Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightFinancechevron_rightവിപണി കുതിച്ചു, പൊന്ന്...

വിപണി കുതിച്ചു, പൊന്ന് പൊള്ളി; അദാനി വീണു, 2024 ബാക്കിവെക്കുന്നത്

text_fields
bookmark_border
വിപണി കുതിച്ചു, പൊന്ന് പൊള്ളി; അദാനി വീണു, 2024 ബാക്കിവെക്കുന്നത്
cancel

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സംബന്ധിച്ചടുത്തോളം 2024 സാധ്യതകളുടേയും വെല്ലുവിളികളുടേതുമായിരുന്നു. ആഗോള സാമ്പത്തികരംഗത്തെ പല അനിശ്ചിത്വങ്ങൾക്കിടയിലും പിടിച്ചുനിൽക്കാൻ ചില ഘട്ടങ്ങളിലെല്ലാം സമ്പദ്‍വ്യവസ്ഥക്ക് കഴിഞ്ഞു. എന്നാൽ, സമ്പദ്‍വ്യവസ്ഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന കണക്കുകൾ ഒട്ടും ആശാവഹമല്ല.

പൊന്ന് പൊള്ളിയ വർഷമാണ് കടന്നുപോകുന്നത്. റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറി. വർഷാവസനത്തിൽ തിരിച്ചടിയുണ്ടായെങ്കിലും റെക്കോഡുകൾ ഭേദിച്ചാണ് ഓഹരി വിപണിയുടേയും കുതിപ്പ്. രത്തൻ ടാറ്റയെ പോലുള്ള അതികായന്റെ വേർപാടിനും 2024 സാക്ഷിയായി. ഗൗതം അദാനിയും മുകേഷ് അംബാനിയും 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും പുറത്തായതും 2024ന്റെ കാഴ്ചയാണ്.

അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥ

അതിവേഗം വളരുന്ന സമ്പദ്‍വ്യവസ്ഥയെന്ന പദവി ഇക്കുറിയും നിലനിർത്താൻ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 2024 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ 8.2 ശതമാനം നിരക്കിലാണ് വളർന്നത്. ആഭ്യന്തരരംഗത്തെ ആവശ്യകത വർധിച്ചതും കയറ്റുമതിയിലെ വർധനയുമെല്ലാമാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ സ്വാധീനിച്ചത്. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പ്രതീക്ഷിച്ച സാമ്പത്തിക വളർച്ചയുണ്ടാവാത്തത് ഇന്ത്യയെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്. നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 5.4 ശതമാനം വളർച്ച മാത്രമാണ് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് ഉണ്ടായത്. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ 6.7 ശതമാനം വളർച്ച ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് ഉണ്ടായ സ്ഥാനത്താണിത്.

പൊന്ന് പൊള്ളിയ വർഷം

2024ൽ സ്വർണത്തിന് രേഖപ്പെടുത്തി കുറഞ്ഞ വില 45,520 രൂപയായിരുന്നു. ഫെബ്രുവരിയിലാണ് സ്വർണത്തിന് ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. ഏറ്റവും ഉയർന്ന വില സ്വർണത്തിന് രേഖപ്പെടുത്തിയത് 2024 ഒക്ടോബർ 31ന് ആയിരുന്നു. നിലവിൽ 57,000 രൂപക്കടുത്താണ് സ്വർണത്തിന്റെ വില. ഒരു വർഷത്തിനിടെ ഏകദേശം 12,000 രൂപയുടെ വർധനയാണ് സ്വർണത്തിന് ഉണ്ടായത്. ഫെഡറൽ റിസർവിന്റെ വായ്പനയവും ഓഹരി വിപണിയിൽ ഉണ്ടായ തകർച്ചയുമെല്ലാം സ്വർണവിലയെ സ്വാധീനിച്ചു. ഈ വർഷവും സുരക്ഷിത നിക്ഷേപമായി സ്വർണം തന്നെ തലയുയർത്തി നിൽക്കുകയാണ്.




