ടാറ്റ വിളിച്ചു; ടാറ്റയോട് പോരാടി
text_fieldsമുംബൈ: 2012 ൽ ടാറ്റ സൺസിന്റെ ചെയർമാനായി പ്രഖ്യാപിക്കപ്പെടും വരെ മിസ്ത്രി കുടുംബത്തിന്റെ കെട്ടിട നിർമാണ കമ്പനിയായ ഷപൂർജി പല്ലോൻജി ഗ്രൂപ്പിൽ ഒതുങ്ങിനിന്ന പേരായിരുന്നു സൈറസ് മിസ്ത്രി. മടിച്ചുനിന്ന സൈറസിനെ തന്റെ പിൻഗാമിയായി ടാറ്റ സൺസിന്റെ കടിഞ്ഞാൺ ഏറ്റെടുക്കാൻ നിർബന്ധിച്ചത് രത്തൻ ടാറ്റതന്നെയായിരുന്നു. 100 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ടാറ്റ സൺസിന്റെ ചെയർമാനായതോടെ അതുവരെ വ്യവസായികൾക്കിടയിൽ മാത്രം അറിഞ്ഞിരുന്ന ആ പേര് ഖ്യാതി നേടി. എന്നാൽ, നിയമ പോരിന് വഴിയൊരുക്കി 2016ൽ ടാറ്റ സൺസ് സൈറസിനെ പദവിയിൽനിന്ന് പുറത്താക്കി. ടാറ്റയുടെ ആസ്ഥാനമായ മുംബൈ ഹൗസിൽ ഇടപെടലുകളും സ്വാധീനവും കൊണ്ട് 'ഫാന്റം ഓഫ് ബോംബെ ഹൗസെന്ന' ഖ്യാതി നേടിയ പിതാവ് പല്ലോൻജി മിസ്ത്രി മാജിക്കുകളൊന്നും സൈറസിനെ തുണച്ചില്ല.
18 ശതമാനത്തിലേറെ ഓഹരിയാണ് ടാറ്റ സൺസിൽ സൈറസിന്റെ കുടുംബ കമ്പനിക്കുള്ളത്. ഒരുവേള മിടുക്കനെന്ന് രത്തൻ ടാറ്റയിൽ നിന്നടക്കം കേട്ടിട്ടും അപ്രതീക്ഷിത പുറത്താക്കൽ സൈറസിന്റെ ആത്മാഭിമാനത്തിന് ക്ഷതമേൽപിച്ചു. അതിനാൽ, ടാറ്റ കമ്പനിയെ സൈറസ് കോടതി കയറ്റി.
പുറത്താക്കലിന്റെ കാരണമറിയണമെന്നായിരുന്നു മുഖ്യ ആവശ്യം. ടാറ്റയിൽനിന്ന് ഷപൂർജി പല്ലോൻജി ഗ്രൂപ്പിന്റെ ഓഹരി പിൻവലിക്കുമെന്ന അഭ്യൂഹവുമുണ്ടായി. ടാറ്റ ഗ്രൂപ്പിന്റെ തലപ്പത്തിരിക്കെ, ടാറ്റ ഗ്രൂപ്പിൽനിന്നും തെരഞ്ഞെടുത്ത എക്സിക്യൂട്ടിവുകൾ, മറ്റു വ്യവസായ മേഖലയിലെ എക്സിക്യൂട്ടിവുകൾ, അക്കാദമിക് വിദഗ്ദർ എന്നിവരടങ്ങുന്ന പ്രത്യേക ഗ്രൂപ് എക്സിക്യൂട്ടിവ് കൗൺസിൽ (ജി.ഇ.സി) മിസ്ത്രിക്കുണ്ടായിരുന്നു. ഉൾവലിഞ്ഞ പ്രകൃതക്കാരനായിരുന്നു. എന്നാൽ, പുറത്താക്കലോടെ അദ്ദേഹം രത്തൻ ടാറ്റക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തുവന്നു. 'ഒരാളുടെ ഈഗോ' യാണ് കമ്പനിയിൽ മോശം തീരുമാനങ്ങൾക്ക് വഴിയൊരുക്കിയതെന്നുപറഞ്ഞ സൈറസ്, രത്തൻ ടാറ്റ വാസ്തവം വിളിച്ചുപറയാത്തതിനെ വിമർശിക്കുകയും ചെയ്തു.
ദേശീയ കമ്പനി നിയമ ൈട്രബ്യൂണലിനെയും ദേശീയ കമ്പനി അപ്പലറ്റ് ട്രൈബ്യൂണലിനെയും സമീപിച്ചെങ്കിലും വിജയിച്ചില്ല. സുപ്രീംകോടതി ടാറ്റ സൺസ് ബേഡിന്റെ നടപടി ശരിവെച്ചതോടെ നിയമപോരാട്ടത്തിന് തിരശ്ശീലവീണു. എന്നാൽ, മിസ്ത്രിക്കെതിരായ ചില പരാമർശങ്ങൾ സുപ്രീംകോടതി റദ്ദാക്കി. സൈറസ് വിടവാങ്ങുമ്പോഴും ടാറ്റ സൺസിൽനിന്നുള്ള പുറത്താക്കലിെന്റ കാരണം ദുരൂഹമായി അവശേഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.