മഹാമാരിക്കിടയിലെ പണഞ്ഞെരുക്കം; സ്വർണ വായ്പയിലേക്ക് തിരിഞ്ഞ് ജനങ്ങൾ
text_fieldsന്യൂഡൽഹി: കോവിഡ് മഹാമാരിയും ലോക്ഡൗണും സൃഷ്ടിച്ച പണഞ്ഞെരുക്കവും അപ്രതീക്ഷിത ചെലവുകളും ജനങ്ങളെ പ്രേരിപ്പിച്ചത് സ്വർണ വായ്പക്ക്. 2021 മേയിൽ അവസാനിച്ച 12 മാസത്തിനിടെ എല്ലാ മേഖലയിലും 33.8 ശതമാനത്തിെൻറ ഉയർന്ന വായ്പ വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇക്കാലയളവിൽ ബാങ്കുകളുടെ സ്വർണ പണയ വായ്പ 15,686 കോടി ഉയർന്ന് 62,101കോടിയിലെത്തി. 2020 മേയിൽ ഇത് 46,415 കോടിയായിരുന്നുവെന്നും റിസർവ് ബാങ്കിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. 2020 മാർച്ചിലാണ് രാജ്യത്ത് കോവിഡിെൻറ ആദ്യതരംഗം പിടിമുറക്കുന്നത്. ഇക്കാലയളവ് മുതൽ സ്വർണ വായ്പയിൽ 86.4 ശതമാനം അഥവാ 33,308 കോടി രൂപ 2021 മേയ് മാസത്തോടെ ഉയർന്നതായി ആർ.ബി.ഐ പറയുന്നു.
ബാങ്കുകളിൽ സ്വർണവായ്പയിലുണ്ടായ കുതിച്ചുചാട്ടമാണിത്. മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് തുടങ്ങിയ സ്വകാര്യ സ്വർണ പണയ വായ്പയുടെ കണക്കുകൾ കൂടി ഉൾപ്പെടുത്തുകയാണെങ്കിൽ ഇതിലും ഉയരും. എളുപ്പത്തിൽ ബാങ്കുകളിൽനിന്ന് തുക ലഭിക്കുന്നതിനാൽ പ്രധാന വളർച്ച മേഖലയായി ഇവ മാറുകയും ചെയ്തു -വിദഗ്ധർ പറയുന്നു.
നേരത്തേ, പൊതുമേഖല ബാങ്കുകൾ സ്വർണപണയ വായ്പയിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടെ ഇവ കുതിച്ചുയരുകയായിരുന്നു. സ്വർണപണയ വായ്പ ഉയർന്നപ്പോഴും മറ്റു വായ്പകൾ ഇഴയുകയായിരുന്നുവെന്നാണ് കണക്കുകൾ. 2021 മേയിൽ മറ്റു വായ്പകൾ 5.9 ശതമാനമായി കുറഞ്ഞു. 2020 മേയിൽ ഇത് 6.1 ശതമാനമായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്.ബി.ഐയിൽ റോക്കറ്റുപോലെയാണ് സ്വർണ വായ്പ കുതിച്ചുയർന്നത്. 2020-21 സാമ്പത്തിക വർഷത്തിൽ 465 ശതമാനമാണ് സ്വർണ വായ്പയുടെ ഉയർച്ച. അതായത് 20,987 കോടി രൂപ. അടിസ്ഥാന മേഖലയിലുണ്ടാകുന്ന സമ്മർദ്ദമാണ് സ്വർണ വായ്പ ഉയരാനുള്ള പ്രധാന കാരണം, കാർഷിക മേഖലകൾ, കുറഞ്ഞ വരുമാനമുള്ളവർ, ചെറുകിട യൂനിറ്റുകൾ തുടങ്ങിയവർ പണഞ്ഞെരുക്കത്തിൽപ്പെട്ട് സ്വർണവായ്പക്ക് നിർബന്ധിതരാകുകയായിരുന്നു. എസ്.ബി.ഐയിൽ സ്വർണവായ്പക്ക് 7.50 ശതമാനമാണ് പലിശ. വായ്പ തിരിച്ചടവിൽ എന്തെങ്കിലും വീഴ്ചകൾ സംഭവിച്ചാൽ ഇൗട് നൽകിയ സ്വർണം ഉടൻ പിടിച്ചെടുക്കാനും കഴിയുമെന്നതാണ് ബാങ്കുകൾ ഇൗ മേഖലയിൽ ശ്രദ്ധ ഉൗന്നാൻ പ്രധാന കാരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.