ലോക്ഡൗണിൽ കൂപ്പുകുത്തിയ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുക്കലിൽ പ്രധാനം സ്ത്രീ പങ്കാളിത്തമോ?
text_fieldsന്യൂഡൽഹി: കോവിഡ് 19നെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ്വ്യവസ്ഥയെ കരകയറ്റാൻ എന്തുചെയ്യാൻ സാധിക്കും. 'തൊഴിൽ' ആണ് പ്രധാനമെന്ന് പറയുേമ്പാൾ അവിടെ മനസിലാക്കേണ്ട പ്രധാന വസ്തുത ലിംഗ അസമത്വമായിരിക്കണം. സ്ത്രീക്കും പുരുഷനും സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് പ്രധാനപങ്കുണ്ട്. സ്ത്രീകൾ വരുമാനമില്ലാതെ വീട്ടുേജാലിയിൽ മുഴുകുകയും പുരുഷൻമാർ മാത്രം രാജ്യത്ത് തൊഴിൽ മേഖലകളിലേക്ക് ഇറങ്ങുകയും ചെയ്യുന്നത് ഒരിക്കലും വളരുന്ന സമ്പദ്വ്യവസ്ഥക്ക് ഭൂഷണമാകില്ല. സ്ത്രീകളുടെയും പുരുഷൻമാരുടെയും ജനസംഖ്യ കണക്കിലെടുക്കുേമ്പാൾ തൊഴിൽ മേഖലകളിലെ അന്തരം മനസിലാക്കാനാകും.
2019ൽ കോവിഡിന് മുമ്പുള്ള ചില കണക്കുകൾ പരിേശാധിക്കാം. രാജ്യത്തെ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം 20.5 ശതമാനമായിരുന്നു. ദക്ഷിണേഷ്യയിൽ 23.5 ശതമാനവും. എന്നാൽ ലോകബാങ്കിന്‍റെ തന്നെ കണക്കുപ്രകാരം പുരുഷൻമാരുടേത് ഇന്ത്യയിൽ 76 ശതമാനവും ദക്ഷിണേഷ്യയിൽ 77ശതമാനവും.
ദക്ഷിണേഷ്യയെക്കോൾ തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തമുള്ളത് മിഡിൽ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും മാത്രം.
ലോകത്തെ പിടിച്ചുകുലുക്കിയ മഹാമാരി സ്ഥിതി ഇതിലും മോശമാക്കിയെന്നുവേണം പറയാൻ. സ്ത്രീകൾ തൊഴിലെടുത്തിരുന്ന മേഖലകൾ പ്രത്യേകിച്ച്. കാരണം മഹാമാരി ഏറ്റവുമധികം നാശം വിതച്ചത് വനിത തൊഴിൽ സംരംഭക മേഖലകളിലായിരുന്നു.
ലോകത്തുതന്നെ പുരുഷൻമാരുടെ െതാഴിൽ മേഖലകളെക്കാൾ 19 ശതമാനം അധികമായിരുന്നു സ്ത്രീ തൊഴിൽ മേഖലകൾ നേരിടുന്ന പ്രതിസന്ധി. 2019 ആഗസ്റ്റിനെ അപേക്ഷിച്ച് 2020 ആഗസ്റ്റിൽ സ്ത്രീ തൊഴിലാളികളുടെ എണ്ണത്തിൽ 9.5ശതമാനം ഇടിവുണ്ടായി. പെൺകുട്ടികൾക്ക് തൊഴിൽ നഷ്ടപ്പെട്ടതോടെ വിവാഹ വെബ്സൈറ്റുകളിലെ പുതിയ രജിസ്ട്രേഷനിൽ 30ശതമാനം വളർച്ചയുണ്ടായതായാണ് കണക്ക്. ദക്ഷിണേഷ്യയിൽ 2,00,000ത്തിലധികം പെൺകുട്ടികൾക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹജീവിതത്തിലേക്ക് പ്രവേശിക്കേണ്ടിവന്നതായും പറയുന്നു.
സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് മുമ്പിൽ ഒരിക്കലും സ്ത്രീ പുരുഷ വിവേചനമില്ല. എന്നാൽ സമൂഹത്തിൽ നിലനിൽക്കുന്ന അസമത്വത്തിലൂടെ ഇവയുടെ ആക്കം കൂടാൻ കാരണമാകുന്നു. രാജ്യത്ത് തൊഴിൽ മേഖലകളിൽ സ്ത്രീ പങ്കാളിത്തം കുറയുന്നതിന്‍റെ ചില പ്രധാന വസ്തുതകളും അവയുടെ പരിഹാരവും നോക്കാം.
