ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനിക്കും ‘സെബി’ക്കും ഇടക്കാല ക്ലീൻചിറ്റ്
text_fieldsന്യൂഡൽഹി: അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളെ കുറിച്ചുള്ള അന്വേഷണത്തിൽ, ഓഹരി വിപണി നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ഭാഗത്തുനിന്ന് വീഴ്ചകളുണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി സമിതി. ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപിച്ച ഓഹരിയുടെ കൃത്രിമമായ വിലവർധനയും സെക്യൂരിറ്റീസ് നിയമങ്ങളുടെ ലംഘനവും സംബന്ധിച്ച് സെബി ഇതിനകം നടത്തിയ അന്വേഷണങ്ങളിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അദാനി കമ്പനികൾക്കെതിരെ ഒരു കേസും ഉരുത്തിരിഞ്ഞുവന്നിട്ടില്ലെന്നും മുൻ സുപ്രീംകോടതി ജഡ്ജി എ.കെ. സപ്രെ അധ്യക്ഷനായ സമിതി സുപ്രീംകോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ വ്യക്തമാക്കി.
അദാനിക്കും ‘സെബി’ക്കും ഇടക്കാല ക്ലീൻ ചീറ്റ് നൽകിയ സുപ്രീംകോടതി സമിതിയുടെ ഇടക്കാല റിപ്പോർട്ട് കേസിലെ കക്ഷികളുടെ അഭിഭാഷകർ വഴിയാണ് പുറത്തുവന്നത്. ‘അദാനി എനർജി’യുടെ വില ഉയർത്താൻ കൃത്രിമമായ സംഭാവനക്ക് തെളിവില്ല. നിലവിൽ അദാനിയുമായി ബന്ധമുള്ള കക്ഷികളുടെ ഇടപാടോ സെക്യൂരിറ്റി നിയമങ്ങളുടെ ലംഘനമോ കണ്ടെത്തിയിട്ടില്ല. സെബി ഇതുവരെ അന്വേഷിച്ചതിൽ സെബിയുടെ നിയന്ത്രണ സംവിധാനങ്ങൾക്കും വീഴ്ചയില്ല എന്നിങ്ങനെയാണ് ഇടക്കാല റിപ്പോർട്ടിലുള്ളത്.
ജനുവരി 24ന് പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്നാണ് അദാനി കമ്പനികളുടെ ഓഹരിമൂല്യം മൂക്കുകുത്തിവീണതെന്ന് റിപ്പോർട്ടിലുണ്ട്. നിയമം ലംഘിച്ചില്ലെങ്കിലും അദാനി ഓഹരികൾക്ക് വിപണി വില പുനർനിശ്ചയിച്ചു. വിപണി വില പുനർ നിർണയിച്ചതുകൊണ്ട് മാത്രം നിയമലംഘനം നടന്നുവെന്ന് പറയാനാവില്ലെന്ന് ഇടക്കാല റിപ്പോർട്ട് അഭിപ്രായപ്പെട്ടു.
നിലവിൽ സെബി ശേഖരിച്ച വിവരങ്ങളുടെയും നൽകിയ വിശദീകരണങ്ങളുടെയും സ്ഥിതിവിവര കണക്കുകളുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള നിയന്ത്രണ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചുവെന്ന് പറയാനാകില്ല. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട 13 വിദേശ കമ്പനികൾ ഗുണഭോക്താക്കളായ ഉടമകളുടെ വിശദാംശം നൽകിയിട്ടുണ്ട്.
ഇവ ‘പബ്ലിക് ഷെയർ ഹോൾഡിങ്’ കമ്പനികൾ അല്ലെങ്കിൽ മാത്രമാണ്, അദാനി കമ്പനികൾ 1957ലെ ‘സെക്യൂരിറ്റീസ് കോൺട്രാക്റ്റ് റഗുലേഷൻ റൂൾസി’ലെ ‘19 എ’ ചട്ടം ലംഘിച്ചുവെന്ന് പറയാനാവൂ. എന്നാൽ, 13 കമ്പനികളും തങ്ങളുടെ ഉടമകളുടെ വിശദാംശങ്ങൾക്ക് പുറമെ അനധികൃത പണമിടപാട് നിരോധന ചട്ടം ഒമ്പത് പ്രകാരമുള്ള വിവരങ്ങളും സെബിക്ക് നൽകിയെന്നും അത് പ്രകാരം അദാനിക്കെതിരെ നിലവിൽ ഒരു കേസ് ഉരുത്തിരിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഹിൻഡൻബർഗ് റിപ്പോർട്ട് സൃഷ്ടിച്ച സംശയം അവശേഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ സെബി അതിൽ വ്യക്തത വരുത്താൻ അന്വേഷണം തുടരേണ്ടതുണ്ടെന്ന് ബോധിപ്പിച്ചതായും സുപ്രീംകോടതി സമിതി കൂട്ടിച്ചേർത്തു.
പാനൽ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന പോയിന്റുകൾ:
- കൃത്രിമ വ്യാപാരം നടത്തിയതിന്റെയോ മാർക്കറ്റിൽ കൃത്രിമം കാണിക്കുന്നതിനായി ഒരേ സംഘത്തിന് നിരന്തരം വ്യപാരം നടത്തുന്ന വാഷ് ട്രേഡ്സിന്റെയോ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
- വ്യാപാര ദുരുപയോഗത്തിന്റെ തെളിവുകളില്ല.
- മിനിമം പൊതു ഓഹരികൾ നൽകിയതിലും പാർട്ടികളുടെ നിക്ഷേപങ്ങളുടെയും കണക്കുകളിൽ ലംഘനമില്ല.
- പൊതുജനങ്ങൾക്ക് കൈവശം വെക്കാവുന്ന ഓഹരികൾ സംബന്ധിച്ച നിയന്ത്രണങ്ങളിൽ പരാജയപ്പെട്ടിട്ടില്ല.
കൃത്രിമം കാണിച്ചുവെന്ന ആരോപണം കേസായി ഉന്നയിക്കാവുന്ന തരത്തിലുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പാനൽ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.