രുചിച്ചറിയണം ഈ സുഹൃത്തുക്കളുടെ രുചി'ക്കൂട്ട്'
text_fieldsഫോക്കസ് ഫീച്ചർ
അടുപ്പത്ത് തിളക്കുന്ന വെള്ളംപോലെ, എണ്ണയിൽ പൊരിയുന്ന കടുകുപോലെ സ്ത്രീകൾ അടുക്കളയിൽ കിടന്ന് പെടാപാട് പെടുന്നത് കണ്ടിട്ടില്ലേ. ഒരു നേരത്തെ ആഹാരം പാകംചെയ്യാനുള്ള മാരത്തൺ ഓട്ടമാണ് അടുക്കളയിലെ മണിക്കൂറുകൾ നീളുന്ന ആ ദയനീയ കാഴ്ച. പക്ഷേ, എത്രയൊക്കെ കഷ്്ടപ്പെട്ടാലും കറിയിൽ അൽപം ഉപ്പു കൂടിയാലോ മുളകു കുറഞ്ഞാലോ ഡൈനിങ് ടേബിളാകെ കുറ്റപ്പെടുത്തലുകൾകൊണ്ട് നിറഞ്ഞു തുളുമ്പും. ലോകമാകെ ഭക്ഷണം ഉണ്ടാക്കുന്നവർ നേരിടുന്ന ഈ ' അടുക്കള പ്രതിസന്ധി' പരിഹരിച്ച ഒരു രുചികരമായ കഥയാണ് ഇവിടെ പറയുന്നത്.
രുചികരം ഈ ആശയം
മട്ടൻ കറിയോ, മീൻ കറിയോ എന്തുമാകട്ടെ, പാകം ചെയ്യാൻ തീരുമാനിച്ചാൽ മാത്രം പോരാ. അതിലേക്കാവശ്യമായവ ചേരുവകൾ തേടി അങ്ങാടിയിലെ പച്ചക്കറി-പലചരക്ക് കടകളാകെ അലയണം. ഇതെല്ലാം ഒരു കുടക്കീഴിൽ കിട്ടിയിരുന്നെങ്കിൽ എന്ന് നാം അപ്പോൾ ചിന്തിക്കും. അത്തരമൊരു ചിന്തയിൽ വിരിഞ്ഞ ആശയമാണ് ഈ കഥയിലെ താരം. കഥയിലെ കഥാപാത്രത്തിെൻറ പേരാണ് 'കെ റിക്കോ'(Que Rico). സ്പാനിഷ് വാക്കായ ഇതിെൻറ അർഥം രുചികരം എന്നാണ്. പി.പി. അബ്ദുൽ റഹീം, കെ.എം.എ സലീം എന്നീ സുഹൃത്തുക്കളുടെ തലയിൽ 'കത്തിയ' ആ കുഞ്ഞു സംരംഭത്തിെൻറ കീർത്തി ഇന്ന് കടൽകടന്ന് പല രാജ്യങ്ങളിലേക്ക് എത്തിയിരിക്കുന്നു.
എന്താണ് 'കെ റിക്കോ?
വെറും ഉപ്പും വെള്ളവുമുണ്ടെങ്കിൽ നിങ്ങൾക്ക് രുചികരമായ കറി പാകം ചെയ്യാമോ? ഇതൊരു തമാശ ചോദ്യമല്ല. ഈ ചോദ്യത്തിനുള്ള ഉത്തരമാണ് 'കെ റിക്കോ. ഒരു കറിയുണ്ടാക്കാനാവശ്യമായ എല്ലാ മസാലകളും ഉൾക്കൊള്ളുന്ന കറി പേസ്റ്റാണ് 'കെ റിക്കോ. ഒരു കുഞ്ഞു പേക്കറ്റിലൊതുങ്ങി രുചിയുടെ മഹാസാഗരം നിങ്ങളുടെ വീട്ടിലെ ഫ്രീസറിൽ ഉണ്ടെങ്കിൽ പാചകത്തെ എന്തിന് ഭയക്കണം. നൂറു ശതമാനം നാടൻ രുചി ഉറപ്പുനൽകുന്ന ഇത്തരമൊരു അത്ഭുതവിദ്യ ഉണ്ടെങ്കിൽ എന്തിന് കൈപുണ്യത്തെ കുറിച്ച് ആശങ്കാകുലരാകണം. എന്തിന് നിങ്ങളുടെ വിലയേറിയ സമയം അടുക്കളയിൽ പാഴാക്കണം. ഇപ്പോൾ മനസ്സിലായില്ലേ 'കെ റിക്കോ എന്താണെന്ന്? സ്വാദിഷ്ടമായ കറികൾ മിനുറ്റുകൾക്കുള്ളിൽ പാകം ചെയ്യാവുന്ന മാജിക്കാണ് 'കെ റിക്കോ.
