ഐഫോൺ നിർമ്മിക്കാനൊരുങ്ങി ടാറ്റ; വിസ്ട്രണുമായി ചർച്ച നടത്തി
text_fieldsന്യൂഡൽഹി: ആപ്പിളിന്റെ ഐഫോൺ നിർമ്മാണം നടത്താനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. ഇതുമായി ബന്ധപ്പെട്ട് തായ്‍വാൻ കമ്പനിയുമായി ടാറ്റ ഗ്രൂപ്പ് ചർച്ചകൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഫോണുകളുടെ അസംബ്ലിങ് ആയിരിക്കും ടാറ്റ നിർവഹിക്കുക.
നിലവിൽ ആപ്പിളിനായി ഫോണുകൾ അസംബിൾ ചെയ്യുന്ന വിസ്ട്രൺ കോർപ്പറേഷനുമായാണ് ടാറ്റ ചർച്ച തുടങ്ങിയത്. നിലവിൽ ഇന്ത്യയിൽ ഉപ്പ് മുതൽ സോഫ്റ്റ്വെയർ വരെ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കുന്നുണ്ട്. ഇടപാട് യാഥാർഥ്യമായാൽ ഐഫോൺ നിർമ്മിക്കുന്ന ആദ്യ ഇന്ത്യൻ കമ്പനിയായി ടാറ്റ മാറും.
ഫോക്സോൺ, വിസ്ട്രൺ പോലുള്ള കമ്പനികളാണ് നിലവിൽ ഐഫോൺ നിർമ്മാണം നടത്തുന്നത്. ഇന്ത്യൻ കമ്പനി ഐഫോൺ നിർമ്മാണം നടത്തിയാൽ സാങ്കേതിക മേഖലയിലെ ചൈനയുമായുള്ള പോരാട്ടത്തിന് അത് കൂടുതൽ കരുത്ത് പകരുമെന്നാണ് പ്രതീക്ഷ.
വിസ്ട്രൺ ഇന്ത്യയിൽ ഓഹരി വാങ്ങുകയോ അല്ലെങ്കിൽ ഇന്ത്യയിൽ പുതിയ ഐഫോൺ നിർമ്മാണശാല ടാറ്റ തുടങ്ങുകയോ ചെയ്യുമെന്നാണ് വാർത്തകൾ പറയുന്നത്. അതേസമയം, ചർച്ചകളിൽ ആപ്പിളിന്റെ പങ്കാളിത്തം സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല. എന്നാൽ, വാർത്തയെ കുറിച്ച് പ്രതികരിക്കാൻ വിസ്ട്രൺ തയാറായില്ല.
നേരത്തെ ഇലക്ട്രോണിക്സിനും സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപന്നങ്ങൾക്കുമായിരിക്കും ടാറ്റ ഗ്രൂപ്പ് പ്രാധാന്യം നൽകുകയെന്ന് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടാറ്റ ഗ്രൂപ്പ് ഐഫോൺ നിർമ്മാണത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ പുറത്ത് വന്നത്.
2017 മുതലാണ് കമ്പനിയായ വിസ്ട്രൺ ഇന്ത്യയിൽ ഐഫോൺ നിർമ്മാണം തുടങ്ങിയത്. കർണാടകയിലെ പ്ലാന്റിലാണ് വിസ്ട്രൺ ഫോണുകൾ അസംബ്ലിൾ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.