സംരംഭം തുടങ്ങാം; സഹായത്തിന് മുഖ്യമന്ത്രിയുടെ വികസന പദ്ധതി
text_fieldsപുതുതായി തുടങ്ങുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾക്കും, സ്റ്റാർട്ടപ്പുകൾക്കും പ്രയോജനമായി മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയും.
കേരളത്തിലെ യുവാക്കളെ പുതിയ ചെറുകിട സംരംഭകത്വ മേഖലയിലേക്ക് എത്തിക്കുക, സംസ്ഥാനത്തിെൻറ സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ വലിയ മുന്നേറ്റം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കേരള മുഖ്യമന്ത്രിയുടെ പേരിൽ സമഗ്ര സംരംഭകത്വ പദ്ധതി 'ചീഫ് മിനിസ്റ്റേഴ്സ് എൻട്രപ്രണർഷിപ് ഡെവലപ്മെൻറ് പ്രോഗ്രാം' എന്ന പേരിൽ തുടക്കം കുറിച്ചിരിക്കുന്നത്.
ആദ്യമായാണ് കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരിൽ സംരംഭകത്വ വികസന പദ്ധതി ആരംഭിക്കുന്നത്. ജൂലൈ 27ന് ഇതുസംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.
അഞ്ചുവർഷ കാലാവധിയുള്ള പദ്ധതിയിൽ ഓരോ വർഷവും ആയിരം പുതിയ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകർക്ക് സർക്കാർ സബ്സിഡിയോടു കൂടി വായ്പയും 2000 പുതു സംരംഭകർക്ക് സംരംഭകത്വ വികസന പരിശീലനവുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
അഞ്ചുവർഷംകൊണ്ട് പുതിയ 5000 പുതു സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ വാർത്തെടുക്കുകയും 10,000 സംരംഭകർക്ക് പരിശീലനം നൽകുകയുമാണ് പദ്ധതി ലക്ഷ്യംവെക്കുന്നത്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെ.എഫ്.സി) വഴിയാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിൽ വരുത്തുന്നത്. 50 ലക്ഷം രൂപ വരെയുള്ള തുക 10 ശതമാനം പലിശ നിരക്കിൽ കെ.എഫ്.സി വായ്പ നൽകും. മൂന്നു ശതമാനം പലിശ സംസ്ഥാന സർക്കാർ വഹിക്കും.
ഫലത്തിൽ വായ്പയുടെ ഏഴ് ശതമാനം പലിശ മാത്രമേ ഗുണഭോക്താവ് വഹിക്കേണ്ടിവരൂ. പ്രധാനമായും രണ്ടു ഘടകങ്ങളാണ് പദ്ധതിയിലുള്ളത്, ഏഴ് ശതമാനം നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പയും അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമഗ്ര സംരംഭകത്വ വികസന പരിപാടിയും മാർഗനിർദേശങ്ങളും.
കെ.എഫ്.സി ഇതിനായി 1500 കോടി രൂപയാണ് കണ്ടെത്തുന്നത്. മൂന്നു ശതമാനം പലിശ സബ്സിഡിക്കായി 13.5 കോടി രൂപ സർക്കാർ വർഷംതോറും നൽകും.
നിബന്ധനകൾ
- എം.എസ്.എം.ഇ ആക്ടിെൻറ പരിധിയിൽ വരുന്ന, കേരളത്തിൽ ആരംഭിക്കുന്ന പുതു സംരംഭമോ, അല്ലെങ്കിൽ കേരള സ്റ്റാർട്ടപ്പിനു കീഴിൽ വരുന്ന കേരളത്തിൽ ആരംഭിക്കുന്ന സ്റ്റാർട്ടപ്പുകളോ ആയിരിക്കണം.
- പ്രായപരിധി 18നും 50നും ഇടയിൽ ആയിരിക്കണം.
- സ്ഥിരം ജീവനക്കാരൻ ആയിരിക്കരുത്.
- പദ്ധതിയുടെ 90 ശതമാനം വരെയാണ് വായ്പ (പരമാവധി 50 ലക്ഷം രൂപ) അനുവദിക്കുക. ബാക്കി 10 ശതമാനം ഗുണഭോക്താവിെൻറ വിഹിതമായി നിക്ഷേപിക്കണം.
- പരമാവധി 50 ലക്ഷം രൂപ വരെയാണ് കെ.എഫ്.സി ഏഴ് ശതമാനം പലിശക്ക് നൽകുന്നത്. അതിനു മുകളിലാണ് പദ്ധതിയുടെ ചെലവ് എങ്കിൽ കൂടുതൽ വരുന്ന തുക ഗുണഭോക്താവ് പുറമേനിന്ന് കണ്ടെത്തണം.
- പ്രോജക്ട് റിപ്പോർട്ട്, ഫീസിബിലിറ്റി റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിൽ വിജയസാധ്യതയുള്ള പദ്ധതികൾക്കായിരിക്കും വായ്പ അനുവദിക്കുക.
- ലളിതവും ഉദാരവുമായ സെക്യൂരിറ്റികൾ ഇതിന് നൽകേണ്ടിവരും.
- തിരിച്ചടവിന് അഞ്ചു വർഷമാണ് കാലാവധി എങ്കിലും പദ്ധതിയുടെ സ്വഭാവമനുസരിച്ച് തിരിച്ചടവ് കാലാവധി മാറ്റം വരാം.
- ഒരു വർഷം വരെ മൊറട്ടോറിയം പരിഗണനയിലുണ്ട്. എങ്കിലും മൊറട്ടോറിയം കാലാവധിയിൽ പലിശ നൽകേണ്ടിവരും.
- തിരഞ്ഞെടുക്കപ്പെടുന്നവർ അഞ്ചു ദിവസത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കണം.
അപേക്ഷ
കെ.എഫ്.സിയുടെ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകെൻറ തിരിച്ചറിയൽ രേഖകൾ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഓൺലൈനായി നൽകണം.
കെ.എഫ്.സിയുടെ ബ്രാഞ്ച് കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ബ്രാഞ്ച് ഹെഡ് ചെയർമാനും വ്യവസായ വകുപ്പിെൻറ വിദഗ്ധനും ബാങ്കിങ് വിദഗ്ധനും കെ.എഫ്.സിയുടെ നോഡൽ ഓഫിസറും അടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തുക. തുടർന്ന് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സമഗ്ര സംരംഭകത്വ വികസന പരിശീലനവും മാർഗനിർദേശവും ഉണ്ടാകും. തെരഞ്ഞെടുപ്പ് പരിശീലനവും ഓൺലൈൻ വഴിയാകും.
കെ.എസ്. സഫീർ
kssafeer@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.