'ചെറുകിട കച്ചവടക്കാർക്ക് ആത്മാഭിമാനമില്ലേ ?; അന്നപൂർണ ഉടമ ധനമന്ത്രി നിർമലയോട് മാപ്പപേക്ഷിച്ചതിൽ രാഹുൽ ഗാന്ധി
text_fieldsകോയമ്പത്തൂർ: അന്നപൂർണ റസ്റ്ററന്റ് ഉടമ ധനമന്ത്രി നിർമല സീതാരാമനോട് മാപ്പപേക്ഷിച്ചുവെന്ന റിപ്പോർട്ടുകൾക്കിടെ ഇക്കാര്യത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചെറുകിട കച്ചവടക്കാരുടെ അഭ്യർഥനകൾ അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
കോയമ്പത്തൂരിലെ ചെറുകിട റസ്റ്ററന്റ് ശൃംഖലയായ അന്നപൂർണയുടെ ഉടമ പൊതുവേദിയിൽ വെച്ച് ജി.എസ്.ടിയുടെ പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ എത്രത്തോളം അഹങ്കാരത്തോടെയും ബഹുമാനമില്ലാതെയുമാണ് മറുപടി നൽകുന്നതെന്ന് നോക്കുവെന്ന് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
എന്നാൽ, ശതകോടീശ്വരനായ സുഹൃത്ത് നിയമങ്ങൾ മാറ്റാൻ പറയുമ്പോഴും ദേശീയ സ്വത്തുക്കൾ ഏറ്റെടുക്കാൻ ആവശ്യപ്പെടുമ്പോൾ സർക്കാറിന് ഒരു മടിയുമില്ല. നോട്ടുനിരോധനം, ബാങ്കിങ് സംവിധാനത്തിലെ പോരായ്മകൾ, നികുതിയിലെ പ്രശ്നങ്ങൾ, ജി.എസ്.ടി എന്നിവ മൂലം നമ്മുടെ വ്യവസായികൾ വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്നും രാഹുൽ ഓർമിപ്പിച്ചു.
നേരത്തെ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പങ്കെടുത്ത ഒരു പരിപാടിയിൽ വെച്ച് അന്നപൂർണ്ണ റസ്റ്ററന്റിന്റെ ഉടമ ജി.എസ്.ടിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, അന്നപൂർണ്ണ ഉടമക്ക് മറുപടി നൽകാതെ ചിരിക്കുക മാത്രമാണ് നിർമല സീതാരാമൻ ചെയ്തത്. പിന്നീട് നിർമല സീതാരാമനോട് മാപ്പപേക്ഷിച്ച് അന്നപൂർണ്ണ റസ്റ്ററന്റ് ഉടമ രംഗത്തെത്തുകയും ചെയ്തു. താൻ ഒരു രാഷ്ട്രീയപാർട്ടിയുടേയും ആളല്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് അന്നപൂർണ്ണ ഉടമ വിശദീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.