പാസ്ററ് & ഫ്യൂരിയസ്
text_fields“ഇൻസൾട്ട് ഈസ് ദ ബെസ്റ്റ് ഇൻഫ്ലുവൻസ്”; ജീവിതത്തിന്റെ ഉച്ഛിയില് ചെന്നെത്താൻ പലർക്കും ഇന്ധനമാകുന്നത് ഇൻസൾട്ട് തന്നെയാണ്. യുവതലമുറക്ക് ചുറ്റുപാടുകളിൽ നിന്നുള്ള അപസ്വരങ്ങൾ കുതിച്ചുപായാനുള്ള ശൂലങ്ങളായി പരിണമിക്കപ്പെടുന്നത് ഏറെ ഹരം നിറക്കുന്ന കാഴ്ചയാണ്. ഫുഡ് വ്ലോഗ്ഗിങ്ങിൽ തുടങ്ങി സ്വന്തമായൊരു ബിസിനസിനു ചുക്കാൻ പിടിക്കാൻ പെരിന്തൽമണ്ണക്കാരൻ ദിൽഷാദിനെ പ്രാപ്തനാക്കിയതും ഒരു ഭൂതകാലത്തിന്റെ വ്രണപ്പെടുത്തൽ തന്നെയാണ്. ബാധ്യതകളും സ്വപ്നങ്ങളുമായി കടൽ കടന്ന ചെറു തലമുറയിലെ ഒരു കണ്ണി തന്നെയാണ് ദിൽഷാദും. ഇന്ന് യു.എ.ഇയിലെ മലയാളികളുടെ കണ്ണിലുണ്ണിയായ ഈ ‘തീറ്റക്കാര’ന്റെ വിജയഗാഥയും ഇത്തരത്തിൽ പ്രതീക്ഷയുടെ പടവുകളേറി ഒടുക്കം വിജയം കൊയ്തവയാണ്.
ഭക്ഷണത്തോട് പ്രിയമുള്ള കുട്ടിക്കാലം; വീട്ടിൽ നിന്നും ലഭിക്കുന്ന കുഞ്ഞു പോക്കറ്റ് മണി തികയാതെ വന്നപ്പോൾ സ്കൂൾ കഴിഞ്ഞെത്തുന്ന സമയങ്ങളിൽ മണലുവാരിയും തറകെട്ടിയും കീശ നിറക്കാൻ തുനിഞ്ഞു. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് നാടുകൾ തോറും വ്യത്യസ്ത സ്വാധുകൾ തേടി നടന്നു. പ്ലസ് ടു പൂർത്തിയാക്കിയതും ദിൽഷാദ് ഉടൻ ഇമാറാത്തിലേക്ക് വെച്ചു പിടിച്ചു. മതിയായ അനുഭവസമ്പത്തില്ലാത്തത് ദിൽഷാദിനെ ആദ്യമാദ്യം ചെറിയ ശമ്പളത്തിൽ ജോലിയിൽ തുടരാൻ നിർബന്ധിതനാക്കി. പക്ഷേ ഇമാറാത്തിന്റെ വേഗതയേറിയ വളർച്ചക്കൊപ്പം ഈ ചെറുപ്പക്കാരന്റെ കിനാക്കളും വളർന്നു തുടങ്ങിയിരുന്നു.
കണ്ണഞ്ചിപ്പിക്കുന്ന ദുബൈ ബിസിനസ് സാമ്രാജ്യം ദിൽഷാദിന്റെ ബിസിനസ് ആശയം നിറഞ്ഞ ഹൃദയത്തെയും സ്വാഗതം ചെയ്യാൻ തയാറായിരുന്നു. ഈ അറബ് നാട്ടിൽ തികഞ്ഞ പരിജ്ഞാനം കൈവന്നശേഷം ദിൽഷാദ് തന്റെ സ്വപ്നസാക്ഷാത്കാരത്തിന് യാഥാർത്ഥ്യ രൂപം നൽകാൻ കച്ചകെട്ടിയിറങ്ങി. ഈ തിരക്കുകൾക്കൊക്കെ ഇടയിലും ഫുഡ് ബ്ലോഗിന്റെ അനന്തമായ ലോകത്തേക്കും ദിൽഷാദ് തന്റെ സമയത്തെ നിക്ഷേപിച്ചിരുന്നു. തന്റെ സ്വാഭാവികമായ അവതരണ ശൈലി കൊണ്ട് ഇവരുടെ രുചിഗാഥകൾ എളുപ്പം വിലയേറിയ പ്രേക്ഷക കൂട്ടത്തെ സമ്മാനിച്ചു. യു.എ.ഇയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചും മറ്റു ജി.സി.സി രാജ്യങ്ങൾ സന്ദർശിച്ചും രുചിയാത്രകളെ സദാ നിലനിർത്തി പോന്നു. ബിസിനസ് കാര്യങ്ങൾക്ക് മുൻതൂക്കം നൽകിയപ്പോഴും തന്റെ ഭക്ഷണക്കൊതിയെ താഴിട്ടുപൂട്ടാൻ ദിൽഷാദ് ഒരുക്കമായിരുന്നില്ല.
ഇന്ന് സ്വന്തമായി വോക്സ്റ്റർ മാർക്കറ്റിങ് മാനേജ്മെന്റ് എന്ന മാർക്കറ്റിങ് കമ്പനി രൂപവത്കരിച്ച് തനിക്ക് കീഴിൽ ഏഴോളം ഉദ്യോഗസ്ഥരുമായി ജൈത്രയാത്ര തുടരുകയാണ് ‘തീറ്റക്കാരൻ’ എന്ന അപരനാമമുള്ള ദിൽഷാദ് മലപ്പുറം. ദൈവത്തോടും തന്റെ ഭൂതകാലത്തോടും മാത്രം കടപ്പാടുകളർപ്പിച്ചുകൊണ്ട് ഒരു കമ്പനി ഉടമയായും ഒരുപാട് കമ്പനികളിൽ സ്വന്തം കൈയ്യൊപ്പ് ചാർത്തിയും കൂടെയൊരു കമ്പ്ലീറ്റ് വ്ലോഗറായും ദിൽഷാദ് ജീവിതത്തെ ആകെമൊത്തം ആഘോഷമാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.