നന്ദി, ഇമാറാത്തിെൻറ സ്നേഹത്തിന്, കരുതലിന്..
text_fieldsലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി യു.എ.ഇയിലെ അനുഭവങ്ങൾ ഓർത്തെടുക്കുന്നു...
യു.എ.ഇ എന്ന മഹാത്തായ രാജ്യത്തിന് 50വയസ്സ് തികഞ്ഞിരിക്കുന്നു. സ്വദേശിയും പ്രവാസിയും അടക്കം ഈ നാടിെൻറ വെള്ളവും വളവും സ്വീകരിച്ച് മികച്ച ജീവിതം കെട്ടിപ്പടുത്ത കോടിക്കണക്കിന് മനുഷ്യർക്ക് ആഹ്ലാദനിമിഷമാണിത്. എന്നെപ്പോലെ യു.എ.ഇയുടെ ആദ്യകാലത്ത് ഈ മണ്ണിൽ എത്തിച്ചേർന്ന് വളരാൻ സാധിച്ചവർക്ക് സന്തോഷത്തിന് അതിരുകളില്ല.
ഇൗ നാടിെൻറ വളർച്ച നേരിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ നാട് വളർന്നപ്പോൾ കൂടെ നമുക്കും വളരാനുള്ള വഴിയൊരുങ്ങുകയായിരുന്നു. എത്രയെത്ര കുടുംബങ്ങളിലെ പട്ടിണിയാണ് ഈ നാടു കാരണം ഇല്ലാതായത്, എത്ര കുഞ്ഞുവയറുകളാണ് ഈ നാടിെൻറ സ്നേഹത്താൽ നിറഞ്ഞത്...അതിന്നും തുടരുന്നു.
വരണ്ടഭൂപ്രകൃതിയും അനുകൂലമല്ലാത്ത കാലാവസ്ഥയുമുള്ള ഒരു നാടിനെ ഇൗ രൂപത്തിൽ ലോകത്തെ വികസിത രാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിച്ചത് അത്ഭുതകരം തന്നെയാണ്. അതൊന്നും ഒരുദിവസം കൊണ്ടുണ്ടായതല്ല. പ്രജാക്ഷേമ തൽപരരും ദീർഘവീക്ഷണവുമുള്ള ഭരണാധികാരികളാണ് അതിെൻറ ചാലകശക്തികളായത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ-വിനോദ മേളയായ എക്സ്പോക്ക് ആതിഥ്യമരുളുകയാണ് ഈ നാട്.
വിശ്വമേളയിലേക്ക് ലോകത്തിെൻറ അഷ്ടദിക്കിൽനിന്നും എത്തിച്ചേരുന്നവരെയെല്ലാം മനോഹരമായി സ്വീകരിക്കുകയും അവർ സംതൃപ്തിയോടെ മടങ്ങുകയും ചെയ്യുന്നു. കോവിഡ് പോലെ ലോകം വിറങ്ങലിച്ച ഒരു മഹാമാരിക്കാലത്ത് ഇത്തരമൊന്ന് യാഥാർഥ്യമാക്കാൻ എല്ലാ രാജ്യങ്ങൾക്കും സാധിക്കുന്നതല്ല. വിദേശ ഭരണാധികാരികൾ ഇവിടത്തെ സന്നാഹങ്ങളും സൗകര്യങ്ങളും കണ്ട് അത്ഭുതപ്പെട്ടാണ് മടങ്ങുന്നത്.
ശാസ്ത്ര -സാങ്കേതിക വിദ്യയുടെ എല്ലാ നവീനമായ സൗകര്യങ്ങളും വളരെ പെട്ടെന്ന് സ്വീകരിക്കുന്നതോടൊപ്പം, അറബ് പൈതൃകത്തെയും പാരമ്പര്യത്തെയും മുറുകെപ്പിടിക്കാനും ഈ നാട് ശ്രദ്ധിക്കുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസും സ്മാർട്ട് ടെക്നോളജിയും ഉപയോഗപ്പെടുത്തുേമ്പാഴും കുതിരയോട്ട മത്സരവും ഫാൽകൺ ഫെസ്റ്റിവലും മുടങ്ങാതെ ഇവിടെ അരങ്ങേറുന്നത് നമുക്ക് കാണാനാവും.
സുരക്ഷിതത്വത്തിനും സമാധാനത്തിനും ഏറ്റവും മുന്തിയ പരിഗണനയാണ് നൽകിവരുന്നത്. സമീപകാലത്ത് പുറത്തുവന്ന സർവേയിൽ ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യമായി യു.എ.ഇ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മലയാളികളെ സ്നേഹിക്കുന്ന ഭരണാധികാരികൾ
യു.എ.ഇയിലെ എല്ലാ ഭരണാധികാരികളും ഇന്ത്യക്കാരോട്, പ്രത്യേകിച്ച് മലയാളികളോട് വല്ലാത്ത സ്നേഹമുള്ളവരാണ്. അതിനാൽ, ഏതു ശൈഖുമാരുടെ കൊട്ടാരത്തിൽ പോയാലും നിങ്ങൾക്ക് മലയാളികളെ കാണാനാവും. പലവിധ ജോലികളിൽ വിശ്വസ്ത സേവകരായാണ് അവരെ നിയമിക്കുന്നത്. മലയാളികളോടുള്ള വിശ്വാസവും സ്നേഹവുമാണ് അത് കാണിക്കുന്നത്. വ്യക്തിപരമായി എനിക്കും അതൊരു അഭിമാനം തന്നെയാണ്.
