വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്
text_fieldsവാഷിങ്ടൺ: ചൈനീസ് കമ്പനിയായ വാവേയ്ക്ക് ഉപകരണങ്ങൾ നൽകുന്നതിനായി കമ്പനികൾക്ക് അനുവദിച്ച ലൈസൻസ് റദ്ദാക്കി യു.എസ്. ചിപ്പ് അടക്കമുള്ള ഉപകരണങ്ങൾ നൽകുന്നതിനായാണ് യു.എസ് കമ്പനികൾക്ക് ലൈസൻസ് നൽകിയത്. ചൊവ്വാഴ്ചയാണ് വിവിധ കമ്പനികൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. അടിയന്തരമായി ലൈസൻസ് റദ്ദാക്കുന്നുവെന്ന അറിയിപ്പാണ് കമ്പനികൾക്ക് നൽകിയതെന്നാണ് സൂചന.
കഴിഞ്ഞ മാസം വാവേയ് എ.ഐ അധിഷ്ഠിതമായ ലാപ്ടോപ്പായ മേറ്റ്ബുക്ക് എക്സ് പ്രോ പുറത്തിറക്കിയിരുന്നു. ഇന്റലിന്റെ കോർ 9 അൾട്രാ പ്രൊസസറായിരുന്നു ലാപ്ടോപ്പിന് കരുത്ത് പകർന്നത്. ലാപ്ടോപ്പ് പുറത്തിറങ്ങിയതിന് പിന്നാലെ യു.എസ് സർക്കാറിനെതിരെ വിമർശനവുമായി റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇന്റലിന് ചിപ്പ് നൽകാനുള്ള അനുവാദം യു.എസ് നൽകിയതിലായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് ലൈസൻസുകൾ റദ്ദാക്കിയത്. വാവേയ്ക്ക് സാങ്കേതികവിദ്യ നൽകുന്ന ക്വാൽകോമിന്റെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.
വാവേയ്ക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ എടുക്കുന്നതിന്റെ ആദ്യ നടപടിയായാണ് കയറ്റുമതി നിരോധനത്തെ ആളുകൾ വിലയിരുത്തുന്നത്. വരും ദിവസങ്ങളിൽ യു.എസിന്റെ ഭാഗത്ത് നിന്നും വാവേയ്ക്കെതിരെ കൂടുതൽ ശക്തമായ നടപടികളുണ്ടാവുമെന്നാണ് സൂചന. ചിപ്പ് കയറ്റുമതി വിലക്കിയുള്ള യു.എസ് തീരുമാനം വാവേയ്ക്ക് കനത്ത തിരിച്ചടി സമ്മാനിക്കും.
ലാപ്ടോപ്പുകളുടെ നിർമാണത്തിന് പൂർണമായും ഇന്റലിന്റെ ചിപ്പിനെയാണ് വാവേയ് ഇപ്പോഴും ആശ്രയിക്കുന്നത്. വാവേയുമായുള്ള കയറ്റുമതി കരാർ റദ്ദാക്കുന്നത് സാമ്പത്തികമായി ഇന്റലിനും തിരിച്ചടിയാണ്. എന്നാൽ, വാർത്തകളിൽ പ്രതികരിക്കാൻ ഇന്റൽ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.