സബ്സിഡികൾ: ലോകബാങ്ക് ഇരുവശവും പരിശോധിക്കണം; നിലപാട് വ്യക്തമാക്കി നിർമല
text_fieldsവാഷിങ്ടൺ: സബ്സിഡി സംബന്ധിച്ച ലോകബാങ്ക് സമീപനത്തിനെതിരെ വിമർശനവുമായി ധനമന്ത്രി നിർമല സീതാരാമൻ. സബ്സിഡികളിൽ ഏകമാനമായ കാഴ്ചപ്പാട് ലോകബാങ്ക് അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തെ ദുരിത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് നൽകിയ സബ്സിഡി സുസ്ഥിര വികസനത്തിന് സഹായകമായിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
ലോകബാങ്കിന്റെ വികസന കമ്മിറ്റി യോഗത്തിൽ സംസാരിക്കുമ്പോഴാണ് നിർമല സീതാരാമൻ സബ്സിഡികളെ സംബന്ധിച്ച് പ്രസ്താവന നടത്തിയത്. പൊതുധനം കാര്യക്ഷമമായി വിനിയോഗിക്കണമെന്നാണ് എല്ലാ രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ഡിജിറ്റൽവൽക്കരണത്തെ ലോകബാങ്ക് അഭിനന്ദിച്ചതും അവർ എടുത്തുപറഞ്ഞു.
സബ്സിഡികളിൽ ഒരു വശം മാത്രംബ ലോകബാങ്ക് പരിശോധിച്ചാൽ പോരെന്ന് നിർമല സീതാരാമൻ പറഞ്ഞു. വികലവും പാഴാക്കുന്നതുമായ സബ്‌സിഡികളും താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ സഹായിക്കാൻ ലക്ഷ്യമിടുന്നവയും തമ്മിൽ വേർതിരിച്ചറിയണമെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.
ആഗോളസാഹചര്യങ്ങൾ എണ്ണയുടേയും പ്രകൃതിവാതകത്തിന്റെയും വിതരണത്തിൽ പ്രതിസന്ധി സൃഷ്ടിച്ചേക്കാം. പണപ്പെരുപ്പം നിയന്ത്രിക്കലാണ് വികസ്വര രാജ്യങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി. എങ്കിലും ഇന്ത്യക്ക് നടപ്പ് സാമ്പത്തികവർഷവും ഏഴ് ശതമാനം വളർച്ചാനിരക്ക് ഉണ്ടാവുമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.