കോവിഡ് കാലത്തും കുലുക്കമില്ലാതെ മൈജി
text_fieldsകോവിഡ് മഹാമാരി രാജ്യത്തെ വ്യാപാര, വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം കനത്തതാണ്. ലോക്ഡൗണ്‍ കാലത്ത് രാജ്യം വീട്ടിലേക്കു ചുരുങ്ങിയപ്പോള്‍ സമസ്ത മേഖലയും നിശ്ചലമായി. ധാരാളം സ്ഥാപനങ്ങള്‍ നഷ്ടത്തിലേക്കു നീങ്ങി. ചെലവുചുരുക്കുന്നതിെൻറ ഭാഗമായി നിരവധി സ്ഥാപനങ്ങൾ ജീവനക്കാരുടെ എണ്ണം കുറച്ചു, ശമ്പളം വെട്ടിച്ചുരുക്കേണ്ടിവന്നു, പല ആനുകൂല്യങ്ങളും എടുത്തുകളയാൻ നിർബന്ധിതരായി. എന്നാല്‍, കോവിഡ് കാലത്തെ പോസിറ്റിവാക്കി മാറ്റിയ അനുഭവമാണ് മൈജിക്ക് (മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബ്) ഉള്ളത്. ജീവനക്കാരെ നിലവിലുള്ള എല്ലാ ആനുകൂല്യവും കൊടുത്തുതന്നെ കൂടെ നിർത്താൻ പറ്റിയതായി മൈജി ഗ്രൂപ്പിെൻറ ചെയർമാനും എം.ഡിയുമായ എ.കെ. ഷാജി പറയുന്നു.
ബിസിനസ് = സമർപ്പണം
ഗള്‍ഫില്‍ ബിസിനസുള്ള സഹോദരങ്ങള്‍ സ്‌നേഹത്തോടെ ക്ഷണിച്ചിട്ടും അവിടെ നില്‍ക്കാതെ ജന്മനാടിനെ ഹൃദയത്തോടു ചേര്‍ത്തുപിടിച്ചാണ് ഷാജി സ്വന്തം സാമ്രാജ്യം കെട്ടിപ്പടുത്തത്. ബിസിനസ് ഹരമാക്കി മാറ്റി അതില്‍ സമര്‍പ്പണം ചെയ്ത യുവാവ്.
''ഉപ്പയാണ് എെൻറ റോള്‍ മോഡല്‍. റിയല്‍ എസ്‌റ്റേറ്റ് ബിസിനസും ട്രാന്‍സ്‌പോര്‍ട്ട് ബിസിനസുമാണ് ഉപ്പ നടത്തിയിരുന്നത്. കുറേ പേര്‍ക്ക് ജോലി നല്‍കുന്ന ഒരു സ്ഥാപനം തുടങ്ങണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള വഴികള്‍ ആലോചിച്ചു. വീട്ടുകാരും സുഹൃത്തുക്കളും നല്ല പിന്തുണ നല്‍കി. അതാണ് മൈജിയുടെ പിറവിയിലേക്ക് നയിച്ചത്'' -ഷാജി പറയുന്നു.
കോവിഡിലും കുലുങ്ങാതെ
കോവിഡില്‍ ലോകം നടുങ്ങിയപ്പോള്‍ എ.കെ. ഷാജി പതറിയില്ല. എങ്ങനെ ബിസിനസ് മുന്നോട്ടുകൊണ്ടുപോകാമെന്നാണ് വീട്ടിലിരുന്ന് അദ്ദേഹം ചിന്തിച്ചത്. മനസ്സില്‍ പോസിറ്റിവ് ഊർജം മാത്രം. എല്ലാ ജീവനക്കാരെയും നേരിട്ട് വിളിച്ചു. അവരെ വീട്ടിലിരുത്തി സാധാരണപോലെ കര്‍മനിരതരാക്കി. ഉപഭോക്താക്കളുമായി നല്ല ബന്ധം പുലര്‍ത്തി. 14 വര്‍ഷത്തെ ബിസിനസിനിടയില്‍ വന്ന പോരായ്മകള്‍ പരിഹരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. വിവിധ കമ്പനികളുമായും മൈജി ജീവനക്കാരുമായും മാസത്തില്‍ 23 ദിവസം നേരിട്ട് നടത്തിയിരുന്ന അവലോകന യോഗങ്ങൾ ഒഴിവാക്കി പകരം വിഡിയോ കോണ്‍ഫറന്‍സുകളാക്കി. ഇതുവഴി ഒരുപാട് സമയം ലാഭിക്കാന്‍ കഴിഞ്ഞു. ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ ഉടമകള്‍ വാടക വാങ്ങാതെയും വെട്ടിക്കുറച്ചും പിന്തുണ നല്‍കി. ലോക്ഡൗണ്‍ കഴിഞ്ഞപ്പോള്‍ ബിസിനസ് സാധാരണ നിലയിലായി. എല്ലാ ഷോറൂമുകളിലും തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. വിദ്യാലയങ്ങളിലെ പഠനം ഓണ്‍ലൈന്‍ ആക്കിയതോടെ മൊബൈല്‍ ഫോണുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കും ടാബ്ലെറ്റുകൾക്കും ടെലിവിഷനും ആവശ്യകത കൂടി. ഉൽപാദനം നടക്കാത്തതിെൻറ പേരില്‍ സാധനങ്ങളുടെ കുറവുമാത്രമാണ് ഈ രംഗത്ത് അനുഭവപ്പെടുന്നത്.
