സ്നേഹം വിളമ്പുന്ന നാട്
text_fieldsദേരയിലെ ജോയ് ആലുക്കാസ് ഹെഡ് ഒാഫിസിൽ ചെയർമാെൻറ ചെയറിനോട് ചേർന്ന് ഒരു ചിത്രം വെച്ചിട്ടുണ്ട്. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൽ നിന്ന് ജോയ് ആലുക്കാസ് പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രം. അനേകം അവാർഡ് ചിത്രങ്ങൾ ആ മുറിയിൽ ഉണ്ടെങ്കിലും ഇൗ ചിത്രം എന്തുകൊണ്ടാണ് ഇങ്ങനെ കണ്ണെത്തും ദൂരത്ത് വെച്ചിരിക്കുന്നതെന്ന് ചോദിച്ചാൽ ജോയ് ആലുക്കാസിെൻറ മറുപടി ഇതായിരിക്കും 'അദ്ദേഹം എെൻറ റോൾ മോഡലാണ്. നേതൃഗുണം എന്താണെന്ന് എന്നെ പഠിപ്പിച്ച റോൾ മോഡൽ. മരുഭൂമിക്ക് നടുവിൽ മഹാനഗരം കെട്ടിപ്പടുത്ത നേതാവ്. എങ്ങിനെ വളർച്ചയുണ്ടാക്കാമെന്ന് കാണിച്ചുതന്ന ദീർഘദർശി. അതുകൊണ്ട്, എെൻറ ജീവിതത്തിലെ ഏറ്റവും പ്രിയെപ്പട്ട പുരസ്കാരം ഇതാണ്. അദ്ദേഹത്തിന് കൈകൊടുക്കാൻ കഴിഞ്ഞു എന്നത് തന്നെ വലിയ ഭാഗ്യമല്ലേ'. 1980കളുടെ മധ്യത്തോടെ മരുഭൂമിയിൽ സ്വർണ ബിസിനസിെൻറ അനന്ത സാധ്യതകൾ തുറന്ന ജോയ് ആലുക്കാസിന്, അടുത്ത സുഹൃത്തുക്കളുടെ ജോയ് ഏട്ടന് യു.എ.ഇ എന്നാൽ രണ്ടാം വീടല്ല, ഒന്നാം വീട് തന്നെയാണ്. യു.എ.ഇ രൂപവത്കരണത്തിെൻറ 50 ആണ്ട് പിന്നിടുേമ്പാൾ അതിൽ 35 വർഷവും ഇൗ രാജ്യത്തിെൻറ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നയാളാണ് ജോയ് ആലുക്കാസ്.
അബൂദബിയിൽ തുടക്കം
പരമ്പരാഗതമായി സ്വർണക്കച്ചവടക്കാരാണ് ആലുക്കാസ് കുടുംബം. കേരള രൂപവത്കരണത്തിന് മുൻപേ ജൂവല്ലറി തുടങ്ങിയയാളാണ് പിതാവ് ആലുക്ക ജോസഫ് വർഗീസ്. '80കളുടെ തുടക്കത്തിൽ പിതാവിനൊപ്പം ജൂവല്ലറിയിൽ പോയ സമയത്താണ് ജോയ് ആലുക്കാസിെൻറ മനസിൽ ഗൾഫ് സ്വപ്നം പൂവിട്ട് തുടങ്ങിയത്. ആഡംബര കാറിൽ ബെൽബോട്ടമൊക്കെയിട്ട് സ്വർണം വാങ്ങാനെത്തിയിരുന്ന ഗൾഫുകാരാണ് ജോയ്യുടെ മനസിലേക്ക് ഇടിച്ചുകയറിയത്. വീട്ടിൽ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതിച്ചില്ല. കുറേ നിർബന്ധിച്ചപ്പോൾ 'ദുബൈയൊക്കെ ഒന്ന് കണ്ടിട്ട് തിരിച്ചുപോരണം' എന്ന ഗ്രീൻസിഗ്നൽ കിട്ടി. വിവാഹം കഴിഞ്ഞ സമയമാണ്. ഗൾഫിൽ പരിചയക്കാർ ആരുമില്ല. ജൂവല്ലറിയിലെ തട്ടാെൻറ മകൻ റാസൽഖൈമയിലുണ്ടായിരുന്നു. അദ്ദേഹമാണ് വിസയെടുത്തത്. ആ ധൈര്യത്തിൽ റാസൽഖൈമയിലെത്തി. മണൽപരപ്പും മലനിരകളും മാത്രമുള്ള റാസൽഖൈമ കണ്ടപ്പോൾ ജോയ്യുടെ ഉള്ളിലെ 'ഗൾഫ്' വീണുടഞ്ഞു. രണ്ട് മാസം കഴിഞ്ഞ് ദുബൈയിലെത്തിയപ്പോഴാണ് ആശ്വാസമായത്.
