കര കയറുമോ ബ്രിട്ടൻ?
text_fieldsലണ്ടൻ: ബ്രിട്ടനിലെ ഏഷ്യൻവംശജനായ ആദ്യ പ്രധാനമന്ത്രിയായി ഋഷി സുനക് അധികാരമേൽക്കുമ്പോൾ കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ദിവസങ്ങൾ മാത്രം നീണ്ട ഭരണകാലത്ത് സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം നിർദേശിക്കാനാവാതെ മുൻഗാമി ലിസ്ട്രസ് തോറ്റുപിന്മാറിയ സാഹചര്യത്തിൽ പ്രത്യേകിച്ചും.
ബ്രിട്ടന് വിശ്വസനീയമായ സാമ്പത്തിക പദ്ധതിയുണ്ടെന്ന് വിപണികൾക്ക് ഉറപ്പുനൽകുക എന്നതായിരിക്കും സുനകിന്റെ ആദ്യജോലി. അതിന് സഹായിക്കാൻകഴിയുന്ന സർക്കാർ നിലവിലുണ്ടെന്ന് വിപണിയെ വിശ്വസിപ്പിക്കാനുമാകണം. ഒക്ടോബർ 31ന് നടക്കാനിരിക്കുന്ന യു.കെ. ധനസ്ഥിതിയെക്കുറിച്ചുള്ള വിലയിരുത്തലിലാണ് എല്ലാ കണ്ണുകളും.
ചെറിയ പ്രതിസന്ധിയൊന്നുമല്ല ബ്രിട്ടനെ വിഴുങ്ങിയിരിക്കുന്നത്. യുക്രെയ്നിലെ യുദ്ധം മൂലം ഊർജവില കുതിച്ചുയർന്നു. അതിന്റെ ഫലമായി പണപ്പെരുപ്പം ആകാശംമുട്ടി. ജനങ്ങളുടെ ജീവിതച്ചെലവ് വൻതോതിൽ വർധിച്ചിരിക്കുന്നു. ചെലവ് ചുരുക്കലും നികുതിവർധനവും സുനകിന്റെ ഭരണകാലത്ത് ഉറപ്പാണെന്നാണ് ധനകാര്യ വിദഗ്ധരുടെ വിലയിരുത്തൽ. നികുതിവർധന ജനരോഷത്തിനിടയാക്കുമെന്ന അപകടവുമുണ്ട്. കൺസർവേറ്റീവ് എം.പിമാരെ ഒപ്പം നിർത്തുകയും വേണം.
ബ്രെക്സിറ്റ് തെറ്റായിപ്പോയി എന്ന് കരുതുന്നവരേറെയാണ്. യൂറോപ്യൻ യൂനിയൻ വിട്ടത് പ്രതിസന്ധി രൂക്ഷമാകുന്നതിൽ പ്രധാന പങ്കുവഹിച്ചെന്ന് കരുതുന്നവരിൽ പ്രമുഖ സാമ്പത്തിക വിദഗ്ധരുമുണ്ട്. ബോറിസ് ജോൺസൺ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ പ്രതിസന്ധി രൂക്ഷമാകുമായിരുന്നു എന്നും അഭിപ്രായവുമുണ്ട്.
സമഗ്രത, പ്രഫഷനലിസം, ഉത്തരവാദിത്തം എന്നിവ വാഗ്ദാനം ചെയ്താണ് സുനക് എത്തുന്നത്. നികുതി വെട്ടിക്കുറക്കാനുള്ള ലിസ്ട്രസിന്റെ വാഗ്ദാനം യു.കെ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്ന് സുനക് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.
ഋഷി സുനക് പ്രധാനമന്ത്രിയായത് ഇന്ത്യയും ബ്രിട്ടനും സഹകരണത്തിന് സഹായകരമാകുമെന്ന വിലയിരുത്തലുമുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യാപാരക്കരാറിനായുള്ള ചർച്ചകൾക്ക് സുനകിന്റെ സ്ഥാനലബ്ധി ആക്കംനൽകുമെന്നും ഉഭയകക്ഷി വ്യാപാരത്തിനും നിക്ഷേപത്തിനും ഉത്തേജനം ലഭിക്കുമെന്നും വ്യാപാരവിദഗ്ധർ അഭിപ്രായപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.