ലോക്ഡൗണ്‍ കാലം കുടുംബബന്ധം ഊഷ്മളമാക്കിയതായും ഷാജി പറയുന്നു. കുടുംബത്തിനൊപ്പം ഇത്രസമയം ചെലവഴിച്ച കാലഘട്ടമുണ്ടായിട്ടില്ല. ഒന്നുകില്‍ നിരന്തര യാത്രയായിരിക്കും. അല്ലെങ്കില്‍ ബിസിനസ് തിരക്ക്.
ഒന്നര പതിറ്റാണ്ടിലെ വളർച്ച
2006ലാണ് കോഴിക്കോട് മാവൂര്‍ റോഡിലെ ഡെല്‍മ ടൂറിസ്റ്റ് ഹോം കെട്ടിടത്തില്‍ ആദ്യത്തെ മൊബൈല്‍ ഫോണ്‍ ഷോറൂം തുറക്കുന്നത്. അക്കാലത്ത് സംസ്ഥാനത്ത് ഒരിടത്തും എല്ലാ ബ്രാന്‍ഡ് ഉൽപന്നങ്ങളും ഒരു കുടക്കീഴില്‍ ലഭിക്കുന്ന മള്‍ട്ടി ബ്രാന്‍ഡ് ഷോറും ഉണ്ടായിരുന്നില്ല. അതൊരു സാധ്യതയായിരുന്നു. അങ്ങനെയാണ് പൂര്‍ണമായും ശീതീകരിച്ച മുറിയില്‍ മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമിനു തുടക്കമിട്ടത്. പ്രതീക്ഷിച്ചതിലും വിജയമായതോടെ കൂടുതല്‍ ആവേശമായി. പിന്നീട് മാവൂര്‍ റോഡില്‍തന്നെ 800 മീറ്ററിനുള്ളില്‍ ആറു ഷോറൂമുകള്‍കൂടി ആരംഭിച്ചു. 2007 മുതല്‍ ഓരോ വര്‍ഷവും പുതിയ ഷോറൂമുകള്‍ നിലവില്‍ വന്നു. മറ്റു ജില്ലകളിലേക്കും കടന്നു. പത്തു വര്‍ഷമായി കേരളത്തിലെ ഒന്നാം നമ്പര്‍ ഷോറൂമാണ് മൈജിയുടേത്. ഇന്നു സംസ്ഥാനത്ത് 80ഓളം ഷോറൂമുകളും 1500 ജീവനക്കാരുമുണ്ട്. ഇക്കൊല്ലം അവസാനത്തോടെ ഇത് 100 ആക്കും. വിറ്റുവരവ് കഴിഞ്ഞ വര്‍ഷത്തെ 640 കോടിയില്‍നിന്ന് 1000 കോടിയാക്കും. ഓരോ 20 കിലോമീറ്ററിലും ഷോറൂം എന്നതാണ് ലക്ഷ്യം.
ത്രീജി മൊബൈൽ വേൾഡ് എന്ന പേരിലാണ് തുടക്കത്തിൽ ഷോറുകള്‍ തുറന്നത്. പിന്നീട് സാങ്കേതികരംഗം വളര്‍ന്നതോടെയാണ് പേര് മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് (മൈജി) എന്നാക്കിയത്.
