2.8 കോടിക്ക് വിറ്റ എയർ ഇന്ത്യയെ 18,000 കോടി നൽകി തിരികെയെത്തിച്ച് ടാറ്റ
text_fieldsന്യൂഡൽഹി: 'എയർ ഇന്ത്യക്ക് വീണ്ടും സ്വാഗതം' എന്ന് രത്തൻ ടാറ്റ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചപ്പോൾ ഒരു ബോളിവുഡ് സിനിമയോളം നാടകീയത നിറഞ്ഞ സംഭവങ്ങൾക്കാണ് താൽക്കാലികമായെങ്കിലും തിരശ്ശീല വീഴുന്നത്. വർഷങ്ങൾക്ക് മുമ്പ് 2.8 കോടിക്ക് നെഹ്റു സർക്കാറിന് വിറ്റ എയർ ഇന്ത്യയെന്ന് വിമാനകമ്പനിയെ 18,000 കോടി നൽകി തിരികെയെത്തിച്ചായിരുന്നു രത്തൻ ടാറ്റയുടെ ട്വീറ്റ്.
1932ൽ ജെ.ആർ.ഡി ടാറ്റ സ്ഥാപിച്ച എയർ ഇന്ത്യയെന്ന വിമാനകമ്പനി അദ്ദേഹത്തിന്‍റെ പിറന്നാളിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കേയാണ് വീണ്ടും ടാറ്റ ഗ്രൂപ്പിന്‍റെ കൈകളിലേക്ക് എത്തുന്നത്. 68 വർഷത്തിന് ശേഷം എയർ ഇന്ത്യ കുടുംബത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നുവെന്നാണ് ഇടപാടിനെ കുറിച്ച് പലരും പ്രതികരിച്ചത്.
1907ൽ ഒരു മോണോ പ്ലെയിനിൽ ഇംഗ്ലീഷ് ചാനൽ കടന്ന് ജെ.ആർ.ഡി ടാറ്റ തന്‍റെ വ്യോമയാന സ്വപ്നങ്ങളിലേക്കുള്ള ആദ്യ ചുവടുവെച്ചു. പിന്നീട് 1929ൽ മുംബൈയിലെത്തി ഫ്ലൈയിങ് ക്ലബിനും തുടക്കം കുറിച്ചു. മൂന്ന് വർഷത്തിന് ശേഷം 1932 ടാറ്റ എവിയേഷൻ സർവീസും അദ്ദേഹം ആരംഭിച്ചു. രണ്ട് ലക്ഷം രൂപ മുതൽമുടക്കിലായിരുന്നു സംരംഭം ആരംഭിച്ചത്. ടാറ്റ എയർ മെയിൽ എന്ന പേരിലായിരുന്നു ആദ്യമായി സർവീസിന് തുടക്കം കുറിച്ചത്.
ആദ്യം കാർഗോ വിമാനങ്ങളുടെ സർവീസാണ് തുടങ്ങിയത്. വൈകാതെ ടാറ്റ എയർമെയിൽ ലാഭമുണ്ടാക്കുന്ന കമ്പനിയായി മാറി. 1933ൽ 60,000 രൂപയായിരുന്നു കമ്പനിയുടെ ലാഭം. 1937ൽ ഇത് ആറ് ലക്ഷമായി ഉയർന്നു. 1938ൽ കമ്പനിയുടെ പേര് ടാറ്റ എയർലൈൻസ് എന്നാക്കി മാറ്റി. പിന്നീട് രണ്ടാം ലോകമഹായുദ്ധാനന്തരം 1946ൽ എയർ ഇന്ത്യയെന്ന പേരിൽ ജോയിന്‍റ് സ്റ്റോക്ക് കമ്പനിയായി. സ്വാതന്ത്ര്യാനന്തരം അന്താരാഷ്ട്ര സർവീസ് തുടങ്ങുന്നതിനുള്ള പ്രൊപ്പോസൽ ജെ.ആർ.ഡി ടാറ്റ കേന്ദ്രസർക്കാറിന് കൈമാറി. പിന്നീട് കേന്ദ്രസർക്കാറിന്‍റെ 49 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എയർ ഇന്ത്യ ബോംബെ-ലണ്ടൻ സർവീസിന് തുടക്കം കുറിച്ചു. 1953ൽ ദേശസാൽക്കരണത്തിന്‍റെ ഭാഗമായി 2.8 കോടിക്ക് എയർ ഇന്ത്യയിലെ ടാറ്റയുടെ ഓഹരികൾ കേന്ദ്രസർക്കാർ വാങ്ങി.
സർക്കാർ ഏറ്റെടുത്തുവെങ്കിലും 1978 വരെ ജെ.ആർ.ഡി ടാറ്റയായിരുന്നു എയർ ഇന്ത്യയുടെ ചെയർമാൻ. 1978 ജനുവരി ഒന്നിന് എയർ ഇന്ത്യയുടെ ബോയിങ്വിമാനം അറബിക്കടലിൽ വീണ് 213 പേർ മരിച്ചു. ഈ സംഭവം നടന്ന് ഒരു മാസത്തിനുള്ളിൽ മൊറാർജി ദേശായി സർക്കാർ ജെ.ആർ.ഡി ടാറ്റയെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എയർ ഇന്ത്യയുടെ ശമ്പളം വാങ്ങാത്ത മേധാവിയെ മൊറാർജി സർക്കാർ മാറ്റിയെന്നായിരുന്നു പിറ്റേന്ന് പത്രങ്ങളിൽ വന്ന തലക്കെട്ട്. പിന്നീട് 1980ൽ ഇന്ദിര ഗാന്ധി അധികാരത്തിലെത്തിയപ്പോൾ വീണ്ടും ജെ.ആർ.ഡി ടാറ്റയെ എയർ ഇന്ത്യയുടെ ബോർഡ് ഓഫ് ഡയറക്ടറായി നിയമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.