മലയാളികളുടെ ചെറിയ സ്വർണക്കടകൾ ഇവിടെയുണ്ടായിരുന്നു. ഇന്ത്യയിൽ ഗോൾഡ് ആക്ട് നിലവിലുണ്ടായിരുന്ന സമയമാണത്. 24 കാരറ്റ് സ്വർണം കൈവശം വെക്കുന്നതിന് നിയന്ത്രണങ്ങളുണ്ടായിരുന്നു. അതിനാൽ, സിനിമ സ്റ്റൈൽ കള്ളക്കടത്ത് വ്യാപകമായിരുന്നു. സാധാരണ ഗൾഫുകാരൻ നാട്ടിലെത്തിയാൽ ആദ്യം ചോദിക്കുക എത്ര സ്വർണം കൊണ്ടുവന്നു എന്നാണ്. നിയന്ത്രമുള്ളതിനാൽ നാട്ടിൽ വില കൂടുതലയായിരുന്നു.
സ്വർണക്കട തുടങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടുകാർ സമ്മതിച്ചില്ല. ഇറാഖ്^ഇറാൻ യുദ്ധം നടക്കുന്ന സമയമായതിനാൽ അവർ ആശങ്കയിലായിരുന്നു. വീണ്ടും സമ്മർദം ചെലുത്തിയപ്പോൾ അരമനസോടെ സമ്മതം നൽകി. 87ലാണ് ചെറുതായി തുടങ്ങിയത്. പഠിക്കാൻ ലക്ഷ്യമിട്ടായിരുന്നു തുടക്കം. 1988 ജനുവരിയിൽ ആദ്യത്തെ ജൂവല്ലറി ഒൗദ്യോഗികമായി തുറന്നു. അബൂദബിയിലായിരുന്നു ഷോപ്പ്. ദുബൈയുടെ സാധ്യത മനസിലാക്കിയതോടെ ആറ് മാസത്തിനകം ദുബൈയിലെ ജൂവല്ലറി തുറന്നു. ഒാരോ ശാഖകൾ വ്യാപിച്ചുവന്നപ്പോഴാണ് ഗൾഫ് യുദ്ധം നടക്കുന്നത്. ഇവിടെ നിരവധി കുവൈത്തുകാർ ഉണ്ടായിരുന്നതിനാൽ യു.എ.ഇയുടെ നിരത്തുകളിലും അമേരിക്കൻ സൈന്യം നിരന്നു. ഇതോടെ കടകൾ പൂട്ടി നാട്ടിലേക്ക് പോകേണ്ടി വന്നു. യുദ്ധം കെട്ടടങ്ങിയപ്പോൾ മടങ്ങിയെത്തി പുനരാരംഭിക്കുകയായിരുന്നു. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 97ൽഖത്തറിൽ തുറന്നു. പിന്നീട് ഒമാനിലും കുവൈത്തിലും ബഹ്റൈനിലും സൗദിയിലുമെല്ലാം ഷോപ്പുകൾ തുറന്നു. 2000ൽ ആണ് ആലുക്കാസ് ഗ്രൂപ്പ് വഴിപിരിയുന്നത്. 2002ൽ ജോയ് ആലുക്കാസ് എന്ന പേര് സ്വീകരിച്ചു. അതേവർഷം കോട്ടയത്ത് ആദ്യമായി ജോയ് ആലുക്കാസ് തുടങ്ങി.
