യു.എസ് സാമ്പത്തികമാന്ദ്യത്തിന്റെ പടിവാതിൽക്കൽ; തിരിച്ചടിയാവുന്നത് ട്രംപിന്റെ നയങ്ങൾ
text_fieldsയു.എസ് പ്രസിഡന്റിന്റെ വ്യാപാരനയങ്ങൾ അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോയെന്ന് ആശങ്ക. ട്രംപിന്റെ നയങ്ങൾ മൂലം യു.എസ് കറൻസി മാർക്കറ്റും ഓഹരി വിപണിയും കടുത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ്. ഇത് യു.എസ് സമ്പദ്‍വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
കഴിഞ്ഞ ഒരു മാസത്തിനിടെ യു.എസ് ഓഹരി വിപണികളിൽ എട്ട് ശതമാനം നഷ്ടമാണ് ഉണ്ടായത്. 4 ട്രില്യൺ ഡോളറാണ് വിപണിമൂല്യത്തിലെ നഷ്ടം. ടെക് ഓഹരികളുടെ തകർച്ചച നാസ്ഡാക്കിനെ വലിയ പ്രതിസന്ധിയിലേക്കാണ്. പണപ്പെരുപ്പം നിയന്ത്രിച്ച് കൊണ്ട് യു.എസ് സമ്പദ്‍വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാതിരിക്കാൻ ഫെഡറൽ റിസർവ് നടത്തുന്ന ശ്രമങ്ങളെ നിരാകരിക്കുന്ന നടപടികളാണ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് വിമർശനമുണ്ട്.
ട്രംപിന്റെ നയങ്ങൾ മൂലം 2025ൽ യു.എസിലെ ജി.ഡി.പി വളർച്ച 1.9 ശതമാനമായി കുറയുമെന്നാണ് പ്രവചനം. 2024ൽ 2.8 ശതമാനം ജി.ഡി.പി വളർച്ചയുണ്ടായിരുന്ന സ്ഥാനത്താണ് ഇത്. 2026, 2027 വർഷങ്ങളിലും യു.എസ് ഓഹരി വിപണികളിൽ വലിയ മെച്ചമുണ്ടാവില്ലെന്നാണ് സാമ്പത്തികവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
അതേസമയം, യുറോപ്പിൽ നിന്നുള്ള മദ്യത്തിന് 200 ശതമാനം തീരുവ ചുമത്തുമെന്ന ഭീഷണിയുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. അമേരിക്കയിൽ നിന്നുള്ള മദ്യത്തിന് അധിക തീരുവ ചുമത്തുമെന്ന് യുറോപ്യൻ യൂണിയൻ അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ തിരിച്ചടി. 50 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു യുറോപ്യൻ യൂണിയൻ അറിയിച്ചത്.
ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലാണ് ട്രംപ് ഇക്കാാര്യം അറിയിച്ചത്. യുറോപ്യൻ യൂണിയനിൽ നിന്നുള്ള മദ്യം ഉൾപ്പടെയുള്ളവക്ക് 200 ശതമാനം തീരുവ ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. അധിക തീരുവ ഏർപ്പെടുത്തിയ നടപടി യുറോപ്യൻ യൂണിയൻ പിൻവലിച്ചില്ലെങ്കിൽ യുറോപ്പിൽ നിന്നുള്ള ഷാംപെയ്ൻ, വൈൻ തുടങ്ങിയ മദ്യങ്ങൾക്ക് അധിക തീരുവ ചുമത്തും. ഇത് യു.എസിലെ വൈൻ ഷാംപെയ്ൻ വ്യവസായത്തിന് ഗുണകരമാവുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം കാനഡക്കും മെക്സിക്കോക്കും പിന്നാലെ ഇന്ത്യക്കും അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച സൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയത്. ഏപ്രിൽ രണ്ട് മുതൽ യു.എസ് അധിക തീരുവ ചുമത്തുമെന്നാണ് റിപ്പോർട്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.