ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാനെത്തിയത് 30,000 രൂപയുടെ ടീഷർട്ട് ധരിച്ച്; അൺഅക്കാദമി സി.ഇ.ഒക്കെതിരെ വിമർശനം
text_fieldsന്യൂഡൽഹി: ശമ്പള വർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 30,000 രൂപയുടെ ടീഷർട്ട് ധരിച്ചെത്തിയ അൺഅക്കാദമി സി.ഇ.ഒയുടെ നടപടി വിവാദത്തിൽ. ഗൗരവ് മുൻജാലാണ് ഇക്കുറി ജീവനക്കാർക്ക് ശമ്പളവർധനവില്ലെന്ന് പ്രഖ്യാപിക്കാൻ 400 ഡോളറിന്റെ ടീഷർട്ട് ധരിച്ച് എത്തിയത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപകവിമർശനമാണ് ഉയരുന്നത്. ബർബെറിയുടെ ടീഷർട്ട് ധരിച്ചാണ് മുൻജാൽ എത്തിയത്.
അൺഅക്കാദമിയെ സംബന്ധിച്ചടുത്തോളം ശരാശരി വർഷമായിരുന്നു 2023. 2024ൽ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. വിപണിയിലെ വെല്ലുവിളികൾ മൂലം അൺ അക്കാദമി മോശം പ്രകടനമാണ് നടത്തുന്നത്. ഓഫ്ലൈൻ സെന്ററുകളിൽ നിന്നും പ്രതീക്ഷിച്ച വരുമാനം സ്ഥാപനത്തിന് ഉണ്ടാവുന്നില്ല. ഈയൊരു സാഹചര്യത്തിൽ ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനവ് ഉണ്ടാവില്ലെന്നാണ് ഗൗരവ് മുൻജാൽ പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ട് വർഷമായി പല ജീവനക്കാർക്കും അൺഅക്കാദമിയിൽ ശമ്പള വർധനവ് ലഭിച്ചിട്ടില്ല. ഇത് ചൂണ്ടിക്കാട്ടിയപ്പോൾ തങ്ങളുടെ ഏതിരാളികളും പ്രവർത്തനം നിർത്തുന്ന അവസ്ഥയിലാണെന്നും അൺ അക്കാദമി ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു സി.ഇ.ഒയുടെ മറുചോദ്യം.
എന്തായാലും മുൻജാലിന്റെ വിഡിയോ പുറത്ത് വന്നതിന് പിന്നാലെ റെഡ്ഡിറ്റ് പോലുള്ള സമൂഹമാധ്യമങ്ങളിൽ വിമർശനമുയർന്നു. വിലകൂടിയ അദ്ദേഹത്തിന്റെ ടീഷർട്ട് ചൂണ്ടിക്കാണിച്ചായിരുന്നു വിമർശനം. ഇത്തരം മുതലാളിമാർ സ്വന്തം ജീവിതനിലവാരത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ ജീവനക്കാരുടെ ശമ്പളവർധനവ് പിടിച്ചുവെക്കുകയാണെന്നായിരുന്നു ഉയർന്ന വിമർശനങ്ങളിലൊന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.