'പാലക്കാട് സ്മാർട്ടാകും'; വ്യവസായ ഇടനാഴിയുടെ ഭാഗമായി സ്മാർട്ട്സിറ്റി പ്രഖ്യാപിച്ചു
text_fieldsന്യൂഡൽഹി: പാലക്കാട് ഉൾപ്പെടെ 12 സ്ഥലങ്ങളിൽ വ്യവസായിക സ്മാർട്ട് സിറ്റി പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്രസർക്കാർ. ആഭ്യന്തര ഉൽപാദന വളർച്ച ലക്ഷ്യമിട്ട് 28,602 കോടിയിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് 12 സ്ഥലങ്ങളിൽ സ്മാർട്ട്സിറ്റി നടപ്പാക്കുമെന്ന് അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ യോഗത്തിലാണ് തീരുമാനമുണ്ടായത്.
10 സംസ്ഥാനങ്ങളിൽ ആറ് വ്യവസായ ഇടനാഴികളുടെ ഭാഗമായാവും സ്മാർട്ട് സിറ്റി നിലവിൽ വരിക. 28,602 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പാലക്കാടിന് പുറമേ ഉത്തരാഖണ്ഡിലെ ഖുർപിയ, പഞ്ചാബിലെ രാജ്പുര-പട്യാല, മഹാരാഷ്ട്രയിലെ ദിഗി, യു.പിയിലെ ആഗ്രയും പ്രയാഗ്രാജും, ബിഹാറിലെ ഗയ, തെലങ്കാനയിലെ സഹീറാബാദ്, ആന്ധ്രപ്രദേശിലെ ഓർകൽ, കൊപ്പാർത്തി, രാജസ്ഥാനിലെ ജോധ്പൂർ-പാലി എന്നിവിടങ്ങളിലാവും സ്മാർട്ട്സിറ്റികൾ നിലവിൽ വരിക.
ആഗോളനിലവാരത്തിൽ ഗ്രീൻഫീൽഡ് സ്മാർട്ട്സിറ്റികളാവും ഇവിടെ നിർമിക്കുകയെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. സ്മാർട്ട്സിറ്റികളിലൂടെ 10 ലക്ഷം നേരിട്ടുള്ള തൊഴിലവസരങ്ങളും 30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റികളിൽ 1.52 ലക്ഷം കോടിയുടെ നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്.
ഇത്തരത്തിൽ എട്ട് സ്മാർട്ട് സിറ്റികൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഇതിന് പുറമേയാണ് 12 പുതിയ സ്മാർട്ട് സിറ്റികൾ കൂടി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് സെക്രട്ടറി രാജേഷ് കുമാർ സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.