അദാനി ഗ്രൂപ്പ് അടി മുതൽ മുടി വരെ കള്ളം പറയുന്നു -രവി നായർ
text_fieldsന്യൂഡൽഹി: ഇത്രയേറെ കള്ളം പറയുന്ന മറ്റൊരു വ്യവസായ ഗ്രൂപ്പും ഇന്ത്യയിലില്ലെന്ന് അദാനി കമ്പനി നടത്തിയ ഓഹരി തട്ടിപ്പുകളുടെ പുതിയ തെളിവുകൾ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തക കൂട്ടായ്മയിലെ മലയാളി മാധ്യമപ്രവർത്തകൻ രവി നായർ പറഞ്ഞു. അദാനിയുടെ ഓഹരി തട്ടിപ്പ് കണ്ടെത്തിയ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്റ് (ഡി.ആർ.ഐ) മേധാവി നജീബ് ഷാ സെബിക്കും (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) എഴുതിയ കത്തുകളിൽ തുടർനടപടി എടുത്തിരുന്നുവെങ്കിൽ വീണ്ടുമിത് പോലെ ഓഹരി തട്ടിപ്പ് നടത്താൻ അദാനിക്ക് അവസരം ലഭിക്കുമായിരുന്നില്ലെന്നും രവി നായർ കൂട്ടിച്ചേർത്തു.
2011- 2019 കാലയളവിൽ നടത്തിയ തട്ടിപ്പുകളാണ് ഇപ്പോൾ റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇന്ത്യൻ നിയമപ്രകാരം ഒരു ലിസ്റ്റഡ് കമ്പനിക്ക് 75 ശതമാനം വരെയാണ് പ്രമോട്ടഡ് ഗ്രൂപ്പ് ഓഹരികൾ കൈവശംവെക്കാനുള്ള അധികാരം. ബാക്കി 25 ശതമാനം ഓപൺ ആയിരിക്കണം. ഈ വിപണിയിലുള്ള ഓഹരികൾക്ക് ആവശ്യക്കാരേറുമ്പോഴാണ് ഓഹരിമൂല്യം വർധിക്കുക. അതോടെ ഗ്രൂപ്പിന്റെ മൂലധനവും കൂടും. അതോടെ ഓഹരിക്ക് ആവശ്യക്കാർ വീണ്ടും കൂടും. വൻവില കൊടുത്ത് ആളുകൾ വാങ്ങും. എന്നാൽ, ഓഹരിമൂല്യം ഇതുപോെല കള്ളത്തരത്തിലുണ്ടാക്കുകയാണ് അദാനി ചെയ്തത്. അദാനിയുടെ ഇത്തരം തട്ടിപ്പുകൾക്കെതിരെ താൻ നേരത്തേ എഴുതിയതിന് പ്രതികാരമെന്നോണം മാനനഷ്ട കേസ് ഫയൽചെയ്തിരുന്നു.
മാധ്യമ കൂട്ടായ്മ ഒന്നരയാഴ്ച മുമ്പ് അദാനിക്ക് ചോദ്യാവലി അയച്ചതോടെ ഇത്തരമൊരു വാർത്ത വരാനിടയുണ്ടെന്ന വിവരം പുറത്തായി. മറുപടി ഇല്ലാതായപ്പോൾ കൂട്ടായ്മയിലെ മാധ്യമപ്രവർത്തകരിലൊരാൾ ചൈനീസ് ഏജന്റാണെന്ന പ്രചാരണവുമായി ആർ.എസ്.എസ്, ബി.ജെ.പി പ്രൊഫൈലുകൾ ഇപ്പോൾ രംഗത്തുവന്നിരിക്കുകയാണെന്നും രവി നായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.