ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ പോലും ബിസിനസ് നടത്തുന്നു; രാജസ്ഥാനിലെ നിക്ഷേപത്തിൽ രാഹുൽ പ്രശംസിച്ചു -ഗൗതം അദാനി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള തന്റെ ബന്ധത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾക്കെതിരെ വിമർശനവുമായി വ്യവസായി ഗൗതം അദാനി. ഇന്ത്യ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദാനിയുടെ വിമർശനം. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും താൻ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും നിക്ഷേപം നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. 22 സംസ്ഥാനങ്ങളിൽ ഇപ്പോൾ പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഈ സംസ്ഥാനങ്ങൾ എല്ലാം ബി.ജെ.പി ഭരിക്കുന്നവയല്ല. ഞങ്ങൾ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. മമത ദീദിയുടെ പശ്ചിമബംഗാളിലും നവീൻ പട്നായിക്കിന്റെ ഒഡീഷയിലും ജഗ്മോഹൻ റെഡ്ഡിയുടേയും കെ.സി.ആറിന്റെയും സംസ്ഥാനത്തും അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ടെന്ന് ഗൗതം അദാനി പറഞ്ഞു.
മോദിയിൽ നിന്ന് വ്യക്തിപരമായി ഒരു സഹായവും ലഭിച്ചിട്ടില്ല. ദേശീയതാൽപര്യം മുൻനിർത്തി നയങ്ങളെ കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാം. പക്ഷേ ഒരു നയം നടപ്പിലാക്കുമ്പോൾ എല്ലാവർക്കുമായി ദേശീയതാൽപര്യം മുൻനിർത്തിയാവും അത് കൊണ്ടു വരിക. അദാനി ഗ്രൂപ്പിന് മാത്രമായിട്ടല്ല നയങ്ങൾ കൊണ്ടു വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായ്പകളിലൂടെ ജനങ്ങളുടെ വിലപ്പെട്ട ധനം അദാനി ഗ്രൂപ്പ് കൊള്ളയടിക്കുകയാണെന്ന ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ തങ്ങളുടെ വരുമാനം 24 ശതമാനമായി വർധിച്ചുവെന്നും എന്നാൽ, വായ്പകളിലുണ്ടായ വർധനവ് 11 ശതമാനം മാത്രമായിരുന്നുവെന്നായിരുന്നു ഇതുസംബന്ധിച്ച് അദാനിയുടെ മറുപടി. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം വികസന വിരുദ്ധനല്ലെന്നായിരുന്നു അദാനി മറുപടി നൽകിയത്. രാജസ്ഥാനിൽ തങ്ങൾ നടത്തിയ 68,000 കോടിയുടെ നിക്ഷേപത്തെ രാഹുൽ ഗാന്ധി പ്രശംസിച്ചുവെന്നും അദാനി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.