രാത്രി സ്വർണം വീട്ടിൽ കൊണ്ടുപോകരുത്, കടയിൽ സൂക്ഷിക്കാൻ സംവിധാനം ഒരുക്കണം -സ്വർണ വ്യാപാരി സംഘടന
text_fieldsകൊച്ചി: വർധിച്ചുവരുന്ന സ്വർണക്കവർച്ച സ്വർണ വ്യാപാര മേഖലയിൽ ആശങ്ക ഉയർത്തുന്നതായി സ്വർണ വ്യാപാരി സംഘടനയായ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ. വ്യാപാരികൾ രാത്രി സ്വർണം വീട്ടിലേക്ക് കൊണ്ടുപോകരുത്. പകരം, കടകളിൽ തന്നെ സൂക്ഷിക്കാൻ സുരക്ഷിത മാർഗം ഒരുക്കണം. ഇൻഷുറൻസ് പരിരക്ഷ എടുക്കുകയും ചെയ്യണം. സ്വർണാഭരണശാലകൾ കേന്ദ്രീകരിച്ച് പൊലീസിൻറെ രാത്രികാല നിരീക്ഷണം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പെരിന്തൽമണ്ണയിലും കൊടുവള്ളിയിലും ഒരാഴ്ചയ്ക്കിടെ രണ്ട് കവർച്ചയാണ് നടന്നത്. അഞ്ച് കിലോയിൽ അധികം സ്വർണമാണ് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട സ്വർണം പൂർണമായും തിരിച്ചു കിട്ടാറില്ല. പൊലീസ് വീണ്ടെടുത്ത സ്വർണം ഉടമക്ക് തിരികെ നൽകാൻ വലിയ കാലതാമസം എടുക്കുന്നതിനാൽ കട തുറന്ന് പ്രവർത്തിക്കാൻ കഴിയില്ല. സംസ്ഥാനത്ത് സ്വർണക്കള്ളക്കടത്ത് കുറഞ്ഞതോടെ ആ മേഖലയിൽ കാരിയർമാരായി പ്രവർത്തിച്ചവർ സ്വർണ കവർച്ചാ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നതായാണ് പൊലീസ് തന്നെ പറയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ 21ന് രാത്രിയായിരുന്നു പെരിന്തൽമണ്ണയിൽ ജ്വല്ലറി അടച്ചു വീട്ടിലേക്കു പോകുന്ന കടയുടമകളായ സഹോദരങ്ങളെ അക്രമിച്ച് 3.2 കിലോഗ്രാം സ്വർണം തട്ടിയെടുത്തത്. സംഭവത്തിൽ ഇതുവരെ 13 പേർ പിടിയിലായി. 5 പേരെ കണ്ടെത്താനായിട്ടില്ല.
പ്രതികളിൽനിന്ന് 1.723 കിലോഗ്രാം സ്വർണവും 32,79,500 രൂപയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മൂന്നര കിലോയോളം സ്വർണമാണ് പ്രതികൾ തട്ടിയെടുത്തത്. സ്വർണം ഉരുക്കി 7 കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിലൊരാളായ ലിസൺ വിൽപന നടത്തി. ഇതിന്റെ തുകയും മറ്റ് 2 കട്ടികളും ഇയാളുടെ വീട്ടിൽനിന്നും ബാക്കി 4 കട്ടികൾ മറ്റൊരു പ്രതി മിഥുന്റെ വീട്ടിൽനിന്നുമാണ് കണ്ടെത്തിയത്.
സ്വർണം ഉരുക്കാനുപയോഗിച്ച സാധനസാമഗ്രികൾ സതീഷിന്റെ വീട്ടിൽനിന്നു പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ 6 കരിവളകൾ തൃശൂരിലെ ക്ഷേത്രഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പൊലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ നിജിൽരാജ് (35), ആശാരിക്കണ്ടിയിൽ പ്രഭിൻലാൽ (29) എന്നിവരെ 30 വരെയും അർജുൻ, പീച്ചി ആലപ്പാറ സ്വദേശി പയ്യംകോട്ടിൽ സതീഷ് (46), കണ്ണറ സ്വദേശി കുഞ്ഞിക്കാവിൽ ലിസൺ (31), തൃശൂർ വെള്ളാനിക്കര സ്വദേശി കൊട്ടിയാട്ടിൽ സലീഷ് (35), കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുൻ എന്ന അപ്പു (37) എന്നിവരെ ഡിസംബർ 4 വരെയും പൊലീസ് കസ്‌റ്റഡിയിൽ വാങ്ങി.
അതേസമയം, മോഷ്ടിച്ച സ്വർണത്തിന്റെ തൂക്കത്തെകുറിച്ച് മോഷ്ടാക്കളുടെ മൊഴി എന്ന പേരിൽ പൊലീസ് പറയുന്നത് വ്യത്യസ്ത അളവാണ്. 3.2 കിലോഗ്രാം സ്വർണം നഷ്‌ടപ്പെട്ടതായാണ് വ്യാപാരികളുടെ പരാതി. എന്നാൽ, തട്ടിയെടുത്ത സ്വർണം പ്രതികൾ തൂക്കിനോക്കിയതായാണ് പറയുന്നതെന്നും 2.5 കിലോഗ്രാം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നുമാണ് സംഘത്തിന്റെ മൊഴിയെന്ന് ഡി.വൈ.എസ്.പി ടി.കെ.ഷൈജു, പൊലീസ് ഇൻസ്‌പെക്‌ടർ സുമേഷ് സുധാകരൻ, എസ്.ഐ ടി.എ. ഷാഹുൽ ഹമീദ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.