സുപ്രീംകോടതി പരാമർശത്തിന് പിന്നാലെ അദാനി ഓഹരികൾക്ക് നേട്ടം; ടോട്ടൽ ഗ്യാസിന്റെ വില 20 ശതമാനം ഉയർന്നു
text_fieldsമുംബൈ: സുപ്രീംകോടതി പരാമർശത്തിന് പിന്നാലെ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഓഹരികൾക്ക് വിപണിയിൽ വൻ നേട്ടം. 1.19 ലക്ഷം കോടിയുടെ വിപണിമൂല്യ വർധനവാണ് അദാനിക്കുണ്ടായത്. ഒരു ദിവസം കൊണ്ടാണ് ഇത്രയും വലിയ നേട്ടം അദാനി ഉണ്ടാക്കിയത്. ഹിൻഡൻബർഗുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന് വന്നതിന് ശേഷം ഇതാദ്യമായാണ് അദാനി ഓഹരികൾ ഇത്രയും വലിയ നേട്ടം സ്വന്തമാക്കുന്നത്.
10 അദാനി ഓഹരികളുടെ വിപണിമൂല്യം 11.46 ലക്ഷം കോടിയായി ഉയർന്നു. എന്നാൽ, ഹിൻഡൻബർഗ് വിവാദം ഉയർന്നു വരുന്നതിന് മുമ്പുണ്ടായിരുന്നു 19.2 ലക്ഷം കോടിയെന്ന വിപണിമൂല്യത്തിലേക്ക് അദാനി ഓഹരികൾ എത്തിയിട്ടില്ല.
അദാനി ടോട്ടൽ ഗ്യാസാണ് കമ്പനികളിൽ വൻ നേട്ടമുണ്ടാക്കിയത്. ടോട്ടൽ ഗ്യാസിന്റെ വില 20 ശതമാനം ഉയർന്നു. അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ, അദാനി പവർ, എൻ.ഡി.ടി.വി, അദാനി എന്റർപ്രൈസ് എന്നിവയുടെ ഓഹരി വില 10 മുതൽ 17 ശതമാനം വരെ ഉയർന്നു.
വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹരജികൾ വിധി പറയാൻ മാറ്റി സുപ്രീംകോടതി നടത്തിയ പരാമർശങ്ങൾ ഇന്ന് ഓഹരി വിപണിയിൽ അദാനിക്ക് കമ്പനികൾക്ക് ഗുണകരമായെന്നാണ് വിലയിരുത്തൽ. ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് റിസർച്ച് ഉയർത്തിയ ആരോപണങ്ങളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് ഹരജികളിലെ ആവശ്യം. ചീഫ് ജസ്റ്റ് ഡി.വൈ ചന്ദ്രചൂഢ് ഉൾപ്പെട്ട ബെഞ്ചാണ് ഹരജികൾ പരിഗണിച്ചത്.
കേസിൽ അന്വേഷണം നടത്തുന്ന സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്കെതിരായ ആരോപണങ്ങളിൽ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഓഹരി വിപണിയിലെ കൃത്രിമത്തിൽ ഉൾപ്പടെ അന്വേഷണം നടത്താൻ അധികാരമുള്ള സ്വതന്ത്ര സ്ഥാപനമാണ് സെബി. കൃത്യമായ തെളിവുകളില്ലാതെ തങ്ങൾ എങ്ങനെ സെബിയെ അവിശ്വസിക്കുമെന്നും പ്രത്യേക അന്വേഷണസംഘം രുപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചിരുന്നു.
കേസിൽ സെബി കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് ഹരജിക്കാർക്കായി ഹാജരായ പ്രശാന്ത് ഭൂഷൺ പറഞ്ഞു. എന്നാൽ, ഗാർഡിയനായാലും ഫിനാൻഷ്യൽ ടൈംസായാലും പത്രത്തിൽ എഴുതുന്നത് സത്യമായി കാണാനാവില്ലെന്നായിരുന്നു ഇതിനുള്ള ചീഫ് ജസ്റ്റിസിന്റെ മറുപടി. സെബിയെ സംശയിക്കാൻ മാത്രമുള്ള തെളിവുകൾ ഹരജിക്കാർ ഹാജരാക്കിയിട്ടില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അദാനിക്കെതിരായി അന്വേഷണം നടത്താനായി സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗങ്ങളുടെ നിഷ്പക്ഷതയിൽ സംശയം പ്രകടിപ്പിച്ചുള്ള പ്രതികരണങ്ങളിലും സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കമ്മിറ്റിയിലെ ചില അംഗങ്ങൾക്ക് അദാനി ഗ്രൂപ്പുമായി ബന്ധമുണ്ടെന്നും നിഷ്പക്ഷതയില്ലെന്നുമുള്ള ആരോപണം പ്രശാന്ത് ഭൂഷൺ ഉയർത്തിയിരുന്നു. ഇതിലാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അതൃപ്തി പ്രകടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.