ലോക്ഡൗണിനുശേഷം കട്ടപ്പന, അടിമാലി, വേങ്ങര, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ മൈജി ഷോറൂമുകൾ പ്രവർത്തനമാരംഭിച്ചു. കോട്ടയത്തും കുന്നംകുളത്തും ഈ മാസംതന്നെ പുതിയ ഷോറൂമുകൾ തുറക്കും. മൊബൈൽ ഫോൺ ബിസിനസിൽ നിലവിൽ ഇന്ത്യയിൽ ഏഴാം സ്ഥാനത്താണ് മൈജി.
സുതാര്യത, ആസൂത്രണം
സുതാര്യതയാണ് വിജയത്തിെൻറ പ്രധാന ഘടകമെന്ന് ഷാജി പറയുന്നു. ജീവനക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് മറ്റൊന്ന്. ചെയ്യുന്ന കാര്യങ്ങള്‍ക്കു കൃത്യമായ ധാരണയും ആസൂത്രണവുമുണ്ട്. ആരും കൊടുക്കാത്ത ഗിഫ്റ്റുകള്‍ ഉപഭോക്താക്കള്‍ക്കു നല്‍കിയിട്ടുണ്ട്. മോഹന്ലാലിനെേപ്പാലെ ഒരു ബ്രാന്‍ഡ് അംബാസഡറെ ഈ വ്യവസായത്തില്‍ ആലോചിക്കാന്‍ സാധിക്കില്ല. എന്നാല്‍, താന്‍ കൊണ്ടുവന്നു. അതിെൻറ നേട്ടമുണ്ടായി. എല്ലാ ഷോറൂമുകളും ഉദ്ഘാടനം ചെയ്തത് സെലിബ്രറ്റികളാണ്. ഉപ്പയുടെ താല്‍പര്യമായിരുന്നു അത്. അതുകൊണ്ടാണ് ഇന്നത്തെ ബ്രാന്‍ഡ് തലത്തിലേക്ക് ഉയരാന്‍ കഴിഞ്ഞത്.
വികസന സ്വപ്നങ്ങൾ
ടെലിവിഷന്‍, മൊബൈൽ ഫോൺ, ആക്‌സസറീസ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഫാക്ടറി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഇതിെൻറ ടെസ്റ്റ് നടത്തി വിജയകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ചൈനീസ് കമ്പനികള്‍ നല്‍കുന്നതുപോലെ ഗുണമേന്മയുള്ള ഉൽപന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് നല്‍കിയാല്‍ വിജയത്തിലെത്താന്‍ കഴിയും. എല്ലാ ഗാഡ്‌ജെറ്റുകളും ഇവിടെ ഉണ്ടാക്കാന്‍ പറ്റും. ഇപ്പോള്‍ 99 ശതമാനം സാധനങ്ങള്‍ക്കും മറ്റു രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. സര്‍ക്കാറിെൻറ അനുകൂല നിലപാടുകൂടി ലഭിച്ചാല്‍ ഗുണമേന്മയുള്ളതും വിലക്കുറവുള്ളതുമായ ഉൽപന്നങ്ങള്‍ ഇവിടെ നിര്‍മിക്കാം. ഡിജിറ്റല്‍ വിപ്ലവമാണ് വരാനിരിക്കുന്നത്. അത് മൈജിക്ക് വലിയ അവസരമാണ് സമ്മാനിക്കുന്നത്.
മോഹൻലാലും മൈജിയും
മോഹന്‍ലാല്‍ ബ്രാന്‍ഡ് അംബാസഡറായശേഷം മൈജിയുടെ ബിസിനസില്‍ വലിയ കുതിച്ചുകയറ്റമുണ്ടായി. കൊച്ചി ഇടപ്പള്ളി ഷോറൂം ഉദ്ഘാടനത്തിന് അദ്ദേഹത്തെയാണ് ക്ഷണിച്ചിരുന്നത്. ഒടിയന്‍ സിനിമയുടെ മേക്ക് ഓവറുമായി ബന്ധപ്പെട്ട് അദ്ദേഹം അന്ന് തിരക്കിലായിരുന്നു. അന്നുവരെ കാണാത്ത ഗെറ്റപ്പിലാണ് ഉദ്ഘാടനത്തിനെത്തിയത്. അത് വലിയ തരംഗമായി.
കുടുംബം
പരേതനായ ആശാരിക്കല്‍ കുഞ്ഞമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മയുടെയും മകനാണ് ഷാജി. ഭാര്യ: ഹാജിറ. മക്കള്‍: ഹാനി, ഹീന, ഹനീന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.