ഐ.പി.ഒ കരുത്തിൽ ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റം കണ്ട വർഷമാണ് കടന്നുപോവുന്നത്. ദേശീയ സൂചിക നിഫ്റ്റി 2024ന്റെ തുടക്കത്തിൽ 21,000 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. 2024ന്റെ അവസാനമാകുമ്പോൾ 23,000 പോയിന്റിലാണ് വ്യപാരം പുരോഗമിക്കുന്നത്. സെൻസെക്സിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. 71,000 പോയിന്റിൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് ഇപ്പോൾ 78,000 പോയിന്റിലാണ് എത്തിനിൽക്കുന്നത്. ഇതിനൊപ്പം ഓഹരി വിപണിയിൽ റെക്കോഡ് ഐ.പി.ഒകൾ ഉണ്ടായ വർഷമാണ് കടന്നു പോകുന്നത്. വിപണിയിൽ നിന്ന് വിവിധ കമ്പനികൾ ഐ.പി.ഒകളിലൂടെ 1.6 ലക്ഷം കോടിയാണ് സ്വരൂപിച്ചത്. ഇതിൽ 27,870 കോടി രൂപ ഐ.പി.ഒയിലൂടെ സ്വരൂപിച്ച ഹ്യുണ്ടായ് മോട്ടോഴ്സ് ആണ് ഒന്നാമത്.




ആദാനി വീണ്ടും കുരുക്കിൽ

വ്യവസായ ഭീമൻ ഗൗതം അദാനിക്കെതിരെ കേസെടുത്തതാണ് മറ്റൊരു പ്രധാന സംഭവം. ഗൗതം അദാനിക്കെതിരെ യു.എസിലാണ് കേസെടുത്തത്. തട്ടിപ്പിനും കൈക്കൂലിക്കുമെതിരായ കേസാണ് ഗൗതം അദാനിക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അദാനിയെ കൂടാതെ മറ്റ് ഏഴ് പേരും കേസിൽ പ്രതികളാണ്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ പ്രധാന പ്രതികളിലൊരാൾ. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യം.

ഗൗതം അദാനിയും അദാനി ഗ്രീൻ എനർജിയുടെ മുൻ സി.ഇ.ഒ വനീത് ജയിൻ ഈ അഴിമതി മറച്ചുവെച്ച് മൂന്ന് ബില്യൺ ഡോളർ വായ്പകളിലൂടെയും ബോണ്ടുകളിലൂടെയും സ്വരൂപിച്ചുവെന്നാണ് കേസ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകളുണ്ടെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ




ബില്യൺ ഡോളർ ക്ലബിൽ നിന്ന് അദാനിയും അംബാനിയും പുറത്ത്

സമ്പത്തിന്റെ കണക്കിൽ 100 ബില്യൺ ഡോളർ ക്ലബിൽ നിന്നും മുകേഷ് അംബാനിയും ഗൗതം അദാനിയും പുറത്തായതായിരുന്നു 2024ലെ മറ്റൊരു വലിയ വാർത്ത. വലിയ പ്രതിസന്ധികൾ അംബാനിയും അദാനിയും അഭിമുഖീകരിക്കുന്നതിനിടെയാണ് ഇരുവരുടേയും 100 ബില്യൺ ഡോളർ ക്ലബിൽ നിന്നുള്ള പുറത്താകൽ.

പ്രധാന വ്യവസായത്തിൽ നിന്നുണ്ടായ തിരിച്ചടിയാണ് അദാനിയുടേയും അംബാനിയുടേയും സമ്പത്ത് ഇടിയാനുള്ള കാരണം. ബ്ലുംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ജൂലൈയിൽ മുകഷേ് അംബാനിയുടെ ആസ്തി 120.8 ബില്യൺ ഡോളറായിരുന്നു. എന്നാൽ, ഡിസംബറിൽ ഇത് 96.7 ബില്യൺ ഡോളറായി കുറഞ്ഞു. ഊർജ, റീടെയിൽ ബിസിനസുകളിലുണ്ടായ തിരിച്ചടികളാണ് അംബാനിയെ ബാധിച്ചത്.

