10 ശതമാനം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങി ടെസ്‍ല
text_fieldsബർലിൻ: ലോകപ്രശസ്ത ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ല 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ആഗോതതലത്തിലാണ് ടെസ്‍ലയുടെ പിരിച്ചുവിടൽ. പല ജീവനക്കാർക്കും ജോലിയിൽ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള ഇമെയിൽ സന്ദേശം ലഭിച്ചിട്ടുണ്ട്. വിൽപന കുറഞ്ഞതാണ് കൂട്ടപിരിച്ചുവിടൽ നടത്താൻ ടെസ്ലയെ പ്രേരിപ്പിക്കുന്നത്.
എല്ലാ അഞ്ച് വർഷം കൂടുമ്പോൾ അടുത്ത ഘട്ടത്തിലേക്കുള്ള വളർച്ചക്ക് വേണ്ടി നമ്മൾ കമ്പനിയെ പുനഃക്രമീകരിക്കാറുണ്ടെന്ന് പിരിച്ച് വിടൽ വാർത്തക്ക് പിന്നാലെ സി.ഇ.ഒ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. അതേസമയം ടെസ്‍ലയിലെ ബാറ്ററി ഡെവലപ്മെന്റ് ചീഫ് ഡ്രു ബാഗിലിനോ പബ്ലിക് പോളിസി വൈസ് പ്രസിഡന്റ് റോഹൻ പട്ടേൽ എന്നിവർ കമ്പനി വിടുമെന്ന് അറിയിച്ചിട്ടുണ്ട്.
2022ലും സമാനമായി ഇലോൺ മസ്ക് ജീവനക്കാരെ പിരിച്ച് വിട്ടിരുന്നു 2021ന്റെ അവസാനം ഒരു ലക്ഷത്തോളം ജീവനക്കാരാണ് ടെസ്‍ലയിൽ ഉണ്ടായിരുന്നതെങ്കിൽ 2023ൽ അത് 140,000മായി ഉയർന്നിരുന്നു.
പിരിച്ചുവിടൽ വാർത്തക്ക് പിന്നാലെ ടെസ്‍ല ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 5.6 ശതമാനം നഷ്ടത്തോടെ 161.48 ഡോളറിലാണ് ടെസ്‍ല വ്യാപാരം അവസാനിപ്പിച്ചത്. മറ്റ് പ്രമുഖ ഇലക്ട്രിക് വാഹനനിർമാതാക്കൾക്കും ഓഹരി വിപണിയിൽ തിരിച്ചടിയേറ്റിരുന്നു. 2.4 മുതൽ 9.4 ശതമാനം വരെ ഇടിവാണ് വിവിധ കമ്പനികൾക്ക് ഓഹരി വിപണിയിൽ ഉണ്ടായത്.
അതേസമയം, വില കുറഞ്ഞ കാർ നിർമിക്കാനുള്ള പദ്ധതി കമ്പനി ഉപേക്ഷിച്ചതാണ് കൂട്ട പിരിച്ചുവിടലിന് കാരണമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട്. 25,000 ഡോളർ വിലവരുന്ന മോഡൽ 2 എന്ന കാർ ടെസ്‍ല നിർമിക്കുമെന്ന് റോയിട്ടേഴ്സ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, മസ്ക് വാർത്ത നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.