താജ് ഗ്രൂപ്പ് 120 കോടിയുടെ നിക്ഷേപവുമായി വയനാട്ടിൽ
text_fieldsകൽപറ്റ: വയനാടിന്റെ വിനോദസഞ്ചാര വികസന മേഖലയിൽ വൻ കുതിച്ചുചാട്ടമായി ജില്ലയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടൽ തരിയോട് മഞ്ഞൂറയിൽ ഒരുങ്ങി. ഒറ്റയടിക്ക് 120 കോടി രൂപയുടെ ടൂറിസം നിക്ഷേപമാണ് താജ് ഗ്രൂപ്പ് വയനാട്ടിൽ നടത്തിയിരിക്കുന്നത്. ബാണാസുര ജലാശയത്തിന് അഭിമുഖമായി 10 ഏക്കറിൽ പരിസ്ഥിതി സൗഹൃദപരമായി പണിതുയർത്തിയ താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഡംബര സൗകര്യങ്ങളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.
പ്രവാസി മലയാളിയായ എൻ. മോഹൻകൃഷ്ണന്റെ സ്വപ്ന പദ്ധതിയാണ് ഈ പഞ്ചനക്ഷത്ര ഹോട്ടൽ. പ്രദേശവാസികളായ ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. താജ് വയനാട് പ്രവർത്തനമാരംഭിക്കുന്നതോടെ ജില്ലയിലെ വിനോദസഞ്ചാര മേഖലയ്ക്കു മാത്രമല്ല, സാമ്പത്തികമേഖലയ്ക്കാകെ പുത്തനുണർവായിരിക്കുമെന്ന് ബാണാസുര സാഗർ ഹോട്ടൽസ് ആൻഡ് റിസോർട്സ് സി.എം.ഡി എൻ. മോഹൻകൃഷ്ണൻ പറഞ്ഞു.
ജലാശയത്തോടു ചേർന്ന ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന ഹോട്ടൽ ബാണാസുര തടാകത്തിന്റെയും കുന്നുകളുടെയും മനോഹരമായ കാഴ്ച പകർന്നു നൽകുന്നതാണ്. ഭൂമിയുടെയും ആകാശത്തിന്റെയും ജലാശയത്തിന്റെയും പനോരമിക് കാഴ്ച നൽകുന്ന മുറികളും കോട്ടേജുകളും വില്ലകളും മൂന്ന് റസ്റ്റോറന്റുകളുമാണ് പ്രധാന പ്രത്യേകത. 864 ചതുരശ്ര അടി വിസ്തീർണമുള്ള പ്രസിഡൻഷ്യൽ വില്ലയും ഒരുക്കിയിട്ടുണ്ട്.
ലോകത്തെല്ലായിടത്തുമുള്ള തനതുരുചികളും ഇവിടെ പരിചയപ്പെടാം. നാല് പൂൾ വില്ലകളും 42 വാട്ടർ ഫ്രണ്ടേജ് കോട്ടേജുകളും ഉൾപ്പെടെ 61 മുറികളും ഗാർഡൻ ഏരിയയുമെല്ലാം താജ് വയനാടിന്റെ സൗകര്യങ്ങളാണ്. യോഗ പവലിയൻ, ആംഫി തിയറ്റർ, ജീവ സ്പാ എന്നിവയുൾപെട്ട വെൽനെസ് പാക്കേജുകളും ലഭ്യമാണ്.
ഹോട്ടലിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 9.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് സി.എം.ഡി എൻ. മോഹൻ കൃഷ്ണൻ, പി.ആർ.ഒ ഐ. സിദ്ദിഖ് ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.