കേന്ദ്രബജറ്റ്: വി.ഐക്ക് പണിയാകും; ജിയോക്കും എയർടെല്ലിനും തൽക്കാലത്തേക്ക് ആശ്വസിക്കാം, ചാർജുകൾ വീണ്ടും ഉയരുമോ ?
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാറിന്റെ ആദ്യ ബജറ്റ് ടെലികോം കമ്പനികൾക്ക് സൃഷ്ടിക്കുന്നത് ആശങ്ക. റിലയൻസ് ജിയോക്കും എയർടെല്ലിനും തൽക്കാലത്തേക്ക് ആശ്വസിക്കാമെങ്കിലും ബജറ്റ് വോഡഫോൺ ഐഡിയയെ സംബന്ധിച്ചടുത്തോളം അത്ര ശുഭകരമല്ല. ബജറ്റിൽ മൊബൈൽ ബേസ് സ്റ്റേഷനുകളിൽ ഉപയോഗിക്കുന്ന പ്രിന്റഡ് സർക്യൂട്ട് ബോർഡ് അസംബ്ലി യൂണിറ്റിന്റെ നികുതി കൂട്ടിയതാണ് വി.ഐക്ക് തിരിച്ചടിയാവുക.
അഞ്ച് ശതമാനത്തിൽ നിന്നും ഇറക്കുമതി തീരുവ 15 ശതമാനമായാണ് വർധിപ്പിച്ചിരിക്കുന്നത്. തീരുവ കൂട്ടിയതോടെ രാജ്യത്ത് 5ജി സേവനങ്ങൾ നൽകുന്നതിന് വി.ഐക്ക് കൂടുതൽ പണം ചെലവിടേണ്ടി വരും. അടുത്ത ആറ് മാസത്തിനുള്ളിൽ രാജ്യത്ത് 5ജി സേവനം വ്യാപിപ്പിക്കാനുള്ള നീക്കങ്ങളുമായി വി.ഐ മുന്നോട്ട് പോകുന്നതിനിടെയാണ് ബജറ്റിലെ നികുതി വർധന. പല സെക്ടറുകളിലും 4ജി സേവനം വ്യാപിപ്പിക്കാനും വി.ഐക്ക് പദ്ധതിയുണ്ട്. നിലവിൽ രാജ്യത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളിലും 5ജി സേവനം എത്തിച്ച എയർടെല്ലിനും ജിയോക്കും ബജറ്റ് നിർദേശം തൽക്കാലത്തേക്ക് തിരിച്ചടിയാവില്ല. എങ്കിലും ഭാവിയിൽ ഇവർക്കും തീരുമാനം തിരിച്ചടിയുണ്ടാക്കിയേക്കും.
ഇറക്കുമതി തീരുവ ഉയർത്തിയതോടെ മൊബൈൽ നെറ്റ്‍വർക്ക് സ്ഥാപിക്കാനുള്ള ചെലവ് നാല് മുതൽ അഞ്ച് ശതമാനം വരെ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ ഭാരം കൂടി മൊബൈൽ കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകാനൊരുങ്ങിയാൽ രാജ്യത്തെ ടെലികോം ചാർജുകൾ വീണ്ടും ഉയരും.
അതേസമയം, ബജറ്റിലെ നിർദേശങ്ങളോട് പ്രതികരിക്കാൻ സെല്ലുലാർ ഓപ്പറേറ്റഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ തയാറായിട്ടില്ല. എയർടെൽ, ജിയോ, വി.ഐ തുടങ്ങിയ കമ്പനികളെ അസോസിയേഷനാണ് പ്രതിനിധീകരിക്കുന്നത്. വോഡഫോൺ ഐഡിയയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.