പരീക്ഷണകാലം:
ഒരേഗ്രൂപ്പിന് കീഴിൽ നിരവധി സ്ഥാപനങ്ങൾക്ക് സാധ്യതയുണ്ടെന്ന് 90കളുടെ തുടക്കത്തിൽതന്നെ തെളിയിച്ചയാളാണ് ജോയ് ആലുക്കാസ്. ജീവനക്കാർക്ക് യൂനിഫോം എന്ന സങ്കൽപവും അദ്ദേഹം കൊണ്ടുവന്നു. 1991ലാണ് ആലുക്കാസ് ഗ്രൂപ്പിൽ ആദ്യമായി യൂനിഫോം ഏർപെടുത്തിയത്. യു.എ.ഇയിൽ വെള്ളിയാഴ്ചകളിൽ കടതുറക്കുന്ന പതിവ് അന്ന് ഉണ്ടായിരുന്നില്ല. ഒരിക്കൽ വെള്ളിയാഴ്ച കടതുറന്നു. നമസ്കാര സമയത്ത് മാത്രം അടച്ചിട്ടു. പിന്നീട് പതുക്കെ നമസ്കാര സമയത്തും കട തുറന്നു. ആരും ചോദിക്കാനോ കട അടപ്പിക്കാനോ എത്തിയില്ല. ഇതോടെ മറ്റ് സ്ഥാപനങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നു.
നാട്ടിലും ഇൗ പരീക്ഷണം നടത്തി വിജയിച്ചു. ഹർത്താൽ ദിനങ്ങളെ അതിജീവിക്കാനാണ് ഞായറാഴ്ച കട തുറന്നുതുടങ്ങിയത്. പിന്നീട് പലരും ഇൗ പാത പിന്തുടർന്നു. ഇപ്പോൾ ഭൂരിപക്ഷം സ്ഥാപനങ്ങളും ഞായറാഴ്ച തുറന്നിരിക്കുന്നു.
തെൻറ വളർച്ചയുടെ ക്രെഡിറ്റ് ജീവനക്കാർക്ക് നൽകുകയാണ് അദ്ദേഹം. 8000ഒാളം ജീവനക്കാരുണ്ട്. ഒരു കുടുംബം പോലെയാണ് ഞങ്ങൾ. ജീവനക്കാരാണ് ഇൗ സ്ഥാപനത്തിെൻറ നെട്ടല്ല്. 85^90 ശതമാനവും യുവരക്തങ്ങളാണ്. അവർ ഇല്ലെങ്കിൽ ഇൗ സ്ഥാപനവുമില്ലെന്ന് ജോയ് പറയുന്നു.
ജാസിം അൽ ഹസാവിയുടെ സഹായം
ഡിഫൻസിൽ മേജറായിരുന്ന ജാസിം മുഹമ്മദ് ഇബ്രാഹിം അൽ ഹസാവി അൽ തമീമിയായിരുന്നു പാർട്ണറും സ്പോൺസറും. അധികം അറബികളുമായി പരിചയമില്ലെങ്കിലും ജാസിമിെൻറ സഹായം മറക്കാനാവില്ലെന്ന് ജോയ് ആലുക്കാസ് പറയുന്നു. ഒരു കുടുംബം പോലെയാണ്. നാട്ടിലും അവർ എത്തിയിരുന്നു. ഇപ്പോൾ 100 ശതമാനം ഉടമസ്ഥാവകാശവും ആലുക്കാസിെൻറ പേരിലാണെങ്കിലും പാർട്ണർ എന്ന നിലയിൽ തന്നെയാണ് ജാസിമിനെ കാണുന്നത്. തുടക്കകാലത്ത് രേഖകളുടെ നൂലാമാലകളുടെ കെട്ടഴിക്കാനും മറ്റും ജാസിം ഏറെ സഹായിച്ചു. അദ്ദേഹം മാത്രമല്ല, ഇവിടെയുള്ള ഒരു പൗരനെകുറിച്ചും മോശം പറയാനില്ല എന്നാണ് ജോയ് പറയുന്നത്.