സ്ത്രീകളുടെ തൊഴിലിനെപറ്റി ചർച്ച ചെയ്യുേമ്പാൾ ആദ്യം മുമ്പിലെത്തുന്ന ചോദ്യം കുട്ടികളുടെ പരിചരണമാകും. അതായാണ് സ്ത്രീകൾ തൊഴിലെടുക്കുന്ന പ്രധാന മേഖല സ്വന്തം വീടുകളാണെന്ന് അർഥം. ഇന്ത്യയിൽ 76 ശതമാനവും നേപ്പാളിൽ 89 ശതമാനവും ബംഗ്ലാദേശിൽ 71 ശതമാനവും പാകിസ്താനിൽ 66 ശതമാനവും സ്വന്തം കുടുംബത്തിൽ തൊഴിൽ ചെയ്യുന്നവരാണ്. സ്ത്രീകളെ തൊഴിൽ മേഖലകളിലേക്ക് കൊണ്ടുവരുന്നതിനായി ശിശു വികസന കേന്ദ്രങ്ങൾ വഴി കുഞ്ഞുങ്ങളെ പരിചരിക്കുന്നതിന് പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്നില്ലെന്നതാണ് സത്യം. സർക്കാർ, സംഘടിത മേഖലകളിൽ തൊഴിെലടുക്കുന്ന സ്ത്രീകൾക്ക് പ്രസവത്തിനും കുഞ്ഞുങ്ങളുടെ പരിരക്ഷക്കും ശമ്പളത്തോടുകൂടിയുള്ള അവധി ലഭിക്കും. കൂടാതെ പിതാവിന് ശമ്പളത്തോടു കൂടിയ പെറ്റേണിറ്റി അവധിയും. അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന സ്ത്രീകൾക്ക് ഇത് ലഭിക്കാറില്ല. പിതാവിന് അവധിയും ലഭിക്കില്ല. ഇവിടെ സ്ത്രീകൾ കുട്ടികളെ നോക്കുേമ്പാൾ പുരുഷൻമാർ ജോലിക്ക് പോകും. ജോലിക്ക് പോകാതിരുന്നാൽ സാമ്പത്തിക ക്രമവും താളംതെറ്റും. ഇതോടെ ശിശുപരിചരണം സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമായി മാറുകയും സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുകയും ചെയ്യും.
ഡിജിറ്റൽ മേഖലയിലെ വേർതിരിവും സ്ത്രീ പങ്കാളിത്തം കുറക്കുന്നതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ 2019ലെ ഇന്‍റർനെറ്റ് ഉപഭോക്താക്കളുടെ കണക്കെടുക്കുേമ്പാൾ 67ശതമാനം പുരുഷൻമാരും 33ശതമാനം സ്ത്രീകളുമാണ്. ഗ്രാമപ്രദേശങ്ങളിലേക്കെത്തുേമ്പാൾ വിടവ് കൂടുതൽ വലുതാകും. വിദ്യാഭ്യാസം, ആരോഗ്യ -സാമ്പത്തിക സേവനങ്ങൾ നേടുന്നതിനും പ്രവർത്തനങ്ങളിലും മേഖലകളിലും വിജയം കൈവരിക്കുന്നതിനും ഈ അന്തരം സ്ത്രീകൾക്ക് തടസമാകും. എന്നാൽ, ഈ പ്രതിസന്ധിയെ മറികടക്കാൻ പൊതു, സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ഫലപ്രദമായി ഉപയോഗിക്കാനാകും. കൂടാതെ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയവ നൽകുന്നതിലൂടെ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്നതിന് സ്ത്രീകൾക്ക് സാധിക്കും. അതിനാൽതന്നെ ഇത്തരം സാങ്കേതിക വിദ്യയുടെ അപര്യാപ്തത പരിഹരിക്കേണ്ടതുണ്ട്.
ആദായ നികുതി സമ്പ്രദായത്തിന് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിന് പ്രധാന പങ്കുവഹിക്കാൻ സഹായിക്കും. സ്ത്രീകൾക്ക് കുറഞ്ഞ നികുതി നടപ്പാക്കുന്നതുവഴി അവരുടെ വരുമാനം ഉയർത്താൻ സാധിക്കും. തൊഴിൽ മേഖലയിൽ സ്ത്രീ പങ്കാളിത്തം കുറവായതിനാൽതന്നെ ഇത്തരമൊരു നീക്കം പൊതു ധനകാര്യമേഖലയിൽ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കാനിടയില്ല.
സ്ത്രീ പുരുഷ അനുപാതത്തിലെ വിടവുകൾ നികത്തുകയാണ് മെറ്റാരു മാർഗം. ഓരോ മേഖലയിലും സ്ത്രീ പുരുഷ അനുപാതം മനസിലാക്കുകയും അവയുടെ വിടവ് കുറച്ചുകൊണ്ടുവരാൻ ശ്രമിക്കുകയും വേണം. ഇതിൽ ഏറ്റവും പ്രാധാന്യം വിദ്യാഭ്യാസത്തിന് തന്നെ നൽകുകയും വേണം. വിവര ലഭ്യതയുടെ അടിസ്ഥാനത്തിൽ കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെങ്കിൽ തൊഴിൽ മേഖലയിലെ സ്ത്രീ പങ്കാളിത്തം ഉറപ്പുവരുത്താനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.