കേന്ദ്രബജറ്റ്: പ്രതിസന്ധി മറികടക്കാൻ ചെലവുകൾ വർധിപ്പിച്ചേക്കും; ധനകമ്മി വെല്ലുവിളി
text_fieldsന്യൂഡൽഹി: ധനമന്ത്രി നിർമ്മല സീതാരാമൻ ചൊവ്വാഴ്ച അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിൽ നിലവിലെ കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെലവുകൾ വർധിപ്പിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ. നികുതി വർധിപ്പിക്കാതെ ആസ്തിവിൽപനയിലൂടെ പണം സ്വരൂപിക്കുകയെന്ന മുൻ വർഷങ്ങളിലെ രീതി തന്നെയാവും ധനമന്ത്രി ഇക്കുറിയും പിന്തുടരുക. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ബജറ്റിൽ 39.6 ട്രില്യൺ രൂപയുടെ വർധനയുണ്ടാകുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
അതേസമയം, അടുത്ത സാമ്പത്തിക വർഷത്തിലും രാജ്യത്തിന്റെ ധനകമ്മി ആറ് ശതമാനത്തിന് മുകളിൽ നിൽക്കുമെന്നാണ് പ്രവചനം. കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയും അസമത്വങ്ങളും ഇല്ലാതാക്കുകയാണ് ധനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അടിസ്ഥാന സൗകര്യ വികസന മേഖല, ആരോഗ്യമേഖല എന്നിവക്കായി ചെലവഴിക്കുന്ന പണം വർധിപ്പിക്കും. ഈ മേഖലകളിൽ കൂടുതൽ പണം ചെലവഴിച്ച് തൊഴിലുകൾ സൃഷ്ടിച്ച് പ്രതിസന്ധി മറികടക്കുകയെന്ന തന്ത്രം തന്നെയാവും നിർമ്മല സീതാരാമൻ പ്രയോഗിക്കാൻ സാധ്യത.
രാജ്യത്തെ 10 ശതമാനം വരുന്ന ധനികർക്ക് മേൽ ഒരു ശതമാനം അധിക സർചാർജ്ജ് ബജറ്റ് ചുമത്തുമെന്ന് ഓക്സ്ഫോം പോലുള്ള ഏജൻസികൾ പ്രവചിക്കുന്നുണ്ട്. കോവിഡുകാലത്ത് അതിസമ്പന്നരുടെ സ്വത്തിലുണ്ടായ വൻ വർധന ഈ രീതിയിൽ ചിന്തിക്കാൻ ധനമന്ത്രിയെ പ്രേരിപ്പിച്ചേക്കുമെന്നാണ് സൂചന. സർചാർജ്ജിലൂടെ ലഭിക്കുന്ന പണം ആരോഗ്യ-വിദ്യാഭ്യാസമേഖലകൾക്കായി ചെലവഴിക്കും. യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജനപ്രിയ ബജറ്റായിരിക്കും ധനമന്ത്രി അവതരിപ്പിക്കുകയെന്നതിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.