കെട്ടിട നികുതി: ഉയരുന്നത് വർഷാവർഷമുള്ള അഞ്ച് ശതമാനം വർധനവടക്കം നിരക്കുകൾ
text_fieldsതിരുവനന്തപുരം: കെട്ടിട നികുതിയിൽ ഏർപ്പെടുത്തിയ വർഷാവർഷമുള്ള അഞ്ച് ശതമാനം വർധനവ്, അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവ ഉൾപ്പെടെ നിരക്കാവും കുത്തനെ ഉയരുക.
കെട്ടിട നികുതി വർധനവ് സംബന്ധിച്ച് തദ്ദേശവകുപ്പ് തയാറാക്കിയ രൂപരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് സമാനമായ വർധനവാണ് ബജറ്റിലും ധനമന്ത്രി ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ പേരിൽ ഒന്നിലധികം വീടുണ്ടെങ്കിൽ അവക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും പ്രത്യേകം നികുതിയാവും വരിക.
തദ്ദേശസ്ഥാപനങ്ങളുടെ അധിക തനതുവരുമാന വർധനവിന് ധനകമീഷൻ നൽകിയ പ്രധാന ശിപാർശകളാണ് അപ്പടി ധനമന്ത്രി ബജറ്റിൽ കൊണ്ടുവന്നത്. അപേക്ഷ ഫീസ്, പരിശോധന ഫീസ്, ഗാർഹിക-ഗാർഹികേതര കെട്ടിടങ്ങൾ നിർമിക്കുന്നതിനുള്ള പെർമിറ്റ് ഫീസ് എന്നിവയുടെ വർധിക്കുന്ന നിരക്കും ഒന്നിലധികം വീടുള്ളവർക്കും ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും നിശ്ചയിക്കുന്ന പ്രത്യേക നികുതിയും എപ്രകാരമാകുമെന്നത് ഉടൻ വിജ്ഞാപനമായി പുറത്തിറങ്ങും.
കെട്ടിടം ഒഴിഞ്ഞുകിടക്കുകയാണെങ്കിൽ ആറുമാസം കഴിഞ്ഞാൽ നികുതി അടയ്ക്കണം. നിലവിൽ കെട്ടിടം ഒഴിഞ്ഞുകിടക്കുന്നെന്ന് തദ്ദേശസ്ഥപനങ്ങളിൽ രേഖാമൂലം ഉടമ അറിയിച്ചാൽ ആ കാലയളവിലെ നികുതി ഒഴിവാക്കുകയാണ് ചെയ്യുക. വാർഷിക കെട്ടിടനികുതി അഥവ വസ്തുനികുതി അഞ്ച് ശതമാനം വർധിപ്പിക്കുമ്പോൾ പഞ്ചായത്തുകളിൽ ആയിരം ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ നികുതി 300 മുതൽ 800 രൂപ വരെ ആകും.
2000 ചതുരശ്ര അടി വീടാണെങ്കിൽ 585 മുതൽ 1500 രൂപ വരെയായി നികുതിഘടന മാറും. ആയിരം ചതുരശ്ര അടി വലുപ്പമുള്ള വീടുകൾക്ക് നഗരസഭകളിൽ 585 മുതൽ 1400 രൂപയിലേറെയാകും. കോർപറേഷനുകളിൽ 800 രൂപ മുതൽ രണ്ടായിരം രൂപ വരെയാകും നിരക്ക്. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ എന്നിവയിൽ അടിസ്ഥാനനികുതിനിരക്ക് ഘടന വ്യത്യസ്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.