ക്രൂഡോയിൽ വില 100 ഡോളർ പിന്നിട്ടു; പെട്രോൾ-ഡീസൽ വില റോക്കറ്റ് വേഗത്തിൽ കുതിക്കും
text_fieldsവാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില 100 ഡോളർ പിന്നിട്ടു. ഇന്ത്യ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വിലയാണ് 100 ഡോളർ കടന്നത്. 2014ന് ശേഷം ഇതാദ്യമായാണ് ക്രൂഡോയിൽ വില 100 ഡോളർ പിന്നിടുന്നത്. റഷ്യ-യുക്രെയ്ൻ തർക്കമാണ് എണ്ണവില കുതിക്കുന്നതിനുള്ള പ്രധാനകാരണം.
ആഗോളതലത്തിൽ ഏറ്റവും വലിയ ക്രൂഡോയിൽ ഉൽപാദകരിൽ ഒരാളാണ് റഷ്യ. യുക്രെയ്നുമായി റഷ്യ സംഘർഷത്തിലായതോടെയാണ് എണ്ണവില ഉയരാൻ തുടങ്ങിയത്. യുക്രെയ്നെ റഷ്യ ആക്രമിച്ചാൽ യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് മേൽ പുതിയ ഉപരോധമേർപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് എണ്ണവിലയെ കാര്യമായി തന്നെ സ്വാധീനിക്കുന്നുണ്ട്.
റഷ്യ-യുക്രെയ്ൻ പ്രതിസന്ധിക്ക് അറുതി വന്നാൽ മാത്രമേ എണ്ണവില കുറയാൻ സാധ്യതയുള്ളുവെന്നാണ് സൂചനകൾ. എണ്ണവില വർധനവ് ഏറ്റവും കൂടുതൽ പ്രതിസന്ധിയിലാക്കുക ഇന്ത്യയേയായിരിക്കും. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ ഭൂരിപക്ഷവും ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
അന്താരാഷ്രട വിപണിയിൽ എണ്ണവില ഉയരുന്നതിന് ആനുപാതികമായി ഇന്ത്യയിലും പെട്രോൾ ഡീസൽ വില ഉയരും. അത് പണപ്പെരുപ്പം ഉയരാൻ ഇടയാക്കുമെന്നാണ് ആശങ്ക. നിലവിൽ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കഴിഞ്ഞ കുറേ ദിവസമായി ഇന്ത്യയിൽ പെട്രോൾ-ഡീസൽ വില ഉയർത്തിയിട്ടില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ കമ്പനികൾ വില ഉയർത്തുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കിൽ ജനങ്ങൾക്ക് അത് കടുത്ത ദുരിതമാവും സമ്മാനിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.