ഉപരോധത്തിൽ വലഞ്ഞു; ഇന്ത്യയുടെ സഹായം തേടി റഷ്യ
text_fieldsമോസ്കോ: പാശ്ചാത്യൻ രാജ്യങ്ങളുടെ ഉപരോധത്തിൽ വലഞ്ഞ റഷ്യ ഇന്ത്യയുടെ സഹായം തേടുന്നു. കാർ, വിമാനം, ട്രെയിൻ എന്നിവയുടെ ഭാഗങ്ങൾ ഉൾപ്പെടെ അടിയന്തരമായി ആവശ്യമായ 500 ഉൽപന്നങ്ങളാണ് റഷ്യ ഇന്ത്യയോട് ആവശ്യപ്പെട്ടത്.
ഉൽപന്നങ്ങളുടെ പട്ടിക ഇന്ത്യക്ക് കൈമാറിയതായി റോയിട്ടേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. പാക്കേജിങ് ഉൽപന്നങ്ങൾ, പേപ്പർ ബാഗ്, അസംസ്കൃത പേപ്പർ ഉൽപന്നം, ടെക്സ്റ്റൈൽ, ലോഹ ഉൽപന്നങ്ങൾ തുടങ്ങിയവ പട്ടികയിലുണ്ട്. ഇന്ത്യയിലെ വ്യവസായ മേഖലക്ക് ഉണർവ് പകരുന്നതാണിത്.
അടുത്ത മാസങ്ങളിൽ ഇന്ത്യയുടെ കയറ്റുമതി വർധിക്കുമെന്നാണ് വിലയിരുത്തൽ. ഏതൊക്കെ ഉൽപന്നങ്ങൾ എത്ര അളവിൽ വേണമെന്നതു സംബന്ധിച്ച് കൂടുതൽ ചർച്ച നടക്കണം. ചെറുതും വലുതുമായ ഇന്ത്യൻ കമ്പനികളുമായി ബന്ധപ്പെടാൻ റഷ്യൻ വാണിജ്യ മന്ത്രാലയവും അവിടത്തെ കമ്പനികളും ശ്രമിക്കുന്നുണ്ട്.
ഇന്ത്യയെ കൂടാതെ വേറെയും സുഹൃദ് രാജ്യങ്ങളുടെ സഹായം തേടിയിട്ടുണ്ട്. റഷ്യയുമായി ദീർഘകാല സൗഹൃദമുള്ള ഇന്ത്യയുടെ പിന്തുണ ലഭിക്കുമെന്നാണ് മോസ്കോ കരുതുന്നത്. നവംബർ ഏഴിന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ റഷ്യ സന്ദർശിച്ചപ്പോൾ ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ച നടന്നതായി വാർത്ത ഏജൻസി പറയുന്നു.
കൃഷി, പെട്രോളിയം, പ്രകൃതിവാതകം, തുറമുഖം, ഷിപ്പിങ്, ധനകാര്യം, കെമിക്കൽ, വളം, വ്യാപാരം തുടങ്ങിയ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരും ജയ്ശങ്കറിനൊപ്പം റഷ്യ സന്ദർശിച്ചിരുന്നു. കുറഞ്ഞ വിലക്ക് റഷ്യൻ എണ്ണ ഇന്ത്യക്ക് നൽകുന്നുണ്ട്. ഇരു രാഷ്ട്രങ്ങൾക്കും ഇത് ഉപകാരപ്രദമാണ്.
യുദ്ധ വിരുദ്ധ നിലപാടാണെങ്കിലും റഷ്യയെ രൂക്ഷമായി വിമർശിക്കുന്ന പാശ്ചാത്യൻ സഖ്യത്തോടൊപ്പം ഇന്ത്യ ചേർന്നിട്ടില്ല. അതേസമയം, റഷ്യയുമായുള്ള ഇടപാട് പാശ്ചാത്യൻ രാജ്യങ്ങളെ ചൊടിപ്പിക്കുമെന്നും മറ്റു ബിസിനസുകളെയും പണമിടപാടുകളെയും അത് ബാധിക്കുമെന്നും ചില ഇന്ത്യൻ കമ്പനികൾ ഭയക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.