന് ഉറപ്പായിരുന്നു. അതിനാലാണ് ‘ഷോർട്ട് സെല്ലിങ്’ നടത്തിയത്. ഒരു നിക്ഷേപക പങ്കാളിയുമായി ചേർന്ന് അദാനി ഓഹരികളിൽ നടത്തിയ ഇടപാടിൽ 4.1 ദശലക്ഷം ഡോളറും ഗ്രൂപ്പിന് കീഴിലെ യു.എസ് കടപ്പത്രങ്ങളിൽനിന്ന് 31,000 ഡോളറുമാണ് നേടിയത്.
ഒന്നര വർഷത്തെ അന്വേഷണത്തിനിടെ തങ്ങളുടെ റിപ്പോർട്ടിൽ വസ്തുതപരമായ പിശകുകളൊന്നും സെബി കണ്ടെത്തിയിട്ടില്ല. എന്നാൽ, അദാനി ഗ്രൂപ് പ്രൊമോട്ടർമാർക്കെതിരെ വിവിധ ഏജൻസികൾ ചുമത്തിയ വഞ്ചനക്കുറ്റങ്ങൾ പരാമർശിക്കുന്നതിന് നടത്തിയ ചില വാക്കുകളിലാണ് സെബി കുഴപ്പം കണ്ടെത്തിയത്.
സെബി അഴിമതി നിറഞ്ഞതാണെന്നും അദാനി പോലുള്ള വൻകിടക്കാരുമായി കൈകോർത്ത് പ്രവർത്തിക്കുകയാണെന്നും ഒരു വ്യക്തി ആരോപിച്ചത് റിപ്പോർട്ടിൽ എടുത്തുചേർത്തതും സെബിയെ പ്രകോപിപ്പിച്ചതായി ഹിൻഡെൻബർഗ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.