കാരണം, ഏതു പാലസിൽ പോയാലും എന്നെ കാണാനും ഫോട്ടോയെടുക്കാനും പ്രവാസികൾ അടുത്തു വരും. ജാതി-മത-ദേശ ഭേദെമന്യേ ഭരണാധികാരികൾ സൂക്ഷിക്കുന്ന സ്നേഹമാണ് അവരുടെ ഏറ്റവും വലിയ ഗുണം. ശൈഖ് മുഹമ്മദ് ബിൻ സായിദ് 14 ഏക്കർ സ്ഥലമാണ് അബൂദബിയിൽ ഹിന്ദു ക്ഷേത്രം നിർമിക്കാനായി നൽകിയത്. അതിെൻറ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കയാണ്.
ഇത് ഇന്ത്യക്കാരോടുള്ള പരിഗണനയെ കാണിക്കുന്നതാണ്. അതുപോലെ, അവർ സൂക്ഷിക്കുന്ന അടുപ്പവും കരുതലും വളരെ വലുതാണ്. എനിക്ക് സമീപകാലത്ത് ഹെലികോപ്റ്റർ അപകടമുണ്ടായപ്പോൾ കൊച്ചിയിലെ ആശുപത്രിയിൽ കഴിയുേമ്പാൾ ആദ്യ ദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിളിച്ചു. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിട്ടും ഫോണെടുത്തു സംസാരിച്ചു. പിറ്റേന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദും വിളിച്ചു. സത്യത്തിൽ, അവരുടെ സ്നേഹത്തിനു മുന്നിൽ എനിക്ക് വാക്കുകളില്ലാതായി. അത്രയും പരിഗണന നൽകുന്നവരാണ് ഇവിടത്തെ ഭരണാധികാരികൾ. പ്രവാസിയെന്നത് അവരുടെ ചേർത്തുപിടിക്കലിന് ഒരിക്കലും തടസ്സമായിട്ടില്ല.
അടുത്ത അമ്പതിലേക്ക് കുതിക്കുന്ന ഇമാറാത്ത്
യു.എ.ഇ സുവർണ ജൂബിലി നിറവിൽ നിൽക്കുേമ്പാൾ ഭരണാധികാരികൾ അടുത്ത അമ്പതു വർഷത്തെ കുറിച്ച് ചിന്തിക്കുകയും പദ്ധതി തയാറാക്കുകയും ചെയ്തിരിക്കുന്നു. രാജ്യം എങ്ങനെ പുരോഗമിക്കണമെന്നതിനെ കുറിച്ച മാസ്റ്റർ പ്ലാനാണ് തയാറാക്കിയിരിക്കുന്നത്. അതിനുവേണ്ട തത്ത്വങ്ങളും പ്രായോഗിക സമീപനങ്ങളും എല്ലാം തയാറായിക്കഴിഞ്ഞു. ഇവിടത്തെ ഭരണാധികാരികളുടെ ദീർഘദൃഷ്ടിയും കർമകുശലതയും ഇത് വ്യക്തമാക്കുന്നു.
കഴിഞ്ഞ കാലത്തെ പോലെ, ഈ രാജ്യം പുരോഗതി കൈവരിക്കുേമ്പാൾ അതിെൻറ ഗുണം മലയാളികളടക്കമുള്ള മുഴുവൻ പ്രവാസികൾക്കും ലഭിക്കും. ''50 വർഷത്തേക്ക് 50 പദ്ധതികൾ'' പ്രഖ്യാപിക്കുേമ്പാൾ ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും അക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. മികച്ച ഭാവി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വേണ്ടിയാണ് പദ്ധതികളെന്നാണ് പറഞ്ഞത്.
ലുലു ഗ്രൂപ്പും ഭാവിയെ മുന്നിൽ കണ്ടുതന്നെയാണ് പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കോവിഡ് അനേകം പ്രതിസന്ധികൾ സൃഷ്ടിച്ചതുപോലെ, നിരവധി സാധ്യതകളും തുറന്നിട്ടുണ്ട്. ഓൺലൈൻ രംഗത്തെ സാധ്യതകൾ അത്തരത്തിലുള്ളതാണ്. ആ മേഖലയിലും ലുലു വളരെ വേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കയാണ്. വികസിക്കുന്ന യു.എ.ഇക്കൊപ്പം വളരാൻ നമുക്കും കഴിയുന്നു. അതിനുള്ള സാഹചര്യവും സഹായവും ഇവിടത്തെ നല്ലവരായ ഭരണാധികാരികൾ നമുക്ക് ഒരുക്കിത്തരുന്നുണ്ട്.
