കൽക്കരി ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യ; കരാറിനായി അദാനി
text_fieldsന്യൂഡൽഹി: കോൾ ഇന്ത്യയുടെ കൽക്കരി ഇറക്കുമതിക്കുള്ള കരാറിനായി 11 കമ്പനികൾ രംഗത്ത്. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എന്റർപ്രൈസസും കരാറിനായി മുൻപന്തിയിലുണ്ട്. ഇതിന് പുറമേ ചെട്ടിനാട് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡും ലേലത്തിന് താൽപര്യപത്രം സമർപ്പിച്ചിട്ടുണ്ട്. എട്ട് മില്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യാനാണ് കോൾ ഇന്ത്യയുടെ പദ്ധതി.
കൽക്കരി ഇറക്കുമതി ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച കമ്പനികളുമായി കോൾ ഇന്ത്യ മൂന്ന് തവണ ചർച്ച നടത്തിയിരുന്നു. 11ഓളം കമ്പനികളാണ് കൽക്കരി ഇറക്കുമതി ചെയ്യാൻ താൽപര്യം അറിയിച്ചിരിക്കുന്നത്. അദാനി എന്റർപ്രൈസസ്, മോഹിത് മിനറൽസ്, ചെട്ടിനാട് ലോജിസ്റ്റിക്സ് എന്നീ കമ്പനികൾ കൽക്കരി ഇറക്കുമതിക്കായി താൽപര്യം അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ചില കമ്പനികളും ഇറക്കുമതിക്കായി രംഗത്തുണ്ട്.
താൽപര്യമറിയിച്ച കമ്പനികളുമായി കോൾ ഇന്ത്യ ഇനിയും യോഗങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ട്. അതേസമയം, കോൾ ഇന്ത്യയുടെ വ്യവസ്ഥകളിൽ മാറ്റം വരുത്തണമെന്ന് ഇറക്കുമതിക്കായി അപേക്ഷ സമർപ്പിച്ച കമ്പനികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ലേലതുക 60 ദിവസം കൂടുമ്പോൾ പുനർ നിശ്ചയിക്കണമെന്നും ആദ്യ ലോഡ് കൽക്കരിയുടെ വിതരണത്തിലെ കാലാവധിയിൽ മാറ്റം വരുത്തണമെന്നുമാണ് ആവശ്യം. രാജ്യത്തെ വൈദ്യുതനിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമായതോടെയാണ് ഇറക്കുമതി ചെയ്യാൻ കോൾ ഇന്ത്യ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.