മുന്നാക്ക സമുദായ കോർപറേഷന് 38.05 കോടി, പിന്നാക്ക വികസന കോർപറേഷന് 16 കോടി
text_fieldsതിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ മുന്നാക്ക, പിന്നാക്ക വിഭാഗങ്ങളുടെ വികസനത്തിനായി പ്രവർത്തിക്കുന്ന കോർപറേഷനുകൾക്ക് വകയിരുത്തിയ വിഹിതത്തിൽ ഇത്തവണയും വലിയ അന്തരം. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപറേഷന് 38.05 കോടി രൂപ വകയിരുത്തിയപ്പോൾ പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ പ്രവർത്തനത്തിന് 16 കോടി രൂപ മാത്രമാണ് നീക്കിവെച്ചതെന്ന് ബജറ്റ് രേഖയിൽ നിന്ന് വ്യക്തമാകും.
കൂടാതെ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷന് ഓഹരി മൂലധനമായി 13 കോടി ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷന്റെ വിവിധ പ്രവർത്തനത്തിന് 6 കോടി രൂപയും ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി ന്യൂനപക്ഷക്ഷേമ പദ്ധതികൾ നിർത്തലാക്കിയ കേന്ദ്ര സർക്കാർ പുതിയ സാമ്പത്തിക വർഷം മന്ത്രാലയത്തിനുള്ള 2000ത്തോളം കോടി രൂപയുടെ ഫണ്ട് വെട്ടിക്കുറച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം മന്ത്രാലയത്തിന് അനുവദിച്ച 2400ലേറെ കോടി രൂപ വിനിയോഗിക്കാതെ പാഴാക്കുകയും ചെയ്തു. മുഖ്താർ അബ്ബാസ് നഖ്വിയിൽ നിന്ന് മാറ്റി ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല സ്മൃതി ഇറാനിയെ ഏൽപിച്ച ശേഷമുള്ള ആദ്യ ബജറ്റിലാണ് ന്യൂനപക്ഷ ക്ഷേമത്തിനുള്ള കോടികൾ പാഴാക്കിയതും വെട്ടിക്കുറച്ചതും പുറത്തുവന്നത്.
കഴിഞ്ഞ ബജറ്റിൽ 5020.50 കോടി രൂപ അനുവദിച്ച ന്യൂനപക്ഷ മന്ത്രാലയത്തിന് 3097.60 കോടി രൂപയാണ് പുതിയ കേന്ദ്ര ബജറ്റിൽ നീക്കിവെച്ചത്. കൃത്യമായി പറഞ്ഞാൽ 1922.90 കോടി കുറവ്. കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 5020.50 കോടിയിൽ 2407.84 കോടി രൂപ ന്യൂനപക്ഷ മന്ത്രാലയം ചെലവഴിക്കാതെ പാഴാക്കിയെന്നും നിർമല സീതാരാമൻ പാർലമെന്റിന് മുമ്പാകെ വെച്ച ബജറ്റ് വെളിപ്പെടുത്തിയിരുന്നു.
‘പ്രധാൻമന്ത്രി ജൻവികാസ് കാര്യക്രം’ എന്ന് മോദി സർക്കാർ പേര് മാറ്റിയ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലകളുടെ ബഹുമുഖ വികസന പദ്ധതിക്കുള്ള ഫണ്ടിൽ 1050 കോടി രൂപയും വെട്ടിക്കുറച്ചു. കഴിഞ്ഞ വർഷം 1650 കോടി രൂപ അനുവദിച്ച സ്ഥാനത്ത് 600 കോടി രൂപ മാത്രമാണ് ഇക്കുറി നീക്കിവെപ്പ്. കഴിഞ്ഞ വർഷം അനുവദിച്ചതിൽ 1150 കോടി രൂപ മന്ത്രാലയം വിനിയോഗിക്കാതെ പാഴാക്കി. കഴിഞ്ഞ തവണ 160 കോടി രൂപ വകയിരുത്തിയ ‘മദ്റസകൾക്കും ന്യൂനപക്ഷങ്ങൾക്കുമുള്ള വിദ്യാഭ്യാസ പദ്ധതി’ക്ക് ഇത്തവണ 10 കോടി രൂപ മാത്രമായി മാറി.
ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ ശാക്തീകരണത്തിനുള്ള പദ്ധതികൾക്കായി കഴിഞ്ഞ ബജറ്റിൽ 2515 കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഇത്തവണ 1689 കോടി രൂപ മാത്രമാണുള്ളത്. ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിലുള്ള കുട്ടികൾക്ക് ഇനി മുതൽ നൽകേണ്ടെന്ന് കേന്ദ്രം തീരുമാനിച്ച പ്രീ മെട്രിക് സ്കോളർഷിപ്പിനുള്ള ഫണ്ട് 1425 കോടിയിൽനിന്ന് കേവലം 433 കോടിയായി ചുരുങ്ങി.
ഒമ്പതും പത്തും ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുമാത്രമാണ് പദ്ധതിയെന്ന് ബജറ്റ് രേഖ വ്യക്തമാക്കുന്നു. ഈ സ്കോളർഷിപ്പിനായി കഴിഞ്ഞ ബജറ്റിൽ അനുവദിച്ച 1425 കോടി രൂപയിൽ 556.82 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്.
അതുപോലെ ബിരുദ ബിരുദാനന്തര തലത്തിൽ പ്രഫഷനൽ കോഴ്സുകളോ സാങ്കേതിക കോഴ്സുകളോ ചെയ്യുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കുള്ള മെറിറ്റ് കം മീൻസ് സ്കോളർഷിപ്പിനുള്ള തുക 365 കോടി രൂപയിൽനിന്ന് 44 കോടിയായും വെട്ടിക്കുറച്ചു. ന്യൂനപക്ഷങ്ങളുടെ പ്രത്യേക പരിപാടികൾക്കുള്ള തുക 53 കോടിയിൽനിന്ന് 26.10 കോടിയാക്കി.
ന്യൂനപക്ഷങ്ങളുടെ വൈദഗ്ധ്യ വികസനത്തിനായി ന്യൂനപക്ഷ മന്ത്രാലയത്തിനുള്ള തുക 491.91 കോടി രൂപയിൽനിന്ന് ഇത്തവണ വെറും 64.60 കോടി രൂപയായിട്ടാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ വർഷം 235.41 കോടി അനുവദിച്ച നൈപുണ്യ വികസന സംരംഭങ്ങൾക്കും 47 കോടി അനുവദിച്ച പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ‘ഉസ്താദ്’ പദ്ധതിക്കും, 46 കോടി അനുവദിച്ച ‘നയീ മൻസിൽ’ പദ്ധതിക്കും ഈ ബജറ്റിൽ 10,000 രൂപവീതം മാത്രമാണ് നീക്കിവെച്ചിട്ടുള്ളത്.
ന്യൂനപക്ഷ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കാൻ കഴിഞ്ഞ തവണ രണ്ടു കോടി അനുവദിച്ചതും ഇക്കുറി 10,000 രൂപയിലൊതുക്കി. ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനുള്ള തുക 515 കോടിയിൽ നിന്ന് 1065 കോടിയായി ഉയർത്തിയതുമാത്രമാണ് എടുത്തുകാണിക്കുന്ന ഒരേയൊരു വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.