ഗോതമ്പ് കയറ്റുമതി നിരോധനം റിലയൻസ് നേട്ടമാക്കിയതിങ്ങനെ...
text_fieldsന്യൂഡൽഹി: രാജ്യത്ത് പ്രഖ്യാപിച്ച ഗോതമ്പ് കയറ്റുമതി നിരോധനം നേട്ടമാക്കി മാറ്റി റിലയൻസ് ഇൻഡസ്ട്രീസ്. മെയ് 13ന് പ്രഖ്യാപിച്ച നിരോധനം റിലയൻസ് നേട്ടമാക്കിയെന്നാണ് റിപ്പോർട്ട്. ഇതുമൂലം ഇന്ത്യയിലെ രണ്ടാമത്തെ ഗോതമ്പ് കയറ്റുമതി കമ്പനിയായി റിലയൻസ് മാറി. മെയ് 13നാണ് ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് മെയ് 17ന് നിരോധനം നീക്കുകയും ചെയ്തു.
മെയ് 17ന് നിരോധനം നീക്കുമ്പോൾ കയറ്റുമതിക്കായി ഒരു വ്യവസ്ഥ കൂടി കേന്ദ്രസർക്കാർ മുന്നോട്ടുവെച്ചിരുന്നു. മെയ് 13നോ അതിന് മുമ്പോ ബാങ്ക് ഗ്യാരണ്ടിയുള്ള കമ്പനികൾക്ക് മാത്രമേ കയറ്റുമതിക്ക് അനുമതി നൽകുവെന്ന് ഇന്ത്യൻ വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. അന്ന് ബാങ്ക് ഗ്യാരണ്ടിയുണ്ടായിരുന്ന പ്രധാന കമ്പനി ഐ.ടി.സിയായിരുന്നു. പക്ഷേ ഭാവിയിൽ നടത്തേണ്ട ഇടപാടുകൾക്കുള്ള ബാങ്ക് ഗ്യാരണ്ടി ഐ.ടി.സിയുടെ കൈവശമുണ്ടായിരുന്നില്ല.
അന്ന് ബാങ്ക് ഗ്യാരണ്ടിയുണ്ടായിരുന്ന മറ്റൊരു കമ്പനി റിലയൻസ് റീടെയിലായിരുന്നു. 85 മില്യൺ ഡോളറിന്റെ ബാങ്ക് ഗ്യാരണ്ടിയാണ് റിലയൻസ് റീടെയിലിന്റെ കൈവശമുണ്ടായിരുന്നത്. മെയ് 12നായിരുന്നു ഈ ബാങ്ക് ഗ്യാരണ്ടി റിലയൻസിന് നൽകിയത്.
കയറ്റുമതിക്ക് നിയന്ത്രണം വന്നതോടെ ചെറുകിട വ്യവസായികളും കർഷകരും വലിയ പ്രതിസന്ധിയെ അഭിമുഖീകരിച്ചു. റിലയൻസിന്റേയോ ഐ.ടി.സിയുടെയോ സഹായമില്ലാതെ ഗോതമ്പ് കയറ്റുമതി ചെയ്യാനാവാത്ത സാഹചര്യമുണ്ടായി. ഉയർന്ന വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഗോതമ്പ് സൂക്ഷിച്ച പലരും പ്രതിസന്ധിയെ അഭിമുഖീകരിച്ചു.
നിബന്ധനക്ക് ശേഷമുള്ള ഗോതമ്പ് കയറ്റുമതിയുടെ കണക്കുകൾ പരിശോധിച്ചാൽ ആഗസ്റ്റ് 16 വരെ റിലയൻസ് 3,34,000 ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. ഐ.ടി.സി 7,27,733 ടൺ ഗോതമ്പാണ് കയറ്റുമതി ചെയ്തത്. കഴിഞ്ഞ വർഷം കാർഷികോൽപ്പന്നങ്ങളുടെ കയറ്റുമതിക്കായി തയാറെടുത്തിരുന്ന റിലയൻസാണ് ഇടപാടിൽ വൻ നേട്ടമുണ്ടാക്കിയത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഗോതമ്പ് കയറ്റുമതി കമ്പനിയായി റിലയൻസ് വളർന്നു.
അതേസമയം, റിലയൻസിന്റെ വളർച്ച വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ആശങ്കയുണ്ട്. ഇന്ത്യയിലെ ഗോതമ്പ് ഉൾപ്പടെയുള്ള ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതിയിൽ ചെറുകിട വ്യവസായികൾക്ക് വലിയ പങ്കുണ്ട്. ഇവരെ പൂർണമായും ഇല്ലാതാക്കിയാവും റിലയൻസ് പോലുള്ള കുത്തക കമ്പനികളുടെ മേഖലയിലേക്കുള്ള കടന്നുവരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.