തുടക്കം
2018, കേരളത്തെ സംബന്ധിച്ചിടത്തോളം തീരാദുരിതം സമ്മാനിച്ച വർഷമാണ്. മഹാപ്രളയം സംസ്ഥാനത്തെയാകെ മുക്കിയ വർഷം. ആ വർഷമാണ് 'കെ റിക്കോ എന്ന സംരംഭം ആരംഭിക്കുന്നത്. റഹീം-സലീം എന്നീ സുഹൃത്തുക്കളുടെ മനസ്സിലെ ആശയത്തിന് പെരുമ്പാവൂരിെൻറ മണ്ണിൽ 2018 ആഗസ്റ്റിൽ വിത്തിടുമ്പോൾ കേരളം അക്ഷരാർഥത്തിൽ പേമാരിയിൽ മുങ്ങുകയായിരുന്നു. പെരുമ്പാവൂരിലെ കെ റിക്കോ ഫാക്ടറിക്ക് സമീപം വരെ വെള്ളം ഉയർന്നു. സംരംഭത്തിെൻറ തുടക്കത്തിൽ തന്നെ നേരിടേണ്ടി വന്ന ഭീഷണിയെ നിശ്ചയദാർഢ്യംകൊണ്ടും മനോധൈര്യം കൊണ്ടുമാണ് ഇരുവരും മറികടന്നത്. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന ചൊല്ലുപോലെ പിന്നീട് വന്ന രണ്ടാം പ്രളയവും കോവിഡുമെല്ലാം അതിജയിച്ച് കമ്പനി മുന്നേറുന്നു.
സത്യസന്ധത, ഗുണമേന്മ
'കെ റിക്കോ എന്ന കമ്പനിയുടെ തുടക്കവും ഉയിർത്തെഴുന്നേൽപ്പും ഉടമകളിലൊരാളായ റഹീം തന്നെ പറയട്ടെ.
''1700 രൂപയുടെ ഒരു മിക്സി വാങ്ങി അതിലാണ് 'കെ റിക്കോ' എന്ന കമ്പനിയുടെ തുടക്കം. അരച്ച തേങ്ങ വിപണിയിലെത്തിക്കുകയെന്നതായിരുന്നു ആദ്യം ലക്ഷ്യം. തുടക്കത്തിൽ തീരെ ഓർഡറുകൾ ഇല്ലാതെ വലിയ സാമ്പത്തിക നഷ്ടം കമ്പനിക്ക് നേരിടേണ്ടി വന്നു. എന്നാൽ, പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ലായിരുന്നു. സത്യസന്ധതയിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യാൻ തയാറാകാതെ ഞങ്ങൾ പുതിയ വിപണന സാധ്യതകൾ തേടി അലഞ്ഞു. അരച്ച തേങ്ങയിൽനിന്ന് പലവിധ ഉൽപന്നങ്ങൾ അതിനിടക്ക് കെ റിക്കോ പുറത്തിറക്കി. മായം ചേർക്കാത്ത, പ്രകൃതിദത്തമായ ചേരുവകൾ കൊണ്ട് തയാറാക്കിയ നൂറിലേറെ രുചിവൈവിധ്യമുള്ള ഉൽപന്നങ്ങളുമായി സത്യസന്ധമായി ഞങ്ങളിറങ്ങിയപ്പോൾ ജനം 'കെ റിക്കോ'യെ ഹൃദയംകൊണ്ട് സ്വീകരിച്ചു. സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, തായ്ലൻഡ്, ശ്രീലങ്കൻ, മലേഷ്യൻ രുചിഭേദങ്ങളും ഇന്ന് കെ റിക്കോയിൽനിന്ന് പുറത്തിറങ്ങുന്നുണ്ട്. ദുബൈ, ആസ്ട്രേലിയ, യു.എസ്... തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് കെ റിക്കോ ഉൽപന്നങ്ങൾ കയറ്റിയയക്കുന്നുമുണ്ട്''. കറി പേസ്റ്റ് മാത്രമല്ല, പ്രഭാതഭക്ഷണത്തിനുള്ള ഇഡ്ഡലി, ദോശ, മസാലദോശ, സ്നാക്സ് തുടങ്ങിയ അനവധി നിരവധി ഗുണമേന്മയേറിയ ഉൽപന്നങ്ങൾ ഇന്ന് കെ റിക്കോയിൽനിന്ന് പുറത്തിറങ്ങുന്നു. കൂടാതെ, ചക്കയിൽനിന്നുള്ള വിവിധ മൂല്യവർധിത ഉൽപന്നങ്ങളുമെല്ലാമായി നേരത്തേ പറഞ്ഞപോല സത്യസന്ധതയിലും ഗുണമേന്മയിലും കാലൂന്നി കെ റിക്കോ ഉയരങ്ങളിലേക്ക് പറക്കുകയാണ്. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.