ടിക് ടോക് ഇന്ത്യയിലെ മുഴുവൻ ജീവനക്കാരേയും പിരിച്ചുവിട്ടു
text_fieldsന്യൂഡൽഹി: ബൈറ്റാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് ഇന്ത്യയിലെ മുഴുവൻ ജീവനക്കാരേയും പിരിച്ചുവിട്ടു. ഈയാഴ്ച ആദ്യമാണ് ടിക് ടോക് ജീവനക്കാരെ പിരിച്ചുവിട്ട വിവരം പുറത്തുവന്നത്. കമ്പനിയിൽ ബാക്കിയുള്ള 40 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്.
തിങ്കളാഴ്ച കമ്പനി ജീവനക്കാർക്ക് പിങ്ക് സാലറി സ്ലിപ്പുകൾ നൽകിയെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം ടിക് ടോക് എടുത്തിരിക്കുന്നത്. ഫെബ്രുവരി 28 ആയിരിക്കും കമ്പനിയിലെ അവസാന ദിവസമെന്ന് ടിക് ടോക് ജീവനക്കാരെ അറിയിച്ചു.
കേന്ദ്രസർക്കാറിന്റെ ചൈനീസ് ആപുകളോടുള്ള കർശന സമീപനം മൂലം ഇനി പ്രവർത്തനം തുടരാനാവാത്ത സാഹചര്യത്തിലാണ് ടിക് ടോക് മുഴുവൻ ജീവനക്കാരേയും ഒഴിവാക്കിയതെന്നാണ് റിപ്പോർട്ട്. ടിക് ടോക് നിരോധനത്തിന് ശേഷം ഇന്ത്യയിലുണ്ടായിരുന്ന ജീവനക്കാർ ദുബൈ, ബ്രസീൽ മാർക്കറ്റുകൾക്ക് വേണ്ടിയാണ് പ്രവർത്തിച്ചിരുന്നത്. 2020 ജൂണിലാണ് സുരക്ഷ മുൻനിർത്തി ടിക് ടോക് ഉൾപ്പടെ 300ഓളം ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ ടിക് ടോകിന്റെ ഉടമസ്ഥർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.