പണം കായ്ച്ച 2024
text_fieldsഇന്ത്യൻ ഓഹരി വിപണി നിക്ഷേപകർക്ക് ഭേദപ്പെട്ട ലാഭം നൽകിയ വർഷം തന്നെയാണ് 2024. സെൻസെക്സ് ഒമ്പത് ശതമാനവും സ്മാൾകാപ് സൂചിക 29 ശതമാനവും മിഡ്കാപ് സൂചിക 25 ശതമാനവും ഉയർന്നു. സ്മാൾകാപ് സൂചിക ഡിസംബർ 12ന് എക്കാലത്തെയും ഉയർന്ന നിലയിലെത്തി (57,827.69). മിഡ്കാപ് സൂചിക സെപ്റ്റംബർ 24ന് 49,701.15 എന്ന റെക്കോഡ് തൊട്ടു. സെൻസെക്സ് സെപ്റ്റംബർ 27നാണ് സർവകാല റെക്കോഡ് ഭേദിച്ചത് (85,978.25). സെപ്റ്റംബർ അവസാനം വരെ കരുത്തുകാട്ടിയ വിപണി പിന്നീട് അൽപം കിതച്ചു.
സൂചിക മുന്നേറിയെങ്കിലും പല െചറുകിട, ഇടത്തരം ഓഹരികൾ കാര്യമായി വിലയിടിഞ്ഞു. അവസാന മൂന്ന് മാസത്തിലെ കൂപ്പുകുത്തൽ അടുത്തിടെ നിക്ഷേപം ആരംഭിച്ച ധാരാളംപേരെ നിരാശയിലാക്കി. കഴിഞ്ഞ വർഷം സെൻസെക്സ് 18.73 ശതമാനവും സ്മാൾകാപ് സൂചിക 47.52 ശതമാനവും മിഡ്കാപ് സൂചിക 45.52 ശതമാനവും ഉയർന്നിരുന്നു. അത് എല്ലാ വർഷവും പ്രതീക്ഷിക്കുന്നതിൽ അർഥമില്ല. വിപണിയുടെ സ്വാഭാവിക ചക്രം മനസ്സിലാക്കിയവർക്ക് ഈ തിരുത്തൽ അസ്വാഭാവികമല്ല. രണ്ട് വർഷത്തിലേറെയായി കുതിച്ച ഇന്ത്യൻ ഓഹരി അമിത മൂല്യത്തിലായിരുന്നു. സ്വാഭാവികമായും ഒരു തിരുത്തൽ പ്രതീക്ഷിക്കണം. അതാണ് ഇപ്പോൾ സംഭവിക്കുന്നത്.
യു.എസ് ട്രഷറി ബോണ്ട് യീൽഡ് വർധിച്ചതും ചൈനയിലെ സാമ്പത്തിക ഉത്തേജന പാക്കേജും ഇന്ത്യൻ വിപണിയിൽനിന്ന് വൻതോതിൽ നിക്ഷേപം പിൻവലിക്കപ്പെടാൻ വഴിയൊരുക്കി. ഇന്ത്യൻ കമ്പനികളുടെ രണ്ടാം പാദവർഷ ഫലം നിരാശപ്പെടുത്തിയത് വീഴ്ചക്ക് ആക്കം കൂട്ടി. ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഭാവി മികച്ചതാണ്. അതുകൊണ്ട് ഓരോ വീഴ്ചയും നല്ല ഓഹരികൾ ഡിസ്കൗണ്ട് നിരക്കിൽ വാങ്ങാനുള്ള അവസരമായി കാണണം. എന്നാൽ, ഹ്രസ്വകാല നേട്ടം പ്രതീക്ഷിക്കുന്നവർ നിരാശരാകാനിടയുണ്ട്.
പണം കുമിഞ്ഞുകൂടുന്ന മ്യൂച്വൽ ഫണ്ടുകൾ
2024ലും മ്യൂച്വൽ ഫണ്ട് വ്യവസായം കുതിപ്പ് നിലനിർത്തി. ആസ്തികളിൽ 17 ലക്ഷം കോടി രൂപയുടെ കുതിച്ചുചാട്ടമുണ്ടായി. അനുകൂല പ്രവണത 2025ലും തുടരുമെന്നാണ് മോണിങ് സ്റ്റാർ ഇൻവെസ്റ്റ്മെന്റ് റിസർച് ഇന്ത്യ ഡയറക്ടർ കൗസ്തുഭ് ബെലാപുർകർ വിലയിരുത്തുന്നത്. ചില്ലറ നിക്ഷേപകർ മാസാമാസം എസ്.ഐ.പി ആയി നിക്ഷേപിക്കുന്ന തുകയാണ് വളർച്ചയുടെ അടിസ്ഥാനം. സമ്പദ്‌വ്യവസ്ഥയുടെ വികാസവും റീട്ടെയിൽ നിക്ഷേപകർക്കിടയിൽ വർധിച്ചുവരുന്ന സാമ്പത്തിക അവബോധവും ഗുണകരമാണ്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയുടെ (ആംഫി) കണക്കുകൾ പ്രകാരം, 2024ൽ 9.14 ലക്ഷം കോടി രൂപയുടെ അറ്റ നിക്ഷേപവും നിക്ഷേപകരുടെ എണ്ണത്തിൽ 5.6 കോടിയുടെ വർധനവും രേഖപ്പെടുത്തി. പുതിയ നിക്ഷേപവും പിൻവലിക്കലും തട്ടിക്കിഴിച്ചുള്ള തുകയാണ് അറ്റ നിക്ഷേപം.
