ട്വിറ്ററിലെ കൂട്ട പിരിച്ചു വിടൽ: ജീവനക്കാരോട് മാപ്പ് പറഞ്ഞ് സ്ഥാപകൻ ജാക് ദോർസി
text_fieldsന്യൂഡൽഹി: ഇലോൺ മസ്ക് ട്വിററർ ഏറ്റെടുത്തതിന് പിന്നാലെ 50 ശതമാനം ജീവനക്കാരെ പിരിച്ചു വിട്ട സംഭവത്തിൽ ട്വിറ്റർ സ്ഥാപകൻ ജാക് ദോർസി ജീവനക്കാരോട് മാപ്പ് പറഞ്ഞു. ട്വിറ്റർ അതിവേഗത്തിൽ വികസിപ്പിച്ചതിൽ താൻ ഖേദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിറ്ററിൽ മുമ്പും ഇപ്പോഴും ഉള്ളവർ ശക്തരും മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ളവരുമാണ്. സാഹചര്യം എത്ര ബുദ്ധിമുട്ടേറിയതാണെങ്കിലും അവർ അതിനൊരു പരിഹാരം കണ്ടെത്തും.
പലർക്കും എന്നോട് ദേഷ്യമുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നുണ്ട്. എല്ലാവരും ഈ അവസ്ഥയിലായതിന്റെ ഉത്തരവാദിത്തം ഞാൻ ഏറെറടുക്കുന്നു. ഞാൻ കമ്പനിയെ പെട്ടെന്ന് വികസിപ്പിച്ചു. അതിന് ഞാൻ ക്ഷമ ചോദിക്കുന്നു' -ദോർസി ട്വീറ്റ് ചെയ്തു.
'ഏതെങ്കിലും സമയത്ത് ട്വിറ്ററിൽ പ്രവർത്തിച്ചിട്ടുള്ള എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്. അത് പരസ്പരമുള്ളതായിരിക്കണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞയാഴ്ച ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്‌ക്, കമ്പനിയുടെ മുൻനിര എക്‌സിക്യൂട്ടീവുകളെയും ബോർഡിനെയും ഏകദേശം 7,500 ജീവനക്കാരെയും ഒഴിവാക്കിയിരുന്നു. പരസ്യക്കാർ പിൻവാങ്ങിയതോടെ ട്വിറ്ററിന്റെ വരുമാനത്തിൽ വൻ ഇടിവ് ഉണ്ടെന്നും മസ്ക് ട്വീറ്റ് ചെയ്തിരുന്നു.
ഈ വർഷം മേയിലാണ് ട്വിറ്റർ ബോർഡിൽ നിന്ന് ജാക്ക് ദോർസി പടിയിറങ്ങിയത്. അദ്ദേഹം സഹസ്ഥാപകനായി 2006-ൽ തുടങ്ങിയതാണ് ട്വിറ്റർ. 2007 മുതൽ ഡയറക്ടറായിരുന്നു. 2015 പകുതി മുതൽ രാജിവെക്കുന്നത് വരെ ട്വിറ്റർ സി.ഇ.ഒ ആയിരുന്നു.
ഇലോൺ മസ്‌കിന് ട്വിറ്ററിന്റെ 18 ദശലക്ഷം ഓഹരികളാണ് വിറ്റത്. ദോർസി കമ്പനിയുടെ പരോക്ഷ ഓഹരിയുടമയായി തുടരുന്നുണ്ട്.
അദ്ദേഹം ഇപ്പോൾ തന്റെ പുതിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ 'ബ്ലൂസ്‌കി'യുടെ പ്രചാരണത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.