പുതുസംരംഭകർക്ക് പ്രചോദനമായി 'ഇല'
text_fieldsകൊച്ചി: കോവിഡ് അടച്ചുപൂട്ടലിൽ സംരംഭങ്ങളുടെ ചിറകൊടിയുന്ന കാലത്ത് പ്രതീക്ഷയുടെ പുതിയ മേച്ചിൽപുറം പരിചയപ്പെടുത്തുകയാണ് തിരുവനന്തപുരത്തുകാരി ലക്ഷ്മി രാജീവ്. 'ഇല'യെന്ന പേരിൽ തുടങ്ങിയ ഹെയർ ഓയിൽ നിർമാണ സംരംഭത്തിലൂടെയാണ് ദുരിതകാലത്ത് ലക്ഷ്മിയുടെ വേറിട്ട നടത്തം. വലിയ മൂലധനവും സന്നാഹങ്ങളും ഉണ്ടെങ്കിൽ മാത്രം തുടങ്ങാവുന്ന സംരംഭത്തെ ആശയം കൊണ്ടുമാത്രം കീഴടക്കിയിരിക്കുകയാണിവർ. താൻ ജീവിക്കുന്നതിനൊപ്പം ചുറ്റുമുള്ളവരെ കൂടി ജീവിക്കാൻ പ്രേരിപ്പിക്കുകയെന്ന ദൗത്യമാണ് ഇതുവഴി ഇവർ ഏറ്റെടുത്തിരിക്കുന്നത്.
ദാരിദ്ര്യത്തിൽനിന്ന് രക്ഷപ്പെടാൻ എട്ടുവയസ്സുകാരൻ മരണത്തെ പുൽകിയ വാർത്ത സൃഷ്ടിച്ച ആഘാതമാണ് മറ്റുള്ളവരെ കൂടി ജീവിക്കാൻ പ്രേരിപ്പിക്കണമെന്ന നിശ്ചയദാർഢ്യത്തിലേക്കെത്തിച്ചത്. ആരുടെയും മുന്നിൽ കൈനീട്ടാതെ അന്തസ്സായിജീവിക്കുന്ന ഒരു സമൂഹം വളരണമെങ്കിൽ ഓരോ കുടുംബവും സംരംഭകരായി മാറണമെന്ന ചിന്തക്ക് അത് വഴിമരുന്നിട്ടു. ഒരു രൂപ പോലും കൈയിൽ ഇല്ലാത്തവർ ചെറിയ ബിസിനസിലേക്ക് ഇറങ്ങണമെങ്കിൽ വിജയികളുടെ മാതൃക വഴികാട്ടണം. മറ്റുള്ളവരെ ചൂണ്ടിക്കാണിക്കുന്നതിന് പകരം ആ ദൗത്യം സ്വയം ഏറ്റെടുത്തു. ലൈബ്രറി, ഭക്ഷണം തുടങ്ങി പല ആശയങ്ങളും മനസ്സിൽ മിന്നിമറഞ്ഞെങ്കിലും മുമ്പ് തെൻറ മുടിയെക്കുറിച്ചുള്ള സംസാരത്തിനിടെ സുഹൃത്ത് പറഞ്ഞ എണ്ണ നിർമിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ ഉടക്കി .
'ഇല'യെന്ന പുതു സംരംഭത്തിെൻറ തുടക്കമായിരുന്നു അത്. സ്വന്തമായി വലിയതോതിൽ എണ്ണ കാച്ചുന്നത് എങ്ങനെയെന്ന് ഒരു ആയുർവേദ ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കി. മികച്ച ഹെയർ ഓയിലുകളെക്കുറിച്ച് ഇൻറർനെറ്റിലും പരതി. അങ്ങനെ മുടിയുടെ സംരക്ഷണത്തിനായി സ്വന്തമായി എണ്ണ നിർമിച്ച് ഏറ്റവും വേണ്ടപ്പെട്ടവർക്ക് കൊടുത്തു. അവർ മികച്ച അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. ഇതോടെ ചെറുകിട സംരംഭങ്ങൾക്ക് സർക്കാർ നൽകുന്ന ലക്ഷം രൂപയുടെ ലോണിന് അപേക്ഷിച്ചു. ഇത് ലഭിച്ചതോടെ പാത്രങ്ങൾ വാങ്ങി എണ്ണ നിർമാണം ആരംഭിച്ചു. ആവശ്യക്കാർ കൂടിയതോടെ ചെറുകിട വ്യവസായമെന്ന നിലയിൽ രജിസ്റ്റർ ചെയ്തശേഷം ലൈസൻസും സംഘടിപ്പിച്ചു. ഇപ്പോൾ വലിയ രീതിയിൽ ആവശ്യക്കാരെത്തുന്നുണ്ട്. എല്ലാ കുടുംബങ്ങളും സ്വയംപര്യാപ്തരാകണമെന്ന ചിന്തയാണ് തന്നെ ഈ പ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് ലക്ഷ്മി പറയുന്നു. ആത്മവിശ്വാസത്തോടെ ഇറങ്ങിത്തിരിച്ചാൽ സർക്കാർ പദ്ധതികൾ കൂട്ടിനുണ്ടാകുമെന്ന അനുഭവപാഠവും ലക്ഷ്മി പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.