ശൈഖ് മുഹമ്മദാണ് ഹീറോ
ചെറുപ്പകാലത്ത് റോൾ മോഡൽ അഛനായിരുന്നെങ്കിൽ യു.എ.ഇയിൽ എത്തിയ ശേഷം ശൈഖ് മുഹമ്മദിെൻറ ഫാനാണ് ജോയ് ആലുക്കാസ്. അദ്ദേഹം ദുബൈയിൽ കൊണ്ടുവന്ന മാറ്റങ്ങളാണ് ഇതിന് കാരണം. മറ്റ് രാജ്യങ്ങളുമായി കിടപിടിക്കാവുന്ന രീതിയിലേക്ക് യു.എ.ഇയെ മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞു. എണ്ണയോ പണമോ ഉണ്ടോ എന്നതിലല്ല കാര്യം, ചിട്ടയായ ഭരണവും പ്രജകളുടെ ക്ഷേമവുമാണ് ശൈഖ് മുഹമ്മദിെൻറ ഏറ്റവും വലിയ ഗുണങ്ങളായി ജോയ് വിലയിരുത്തുന്നത്. മറ്റുള്ള രാജ്യക്കാരെ അംഗീകരിക്കാൻ അവർക്ക് ഒരു മടിയുമില്ല. അമ്പലം, പള്ളികൾ, കൃസ്തീയ ദേവാലയങ്ങൾ എല്ലാം ഇവിടെയുണ്ട്. ലോകത്ത് സഹിഷ്ണുത മന്ത്രിയുള്ള ഏക രാജ്യമാണിത്. മറ്റ് മതങ്ങളെ അധിക്ഷേപിച്ചാൽ ഇവർ കണ്ടുനിൽക്കില്ല. ഇതുപോലൊരു സമയത്ത് എക്സ്പോ പോലൊരു മഹാമേള നടത്താൻ ഇവർക്കേ കഴിയൂ. കോവിഡ്കാലത്ത് പ്രവാസികൾക്ക് ചെയ്ത സേവനം മറക്കാൻ കഴിയുമോ. വൃത്തി, സുരക്ഷ, റോഡ്, ഡിസൈൻ... എല്ലാത്തിലും നമ്പർ വണ്ണാണ്. മരുഭൂമിയിലാണോ ഇതെല്ലാം കെട്ടിപ്പൊക്കിയത് എന്ന് തോന്നിപ്പോകും. നമുക്ക് അഞ്ച്, പത്ത് വർഷത്തെ പ്ലാൻ മാത്രമേ ഉള്ളൂ. ഇവർ 100 വർഷത്തെ പദ്ധതികൾ മുൻകൂട്ടി തീരുമാനിച്ച് നടപ്പാക്കുന്നവരാണ്.
