കോവിഡിൽ നിന്ന് കരകയറാൻ നിർമലയുടെ മാജിക്കെന്ത്; ഇക്കുറി അസാധാരണ ബജറ്റാകുമോ?
text_fieldsതിങ്കളാഴ്ച ലോക്സഭയിൽ ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുേമ്പാൾ ഇന്ത്യൻ ജനതക്ക് പ്രതീക്ഷകളേറെയാണ്. കോവിഡ് സാമ്പത്തികമായി തകർത്ത രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ബജറ്റിൽ ആശ്വാസനടപടികളുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 100 വർഷത്തിനിടയിൽ ഇതുവരെ കാണാത്ത ബജറ്റാവും 2021ൽ അവതരിപ്പിക്കുകുകയെന്ന നിർമല സീതാരാമന്‍റെ പ്രസ്താവന ഇന്ത്യൻ സമ്പദ്വ്യവസ്ഥയിലെ അസാധാരണ സാഹചര്യത്തെയാണ് ചൂണ്ടിക്കാണിക്കുന്നത്. അസാധാരണ സാഹചര്യത്തിൽ അത്തരത്തിലുള്ള ഒരു ബജറ്റ് തന്നെ ധനമന്ത്രി അവതരിപ്പിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ധനകമ്മിയിൽ ഉഴറുേമ്പാൾ കോവിഡ് തകർത്ത സമ്പദ്വ്യവസ്ഥയേയും ജനങ്ങളുടെ ജീവിതങ്ങളേയും അവഗണിച്ച് ധനമന്ത്രിക്ക് മുന്നോട്ട് പോകാനാവില്ല.
വളർച്ച തിരികെ കൊണ്ടു വരികയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് മറികടക്കാനുള്ളത്. സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതികൾ ഏറെയുണ്ടെങ്കിലും അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെലവഴിക്കുന്ന പണത്തിന്‍റെ തോത് വർധിപ്പിക്കുന്നതിനാവും പ്രഥമ പരിഗണന നൽകുക. ഇതിലൂടെ രാജ്യത്തെ അടിസ്ഥാന, മധ്യവർഗ കുടുംബങ്ങളിൽ കൂടുതൽ പണമെത്തിക്കാൻ കഴിയുമെന്ന് കണക്ക് കൂട്ടുന്നു.
ഉപഭോഗം കുറഞ്ഞതും സമ്പദ്വ്യവസ്ഥയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇത് മറികടക്കാൻ വീട്, വാഹനം എന്നിവ വാങ്ങുന്നതിനായി ജനങ്ങൾക്കുള്ള പ്രത്യേക വായ്പ പദ്ധതിയുടെ പ്രഖ്യാപനവും ഉണ്ടായേക്കും. ജനങ്ങൾക്ക് നേരിട്ട് പണമെത്തിക്കുന്ന പുതിയ പദ്ധതി വേണമെന്ന ആവശ്യം ശക്തമാണെങ്കിലും ഇതിനുള്ള സാധ്യത വിരളമാണ്. പക്ഷേ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി കൂട്ടിയും പ്രധാനമന്ത്രി കിസാൻ യോജനയുടെ തുക ഉയർത്തിയുമെല്ലാം പണമെത്തിക്കാനുള്ള ശ്രമങ്ങൾ തുടർന്നേക്കാം. പണമെത്തിക്കാനായി ആദായ നികുതിയിൽ ഇളവുകൾ നൽകാനുള്ള സാധ്യതയും കുറവാണ്. ധനകമ്മി തന്നെയാണ് സർക്കാറിനെ ഇതിൽ നിന്നും പിന്നോട്ട് വലിക്കുന്നത്.
ഇക്കുറി പ്രധാനമായും ഊന്നൽ നൽകുന്ന രണ്ട് മേഖലകൾ ആരോഗ്യവും വിദ്യാഭ്യാസവുമായിരിക്കും. കോവിഡ് പ്രതിരോധത്തിലെ മുന്നണി പോരാളികളായ ആരോഗ്യപ്രവർത്തകർക്കും മേഖലക്കുമായി കൂടുതൽ പ്രഖ്യാപനങ്ങളുണ്ടാകും. വാക്സിൻ വിതരണത്തിനായി വൻ തുക നീക്കിവെക്കേണ്ടി വരും. ബജറ്റിൽ ആരോഗ്യമേഖലയുടെ വിഹിതം ഇക്കുറി ഉയരുമെന്ന് ഉറപ്പാണ്.
കോവിഡ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സ്കൂളുകളിൽ പോയി പഠിച്ചിരുന്ന വിദ്യാർഥികളുടെ പഠനം കമ്പ്യൂട്ടറിേന്റയോ മൊബൈൽ ഫോണിേന്റയോ സ്ക്രീനിന് മുന്നിലേക്ക് പറിച്ച് നടപ്പെട്ടു. എങ്കിലും രാജ്യത്തെ വിദ്യാർഥികൾക്കിടയിൽ വലിയ രീതിയിൽ ഡിജിറ്റൽ ഡിവൈഡ് നില നിൽക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള പ്രത്യേക പ്രഖ്യാപനം ബജറ്റിലുണ്ടാവും.
ഇതിനൊപ്പം അധിക വിഭവസമാഹരണവും സർക്കാറിന് തേടേണ്ടി വരും. നികുതി, നികുതി ഇതര വരുമാനം വർധിപ്പിക്കുന്നതിനുള്ള നടപടികളുണ്ടാവും. കോവിഡ് പ്രതിസന്ധി മറികടക്കാൻ പ്രത്യേക കോവിഡ് സെസ് ഏർപ്പെടുത്താനിടയുണ്ട്. ഇപ്പോഴുള്ള സെസുകളും ഉയർത്തിയേക്കാം. നികുതി ഇതര വരുമാനത്തിനുള്ള പ്രധാന മാർഗം ഒാഹരി വിൽപന തന്നെയാണ്. ബാങ്കിങ്, ഖനനം പോലുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന പൊതുമേഖല കമ്പനികളുടെ ഓഹരികൾ ഇക്കുറിയും വിറ്റഴിച്ചേക്കും.
ബാഡ് ബാങ്കിന്‍റെ രൂപീകരണമാണ് ധനകാര്യ മേഖല കാത്തിരിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. കിട്ടാകടത്തിൽ ഉഴറുന്ന ബാങ്കുകൾക്ക് ഇത് വലിയ ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കിട്ടാകടത്തിന്‍റെ ഭാരം മറ്റൊരു സ്ഥാപനത്തിൽ ഏൽപ്പിക്കുകയാണെങ്കിൽ ബാങ്കുകൾ അവരുടെ മറ്റ് വാണിജ്യ പ്രവർത്തനങ്ങളിൽ ഇനി ശ്രദ്ധ കേന്ദ്രീകരിക്കാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.