തിളങ്ങുന്ന ഇന്ത്യയും അനിശ്ചിതത്വങ്ങളുടെ ഭാരതവും
text_fieldsഇരുപത്തൊന്നാം നൂറ്റാണ്ട് പിറന്നിട്ട് ഏകദേശം കാൽനൂറ്റാണ്ട് പിന്നിടാൻ പോകുന്നു. രണ്ടടി മുന്നോട്ടും മൂന്നടി പുറകോട്ടും എന്ന് തന്നെയാണ് ലോകത്തിന്റെ ഗതി. ഇന്ത്യയെ സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു വർഷമാണ് കടന്നുപോകുന്നത്. സാമ്പത്തിക രംഗത്തെ ഇന്ത്യയുടെ കുതിപ്പ് തന്നെയാണ് പ്രധാനം. ചൈനക്കെതിരെയുള്ള അമേരിക്കൻ, യൂറോപ്യൻ നിലപാടുകൾ ഇന്ത്യക്ക് മുതൽക്കൂട്ടാകുന്നു. എന്നാൽ, സ്വന്തം രാജ്യത്തെ പൗരന്മാരെ ഇന്ത്യൻ ഏജന്റുമാർ കൊലചെയ്യാൻ ശ്രമിച്ചുവെന്ന അമേരിക്കയുടെയും കാനഡയുടെയും ആരോപണങ്ങൾ ഇന്ത്യയുടെ പ്രതിച്ഛായക്ക് ആഗോള തലത്തിൽ തന്നെ മങ്ങലേൽപിച്ചു.
ഇന്ത്യൻ സാമ്പത്തിക രംഗവും ഓഹരി വിപണിയും
ഇന്ത്യൻ ഓഹരികളിൽ പണം നിക്ഷേപിച്ചവർക്ക് കഴിഞ്ഞ 12 മാസം മികച്ചതായിരുന്നു. അദാനി-ഹിൻഡൻബർഗ് വിവാദം, ഇസ്രായേൽ-ഹമാസ് യുദ്ധം തുടങ്ങി ചില പ്രക്ഷുബ്ധതകൾ ഉണ്ടായിട്ടുണ്ടെങ്കിലും 2023ൽ ഓഹരി വിപണി നിക്ഷേപകർക്ക് മികച്ച സാമ്പത്തിക നേട്ടം നൽകി.
സെൻസെക്സും നിഫ്റ്റിയും 16-17 ശതമാനം നേട്ടമുണ്ടാക്കി. 2022ൽ ഇത് വെറും മൂന്ന് ശതമാനം വീതമായിരുന്നു. ഉറച്ച ജി.ഡി.പി വളർച്ച പ്രവചനം, നിയന്ത്രിക്കാവുന്ന തലത്തിലുള്ള പണപ്പെരുപ്പം, കേന്ദ്ര സർക്കാർ തലത്തിലെ രാഷ്ട്രീയ സ്ഥിരത, ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ അവരുടെ പണനയം കർശനമാക്കിയതിന്റെ സൂചനകൾ എന്നിവ ഇന്ത്യക്ക് തിളക്കമാർന്ന നേട്ടം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പല ആഗോള ഏജൻസികളും ഇത് ഏറ്റവും വേഗതയേറിയതാണെന്ന് വിലയിരുത്തുന്നു.
നിലവിൽ സെൻസെക്സ് 72,000, നിഫ്റ്റി 21,600 നിലവാരത്തിലാണ് (ഡിസംബർ 27) വ്യാപാരം നടത്തുന്നത്. ഇന്ത്യൻ ഓഹരി വിപണി സൂചികകൾ ചരിത്രത്തിലെ തന്നെ ഉയർന്ന നിലവാരത്തിലാണ്. മാത്രമല്ല, ഓഹരിവിപണിയിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം 13 കോടി കഴിഞ്ഞിരിക്കുന്നു. അതായത്, ഇന്ത്യൻ ജനസംഖ്യയുടെ 10 ശതമാനത്തോളം ഇപ്പോൾ ഓഹരി വിപണിയിൽ നിക്ഷേപിക്കുന്നു. കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്ന നിക്ഷേപകരുടെ എണ്ണവുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് നാലിരട്ടിയോളം വരുമെന്ന് അറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലാകുക.
2023ലും പ്രാഥമിക വിപണി (ഐ.പി.ഒ) സജീവമായിരുന്നു. കഴിഞ്ഞവർഷം 90,000 കോടിയിലധികം രൂപ ഇന്ത്യൻ കമ്പനികൾ ഓഹരി വിൽപനയിലൂടെ സമാഹരിച്ചു. കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ നേടിയതിനേക്കാൾ കൂടുതലാണ്. കേരളത്തിൽ നിന്നുള്ള ഇസാഫ്, മുത്തൂറ്റ് മൈക്രോഫിൻ എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു. ടാറ്റ ടെക്‌നോളജിയുടെ ഐ.പി.ഒ ആയിരുന്നു പോയകൊല്ലം വിപണിയിലെ സൂപ്പർഹിറ്റ്. അടുത്ത 36 മാസത്തിനുള്ളിൽ 150 സ്വകാര്യ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.
