ഭൂമി, ഫ്ലാറ്റ് വാങ്ങലും വിൽക്കലും കുറയും; രജിസ്ട്രേഷൻ ഇടപാടുകൾക്ക് ചെലവേറും
text_fieldsതിരുവനന്തപുരം: ഭൂമി ഇടപാടുകൾക്ക് ചെലവേറ്റുന്നതാണ് ബജറ്റ് നിർദേശങ്ങൾ. ന്യായവില 20 ശതമാനം കൂട്ടി. 2010 ൽ നിലവിൽവന്ന ഭൂമിയുടെ ന്യായവില അഞ്ചുതവണ പുതുക്കിയിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനായാണ് വർധനയെന്ന് ബജറ്റ് പറയുന്നു.
നിലവിൽ പത്ത് ലക്ഷം രൂപയുള്ള ഭൂമിയുടെ വില 12 ലക്ഷമായി ഉയരുകയും ക്രയവിക്രയത്തിന് സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ അടക്കേണ്ട തുക ലക്ഷത്തിൽനിന്ന് 1.20 ലക്ഷം രൂപയായി വർധിക്കുകയും ചെയ്യും. കോവിഡ് പ്രതിസന്ധിയിൽനിന്ന് പതുക്കെ കരകയറാൻ ശ്രമിക്കവെയാണ് ഭൂമി ഇടപാടുകൾക്ക് തുക വർധിക്കുന്നത്.
വിവിധ കാരണങ്ങളാൽ വിപണിമൂല്യം വർധിച്ച പ്രദേശങ്ങളിൽ ഭൂമിയുടെ ന്യായവില 30 ശതമാനംവരെ വർധിപ്പിക്കാൻ 2020ൽ നിയമനിർമാണം നടത്തിയെങ്കിലും ഏതൊക്കെ മേഖലയിലെന്ന് വ്യക്തത വന്നിരുന്നില്ല. ഈ മേഖലകളെ നിർണയിക്കുന്നതിന് വിശദ പഠനം നടത്തി വിശദ മാനദണ്ഡം കൊണ്ടുവരും. ഇത് ഭൂമാഫിയക്ക് സഹായകമായി തീരുമെന്ന ആക്ഷേപവും ശക്തമാണ്.
അണ്ടർ വാല്വേഷൻ കേസുകൾ തീർപ്പാക്കുന്നതിന് കോമ്പൗണ്ടിങ് പദ്ധതി നടപ്പാക്കിയിരുന്നത് ആശ്വാസമായിരുന്നു. എന്നാൽ, ആ പദ്ധതി നിർത്തലാക്കിയത് തിരിച്ചടിയാണ്. കുടിശ്ശികയുള്ള കേസുകൾ തീർപ്പാക്കാൻ ബദൽ മാർഗങ്ങൾ സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഫ്ലാറ്റ്, അപ്പാർട്മെന്റ് ഇടപാടുകൾക്ക് ചെലവേറുമെന്ന നിലയിലാണ് കാര്യങ്ങൾ. റിയൽ എസ്റ്റേറ്റ് മേഖലയിലെ ആഗോള മാന്ദ്യം കണക്കിലെടുത്ത് കെട്ടിട നമ്പർ ലഭിച്ച് ആറ് മാസത്തിനകം കൈമാറ്റം ചെയ്യുന്ന ഫ്ലാറ്റ്, അപ്പാർട്മെന്റ് എന്നിവക്ക് മുദ്രവില അഞ്ച് ശതമാനമായി കുറച്ചിരുന്നത് ആശ്വാസമായിരുന്നു.
എന്നാൽ, ആ മുദ്രവില അഞ്ചിൽനിന്ന് ഏഴു ശതമാനമാക്കി പുതുക്കിയത് ചെലവ് കൂട്ടും. ഒരു ആധാരം രജിസ്റ്റർ ചെയ്തതിനുശേഷം മൂന്നോ ആറോ മാസത്തിനകം നടക്കുന്ന തീറാധാരങ്ങൾക്ക് അധിക മുദ്രവില നിരക്കുകൾ ഒഴിവാക്കുന്നത് മാത്രമാണ് ചെറിയ ആശ്വാസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.