കരുത്തുകാട്ടി ഐ.പി.ഒ
പ്രഥമ ഓഹരി വിൽപന (ഐ.പി.ഒ) യിലൂടെ ഈ വർഷം 96 വൻകിട കമ്പനികളും 241 ചെറുകിട കമ്പനികളും ചേർന്ന് 1.71 ലക്ഷം കോടി രൂപയാണ് നിക്ഷേപകരിൽനിന്ന് കണ്ടെത്തിയത്. അടുത്ത ആഴ്ചകളിലും നിരവധി കമ്പനികൾ ഐ.പി.ഒയുമായി വരുന്നുണ്ട്. ഐ.പി.ഒക്ക് മികച്ച സ്വീകാര്യതയാണ് നിക്ഷേപകരിൽനിന്ന് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല ലിസ്റ്റിങ് നേട്ടവും ലഭിക്കുന്നു. വിരലിലെണ്ണാവുന്ന കമ്പനികൾക്ക് മാത്രമാണ് ലിസ്റ്റിങ് നേട്ടം ലഭിക്കാതെ പോയത്. വിഭോർ സ്റ്റീൽ (195 ശതമാനം), ബി.എൽ.എസ് ഇ -സർവിസ് (171 ശതമാനം), മമത മെഷിനറി (147 ശതമാനം), ബജാജ് ഹൗസിങ് ഫിനാൻസ് (135 ശതമാനം), കെ.എൻ.ആർ ഹീറ്റ് എക്സ്ചേഞ്ചർ (117 ശതമാനം), യൂനികോമേഴ്സ് ഇ -സൊലൂഷൻസ് (94 ശതമാനം), വൺ മൊബിക്വിക് സിസ്റ്റം (90 ശതമാനം), പ്രീമിയർ എനർജി (86 ശതമാനം), ലെ ട്രാവന്യൂസ് (78 ശതമാനം), ജെ.എൻ.കെ ഇന്ത്യ (67 ശതമാനം), പി.എൻ ഗാഡ്ഗിൽ ജ്വല്ലേഴ്സ് (65 ശതമാനം) തുടങ്ങിയ കമ്പനികളാണ് ഏറ്റവുമധികം ലിസ്റ്റിങ് നേട്ടം കൊയ്തത്. 27,870 കോടിയുടെ ഐ.പി.ഒയുമായി ഹ്യൂണ്ടായ് മോട്ടോഴ്സ് ചരിത്രമെഴുതി.
കരുത്തരായി റീട്ടെയിൽ നിക്ഷേപകർ
റീട്ടെയിൽ നിക്ഷേപകർ കൂടുതൽ സാമ്പത്തികാവബോധമുള്ളവരായി മാറിയെന്ന് തെളിയിച്ച വർഷം കൂടിയാണ് 2024. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ കൂട്ടവിൽപന നടത്തിയിട്ടും വിപണി വീഴാതെ പിടിച്ചുനിന്നത് ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും റീട്ടെയിൽ നിക്ഷേപകരുടെയും കരുത്തിലാണ്. കഴിഞ്ഞ ഒക്ടോബറിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വിപണിയിൽനിന്ന് ഒരു മാസത്തിനിടെ ഒരു ലക്ഷം കോടിയുടെ ഓഹരി വിറ്റഴിച്ചു. കോവിഡിൽ ലോകം സ്തംഭിക്കുന്ന വാർത്ത പുറത്തുവന്ന 2020 മാർച്ചിൽ വിദേശ നിക്ഷേപകർ 70,000 കോടിയുടെ വിൽപന നടത്തുമ്പോഴേക്ക് വിപണി മൂക്കുകുത്തി വീണെങ്കിൽ വിൽപന ലക്ഷം കോടി കടന്നിട്ടും ഇന്ത്യൻ നിക്ഷേപകർക്ക് ആത്മവിശ്വാസം നഷ്ടമായില്ല. അടിത്തറ ഭദ്രമായ നല്ല കമ്പനികളെ കണ്ടെത്താനും നിക്ഷേപകർ പഠിച്ചുവെന്ന് വേണം കരുതാൻ. വിപണി വീണാലും നല്ല കമ്പനികളുടെ ഓഹരികൾ പിടിച്ചുനിൽക്കുന്നത് ഇതാണ് തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.