യു.എ.ഇ വിെട്ടാരു ജീവിതമില്ല
യു.എ.ഇ നൽകിയ സ്നേഹത്തെ കുറിച്ച് പറഞ്ഞ് തുടങ്ങിയാൽ ജോയ് ആലുക്കാസിന് നൂറുനാവാണ്. 'ദുബൈ ഹിൽസിൽ പുതിയൊരു വീട് പണിയുന്നുണ്ട്. മൂന്ന് വർഷം കഴിയണം അത് പൂർത്തിയാകാൻ. പലരും ചോദിക്കാറുണ്ട് മൂന്ന് വർഷത്തിന് ശേഷം താമസിക്കാനുള്ള വീട് എന്തിനാണ് ഇവിടെ പണിയുന്നത്, നാട്ടിൽ പണിത് കൂടെ എന്ന്. ഇതാണ് എെൻറ നാട് എന്നാണ് അവരോട് പറയാനുള്ളത്. എെൻറ ജീവിതത്തിെൻറ ഭൂരിപക്ഷവും ചെലവഴിച്ചത് ഇവിടെയാണ്. ഇവിടെ തന്നെ ജീവിച്ച് മരിക്കാനാണ് ഇഷ്ടം. ഒരു റിട്ടയർമെൻറ് ലൈഫിനെ കുറിച്ച് ആലോചിക്കാനേ കഴിയില്ല. എെൻറ കുടുംബവും സുഹൃത്തുക്കളുമെല്ലാം ഇവിടെയാണ്. നാട്ടിൽ നിന്ന് വരുേമ്പാൾ 'ഞാനെെൻറ വീട്ടിലേക്ക് പോകുന്നു' എന്ന് പറഞ്ഞാണ് ഇറങ്ങുന്നത്. വൃത്തിയിൽ ഒരു സ്ഥാപനം നടത്താൻ കഴിയാവുന്ന നിലയിലേക്ക് എന്നെ എത്തിച്ചത് യു.എ.ഇയാണ്. നാട്ടിലായിരുന്നെങ്കിൽ എനിക്ക് ഇൗ വളർച്ചയുണ്ടാകില്ലായിരുന്നു. ഇൗ പുണ്യഭൂമിയിൽ എത്താൻ കഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു. ഇൗ രാജ്യത്തിെൻറ വളർച്ചക്കൊപ്പം എനിക്കും വളരാൻ കഴിഞ്ഞു. ഇൗ നാട്ടിലെ ഭരണാധികാരികളും പൗരൻമാരും മറ്റുള്ളവരോട് കാണിക്കുന്ന സ്നേഹവും താൽപര്യവും എത്രയോ വലുതാണ്. ഇവിടെ നിന്നുണ്ടാക്കുന്ന പണം മുഴുവൻ നമ്മൾ നാട്ടിലേക്ക് അയച്ചാലും അവർക്ക് യാതൊരു കുഴപ്പവുമില്ല.
എെൻറ കുടുംബത്തിനും യു.എ.ഇ അങ്ങിനെ തന്നെയാണ്. മകൻ ജോൺ പോൾ ജനിച്ചത് നാട്ടിലാണെങ്കിലും ഒരുവയസുള്ളപ്പോൾ ഇവിടേക്ക് വന്നു. മേരി ജെനിയും എൽസയും ജനിച്ചത് ഇവിടെയാണ്. അവരുടെ സുഹൃത്തുക്കളെല്ലാം ഇവിടെയാണ്. നാട്ടിൽ പോയാലും രണ്ട് ദിവസം കഴിയുേമ്പാൾ ഇവിടെയെത്തും. ഇപ്പോൾ 11 രാജ്യങ്ങളിലായി 150 റിെട്ടയിൽ ജൂവല്ലറികളുണ്ട്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചുണ്ട്. എല്ലാത്തിെൻറയും തുടക്കം യു.എ.ഇയാണ്. അതിന് തീർത്താൽ തീരാത്ത കടപ്പാട് ഇൗ രാജ്യത്തോടുണ്ട്' -ജോയ് ആലുക്കാസിെൻറ വാക്കുകളിൽ നിന്ന് നയം വ്യക്തം.
ജോളി ജോയ്: ജീവകാരുണ്യ മാതൃക
കഴിഞ്ഞ വർഷം ജോയ് ആലുക്കാസ് നാട്ടിൽ നടത്തിയത് 11 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനമാണ്. ഇവിടെയും ഏകദേശം അത്രത്തോളം തുക ചെലവഴിച്ചു. ഭാര്യ ജോളി ജോയ് ആണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഗ്രൂപ്പിെൻറ വരുമാനത്തിെൻറ നിശ്ചിത ശതമാനം ഇതിനായി നീക്കിവെക്കുന്നുണ്ട്. ജോയ് ആലുക്കാസ് ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുന്നത്. കാൻസർ രോഗികൾ, ഡയാലിസിസ്, അനാഥമന്ദിരങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീട് നിർമാണം തുടങ്ങിയവക്കെല്ലാം ആലുക്കാസിെൻറ സഹായം എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.