അമ്പതാം വാർഷികമെന്ന സുപ്രധാനഘട്ടം പിന്നിടുേമ്പാൾ, യു.എ.ഇയിലെ ഭരണാധികാരികളോടും ജനങ്ങളോടും എനിക്ക് പറയാനുള്ളത് അകമഴിഞ്ഞ നന്ദിയാണ്. വിദേശികളായ മലയാളികളടക്കമുള്ള ഞങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും സാഹോദര്യത്തിനും അടുപ്പത്തിനും വിശ്വാസത്തിനും നന്ദി, നന്ദി...
ശൈഖ് സായിദ് എന്ന വെളിച്ചം
ഈ രാജ്യം കൈവരിച്ച എല്ലാ നേട്ടങ്ങളുടെയും പിന്നിൽ മഹാനായ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ കരസ്പർശമുണ്ട്. അദ്ദേഹം പ്രസരിപ്പിച്ച വെളിച്ചത്തിലാണ് യു.എ.ഇ പിച്ചവെച്ചുതുടങ്ങിയത്. ആദ്യം ഏഴ് എമിറേറ്റുകളെ യോജിപ്പിച്ച് ഐക്യവും സ്നേഹവും രൂപപ്പെടുത്തി. ജനങ്ങളെ അത്രമേൽ സ്നേഹിച്ച ശൈഖിനെ രാജ്യത്തെ ഒാരോ മനുഷ്യനും സ്നേഹിച്ചു.
ഈ രാജ്യത്ത് ജീവിക്കുന്ന എല്ലാവരോടും ഒരേസമീപനം എന്നത് അദ്ദേഹം പകർന്ന ഭരണപാഠമായിരുന്നു. സ്വദേശിയോടും വിദേശിയോടും വിവേചനമില്ലാതെ പെരുമാറി. എല്ലാവർക്കും ഒരേ നിയമം നടപ്പിലാക്കി. 1974ൽ ഇവിടത്തെ സ്വദേശികൾക്ക് സ്ഥലവും കെട്ടിടം പണിയാനുള്ള സൗകര്യങ്ങളും സർക്കാർ ചെയ്ത് കൊടുക്കുന്നത് ഞാൻ നേരിൽ കണ്ടതാണ്. ഈ നാട്ടിലെ ജനങ്ങളെ വളർത്തുന്നതിനു വേണ്ടിയായിരുന്നു അത്. അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, ആരോഗ്യം, ഹരിതവത്കരണം എന്നിവക്ക് ശൈഖ് പ്രാധാന്യം നൽകി. യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്ന അടിസ്ഥാന സൗകര്യങ്ങൾ നേടിയെടുക്കുന്നതിന് അടിത്തറ പാകിയത് അദ്ദേഹമായിരുന്നു. ആ പാത പിന്തുടർന്നാണ് മക്കളും മറ്റു ഭരണാധികാരികളുമെല്ലാം ഇന്ന് മുന്നോട്ടുപോകുന്നത്.
ശൈഖ് സായിദിനെ ഞാൻ പലതവണ നേരിൽ പോയി കാണാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഗൾഫ് യുദ്ധകാലത്തിന് തൊട്ടുമുമ്പാണ് ഞാൻ അബൂദബിയിലെ ആദ്യ സൂപ്പർമാർക്കറ്റ് ആരംഭിച്ചത്. അന്ന് പലരും നാടുവിടുന്ന കാലമായിരുന്നു.
വലിയ പരസ്യങ്ങൾ നൽകി, സൂപ്പർ മാർക്കറ്റ് ആരംഭിച്ചപ്പോൾ അദ്ദേഹം എന്നെ വിളിപ്പിച്ചു. അടുത്തിരുത്തി എന്നോട് സംസാരിക്കുകയും മക്കൾക്ക് എന്നെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. ആ സന്ദർഭം വളരെ നന്ദിയോടെ ഞാനിപ്പോൾ ഓർക്കുകയാണ്. ശൈഖ് സായിദിെൻറയും മക്കളുടെയും മറ്റു ഭരണാധികാരികളുടെയും പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക് ഇന്നത്തെ നിലയിൽ എത്താൻ കഴിയുമായിരുന്നില്ല. എനിക്ക് വീടിന് അബൂദബിയിൽ സ്ഥലം അനുവദിച്ചു. മുശ്രിഫ് മാൾ പണിയാനും അൽ ഖലിദിയ്യ മാൾ പണിയാനും ഏക്കർ കണക്കിന് സ്ഥലം അനുവദിച്ചു. അങ്ങനെ വ്യക്തിപരമായി ശൈഖ് സായിദും കുടുംബവും എന്നെ സഹായിച്ചു.
അതിന് തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും ഉണ്ട്. ഇക്കാര്യം മാസങ്ങൾക്ക് മുമ്പ് അബൂദബിയുടെ ഉന്നത പുരസ്കാരം സമ്മാനിക്കുേമ്പാൾ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിനോട് നേരിട്ടുതന്നെ പറഞ്ഞിട്ടുണ്ട്.
തയാറാക്കിയത്: സാലിഹ് കോട്ടപ്പള്ളി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.