ബംഗ്ലാദേശ് പ്രക്ഷോഭം: അദാനിക്കും പണികിട്ടി; കമ്പനി പ്രതിസന്ധിയിൽ ?
text_fieldsന്യൂഡൽഹി: ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവർ പ്രതിസന്ധിയെ അഭിമുഖീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രക്ഷോഭത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളാണ് കമ്പനിയുടെ പ്രതിസന്ധിക്കുള്ള കാരണം. 800 മില്യൺ ഡോളറാണ് അദാനി പവറിന് ബംഗ്ലാദേശ് നൽകാനുള്ളത്.
ബംഗ്ലാദേശിലെ പ്രതിഷേധങ്ങളെ തുടർന്ന് ശൈഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ രാജിവെക്കുകയും ഇടക്കാല സർക്കാർ രാജ്യത്ത് അധികാരത്തിൽ വരികയും ചെയ്തിരുന്നു. അദാനിയിൽ നിന്നും വാങ്ങിയ വൈദ്യുതിക്കുള്ള പണം ബംഗ്ലാദേശിലെ പുതിയ സർക്കാർ നൽകിയില്ലെങ്കിൽ കമ്പനിയിൽ പ്രതിസന്ധിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
ഝാർഖണ്ഡിലെ ഗോദ ജില്ലയിലെ വൈദ്യുതി പ്ലാന്റിൽ നിന്നാണ് അദാനി ബംഗ്ലാദേശിന് വൈദ്യുതി നൽകുന്നത്. അദാനിക്ക് 800 മില്യൺ ഡോളർ നൽകാനുണ്ടെന്ന് ബംഗ്ലാദേശ് ബാങ്കിന്റെ പുതിയ ഗവർണർ അഹ്സൻ എച്ച് മൻസൂർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അദാനി ഇതുവരെ വൈദ്യുതി നൽകുന്നത് നിർത്തിവെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം, വൈദ്യുതി വിതരണത്തിൽ കുറവ് വരുത്താൻ അദാനിക്ക് ഇപ്പോൾ പദ്ധതിയില്ലെന്നാണ് സൂചന. പക്ഷേ, ലഭിക്കാനുള്ള തുക കിട്ടാൻ ഇനിയും വൈകിയാൽ വൈദ്യുതി പ്ലാന്റിൽ കൽക്കരി വിതരണം ചെയ്യുന്നവരിൽ നിന്ന് തുടങ്ങി വായ്പ നൽകിയവരിൽ നിന്ന് വരെ അദാനിക്ക് സമ്മർദമുണ്ടാകുമെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, അദാനി പവർ ബംഗ്ലാദേശിലെ ഇടക്കാല സർക്കാരുമായി പ്രശ്നം പരിഹരിക്കാൻ ചർച്ചകൾ തുടരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം നടത്താൻ അദാനി ഗ്രൂപ്പ് ഇനിയും തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.