കമ്പനിയുടെ കടബാധ്യത ഉയരുന്നതിൽ നിക്ഷേപകർ നേരത്തെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇത് റിലയൻസിന്റെ ഓഹരിയു​ടേയും പ്രകടനത്തിനേയും ബാധിച്ചിരുന്നു. എണ്ണ മുതൽ രാസവസ്തുക്കൾ വരെയുള്ള റിലയൻസിന്റെ ഉൽപന്നങ്ങളുടെ ആവശ്യകത കുറഞ്ഞതും റീടെയിൽ മേഖലയിൽ ഉണ്ടായ തിരിച്ചടിയും മുകേഷ് അംബാനിയെ ബാധിച്ചു.

മറുവശത്ത് ജൂൺ മാസത്തിൽ 122.3 ബില്യൺ ഡോളറായിരുന്നു ഗൗതം അദാനിയുടെ ആസ്തി. എന്നാൽ, ഡിസംബറിൽ ആസ്തി 82.1 ബില്യൺ ഡോളറായി കുറഞ്ഞു. അദാനി ഗ്രൂപ്പിനെതിരെ യു.എസിൽ നടക്കുന്ന അന്വേഷണവും തുടർന്ന് നിക്ഷേപകർക്കിടയിൽ കമ്പനിക്കുണ്ടായ വിശ്വാസതകർച്ചയും അദാനിയുടെ സമ്പത്തിനെ സ്വാധീനിച്ചു.




രത്തൻ ടാറ്റയുടെ മരണം

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചതായിരുന്നു 2024ന്റെ നഷ്ടങ്ങളിലൊന്ന്. മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽവെച്ചായിരുന്നു രത്തൻ ടാറ്റയുടെ അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെ തുടർന്നായിരുന്നു വ്യവസായ ഭീമന്റെ അന്ത്യം. 1937 ഡിസംബറിൽ മുംബൈയിലായിരുന്നു രത്തൻ ടാറ്റയുടെ ജനനം.

അമേരിക്കയിലെ കോർണൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആർക്കിട്ടെക്ചറിൽ ബിഎസ്‌സി ബിരുദം നേടി. 1961 മുതൽ ടാറ്റ സ്റ്റീൽ ലിമിറ്റഡിൽ ജോലിക്കാരനായാണ് തുടക്കം.1991 ൽ ജെആർഡി ടാറ്റയിൽ നിന്നും ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. ടാറ്റാഗ്രൂപ്പിന്റെ വളർച്ചയിൽ മുഖ്യ പങ്കുവഹിച്ച അദ്ദേഹം 21 വർഷം ഈ സ്ഥാനത്ത് തുടർന്നു. ടാറ്റസൺസിൽ ചെയർമാൻ എമരിറ്റസായ അദ്ദേഹം 2016 ൽ ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തുനിന്നും സൈറസ് മിസ്ത്രിയെ പുറത്താക്കിയതിനു പിന്നാലെ ഇടക്കാല ചെയർമാനായി വീണ്ടുമെത്തി. 2017ൽ എൻ. ചന്ദ്രശേഖരനെ ചെയർമാനാക്കുന്നതുവരെ ഈ സ്ഥാനത്ത് തുടർന്നു. രാജ്യം 2000ത്തിൽ പത്മഭൂഷണും 2008ൽ പത്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. വ്യവസായത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു. അവിവാഹിതനാണ്. രത്തൻ ടാറ്റയുടെ മരണത്തിന് പിന്നാലെ നോയൽ ടാറ്റ കമ്പനിയുടെ പുതിയ ചെയർമാനായി ചുമതലയേൽക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rewind 2024Business Year Ender 2024
News Summary - Business Year Ender 2024
Next Story