സ്വർണവില എങ്ങോട്ട്
കഴിഞ്ഞ രണ്ടുമാസമായി സ്വർണവില ഉയരുകയും സമീപകാലത്ത് റെക്കോഡ് ഉയരങ്ങളിലെത്തുകയും ചെയ്തു, യുദ്ധങ്ങൾ, 2024 ന്റെ തുടക്കത്തിൽ പലിശനിരക്കുകൾ കുറക്കുമെന്ന വർധിച്ചുവരുന്ന പ്രതീക്ഷ, ആഗോള സാമ്പത്തിക അനിശ്ചിതത്വവും അമേരിക്കയിലെ ചെലവ് ചുരുക്കലുമെല്ലാം മഞ്ഞലോഹത്തെ പ്രിയപ്പെട്ട നിക്ഷേപമാക്കുന്നു. ഡിസംബർ ആദ്യവാരത്തിൽ ചരിത്ര നിലവാരമായ ഔൺസിന് 2100 ഡോളർ എന്ന നിലയിൽ സ്വർണ വില എത്തിയിരുന്നു. ഒക്ടോബർ മുതൽ 11 ശതമാനം വില വർധിച്ചു. എന്നാൽ, ആഭ്യന്തര ഡിമാൻഡ് മന്ദഗതിയിലായതിനാൽ പ്രാദേശികമായി അന്താരാഷ്ട്ര വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. നവംബറിൽ, ആർ.ബി.ഐ അതിന്റെ സ്വർണശേഖരം വർധിപ്പിക്കുന്നതിൽനിന്ന് വിട്ടുനിന്നു. ഇത് ആറുമാസത്തിനിടയിലെ ആദ്യ സംഭവമാണ്. ഇന്ത്യൻ ഗോൾഡ് ഇ.ടി.എഫുകൾ ഏപ്രിൽ മുതൽ സുസ്ഥിരമായ നിക്ഷേപം കണ്ടു. നവംബറിൽ 47 ദശലക്ഷം യു.എസ് ഡോളറിന്റെ ഒഴുക്കുണ്ടായി.
നിലവിലെ ഉയർന്ന വിലയുടെ അന്തരീക്ഷം സ്വർണത്തിന്റെ ആവശ്യകത കുറക്കാൻ സാധ്യതയുണ്ട്. ഗാർഹിക സ്വർണ ഉപഭോഗം വിവാഹങ്ങൾക്ക് മാത്രമായി ചുരുങ്ങി. ദൈനംദിന ഉപയോഗത്തിനുള്ള ആഭരണങ്ങൾ വാങ്ങലുകൾ ഇനി പരിമിതമായിരിക്കും. നിലവിലെ ആഗോള രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്താൽ നിക്ഷേപം വർധിക്കാൻ സാധ്യതയുണ്ട്. അനുകൂലമായ ആഭ്യന്തര സാമ്പത്തിക വളർച്ച സാധ്യതകൾ, ചെലവുകളിലെ വർധന എന്നിവയും സ്വർണ നിക്ഷേപ ആവശ്യകതയെ പിന്തുണക്കും. സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപകരുടെ താൽപര്യം വർധിക്കുന്നത് നിലനിൽക്കാൻ സാധ്യതയുണ്ട്. കേരളത്തിൽ 47,000 എന്ന സർവകാല റെക്കോഡ് മറികടന്ന സ്വർണം ഗ്രാമിന് 6,000 എന്ന മോഹവില തൊട്ടാലും അത്ഭുതപ്പെടാനില്ല.
ചെങ്കടൽ പ്രതിസന്ധിയും എണ്ണവിലയും
ഇസ്രായേൽ ഗസ്സയിൽ തുടരുന്ന യുദ്ധത്തിന്റെ അലയൊലികൾ ആഗോള തലത്തിൽ ഏറ്റവും രൂക്ഷമായത് ചെങ്കടലിൽ കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതോടെയാണ്. ഏഷ്യയും യൂറോപ്പുമായുള്ള പ്രധാന വാണിജ്യ ഇടനാഴിയാണിത്. എണ്ണ മാത്രമല്ല മറ്റ് പല അവശ്യവസ്തുക്കളും ലോകത്തിന്റെ പലഭാഗത്തേക്കും കടന്നുപോകുന്നത് ഈ വഴിയാണ്. യമനിലെ ഹൂതി പോരാളികളുടെ ആക്രമണം മൂലം പല ചരക്ക് കപ്പലുകൾക്കും കേടുപാടുകളുണ്ടാകുകയോ യാത്ര നിർത്തുകയോ ചെയ്തു. നിലവിൽ അമേരിക്കയും സഖ്യ സേനയും കപ്പലുകൾക്ക് സംരക്ഷണത്തിനായി രംഗത്തുണ്ടെങ്കിലും പ്രശ്നം വഷളാകുകയാണെങ്കിൽ ഇത് ആഗോളതലത്തിൽ തന്നെ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
2023 ഏപ്രിലിൽ ഒപെക് രാജ്യങ്ങൾ എണ്ണ ഉൽപാദനം പ്രതിദിനം 1.65 ദശലക്ഷം ബാരൽ വെട്ടിക്കുറച്ചതിനെ തുടർന്ന് എണ്ണ വില 25 ശതമാനത്തോളം ഉയർന്നു. ജൂണിൽ ബാരലിന് 97 ഡോളർ എന്ന നിലയിലെത്തി. 2024 മാർച്ച് വരെ ഉൽപാദനം വെട്ടിച്ചുരുക്കാനാണ് ഒപെക് തീരുമാനം.നിലവിൽ ബാരലിന് 81 ഡോളറിലാണ് എണ്ണ വില. ചൈന, യൂറോപ്യൻ രാജ്യങ്ങൾ എന്നിവ മാന്ദ്യത്തിൽ തുടരുന്നത് എണ്ണ വില ഇതേ നിലയിൽ നിലനിൽക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, 2024ൽ ആഗോള ആവശ്യകത കൂടുമെന്നും വില 100 ഡോളറിൽ എത്തുമെന്നും വിലയിരുത്തുന്നവരുണ്ട്. ഇത്തരമൊരു കയറ്റം ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങൾക്ക് പ്രതികൂലമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.