തുടർച്ചയായി ആറ് ബജറ്റുകൾ; മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമെത്താൻ നിർമല സീതാരാമൻ
text_fieldsന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റ് അവതരിപ്പിക്കുമ്പോൾ ഒരു റെക്കോഡ് കൂടി ധനമന്ത്രി നിർമല സീതാരാമനെ തേടിയെത്തും. തുടർച്ചയായി ആറ് ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രിയായ നിർമല മൊറാർജി ദേശായിയുടെ റെക്കോഡിനൊപ്പമെത്തും. അഞ്ച് സമ്പൂർണ്ണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റുമടക്കം ആറ് തവണയാണ് നിർമല സീതാരാമൻ രാജ്യത്തിന്റെ ബജറ്റ് അവതരിപ്പിച്ചത്.
ഫെബ്രുവരി ഒന്നിന് ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ മൻമോഹൻ സിങ്, അരുൺ ജെയ്റ്റ്ലി, പി.ചിദംബരം, യശ്വന്ത് സിൻഹ എന്നിവരെ നിർമല സീതാരാമൻ മറികടക്കും. ഇവരെല്ലാം തുടർച്ചയായി അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്. ഇന്നത്തെ ബജറ്റവതരണം പൂർത്തിയാകുന്നതോടെ ആറ് ബജറ്റുകളുടെ റെക്കോഡുമായി നിർമല സീതാരാമൻ മൊറാർജി ദേശായിക്ക് ഒപ്പമെത്തും. 1959 മുതൽ 1964 വരെയുള്ള കാലയളവിലാണ് മൊറാർജി ദേശായി ആറ് ബജറ്റുകൾ അവതരിപ്പിച്ചത്.
2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുമ്പോൾ അരുൺ ജെയ്റ്റ്ലിയായിരുന്നു ധനമന്ത്രി. ജെയ്റ്റ്ലി തുടർച്ചയായ അഞ്ച് ബജറ്റുകൾ അവതരിപ്പിച്ചു. 2014 മുതൽ 2018 വരെയുള്ള വർഷങ്ങളിലായിരുന്നു ജെയ്റ്റ്ലിയുടെ ബജറ്റവതരണം. ജെയ്റ്റ്ലിയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് 2019ലെ ബജറ്റ് അവതരിപ്പിച്ചത് പിയൂഷ് ഗോയലായിരുന്നു.
പിന്നീട് 2019ൽ തെരഞ്ഞെടുപ്പ് നടക്കുകയും വീണ്ടും നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തുകയും ചെയ്തു. രണ്ടാം മോദി സർക്കാറിൽ നിർമല സീതാരാമനായിരുന്നു ധനകാര്യ വകുപ്പിന്റെ ചുമതല. 2019,2020,2021,2022,2023 വർഷങ്ങളിൽ അവർ ബജറ്റ് അവതരിപ്പിച്ചു. 2024ലെ ഇടക്കാല ബജറ്റവതരണം കൂടി പൂർത്തിയാകുന്നതോടെ അവർ അവതരിപ്പിച്ച ബജറ്റുകളുടെ എണ്ണം ആറാകും. ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിച്ച വനിത കൂടിയാണ് നിർമല സീതാരാമൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.