ചെറുകിട കച്ചവടക്കാർ പാക്ക് ചെയ്ത് വിൽക്കുന്നതിന് നികുതിയില്ല
text_fieldsതിരുവനന്തപുരം: ചെറുകിട കച്ചവടക്കാർ പാക്ക് ചെയ്ത് വിൽക്കുന്ന അരിയും പയറുൽപന്നങ്ങളും അടക്കമുള്ളവക്ക് സംസ്ഥാനത്ത് അഞ്ചു ശതമാനം ജി.എസ്.ടി. ഈടാക്കില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അതേസമയം ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക് നികുതി ബാധകമാകും. സപ്ലൈകോയിലും ത്രിവേണിയിലും പാക്ക് ചെയ്ത് നൽകുന്ന അരിക്കും മറ്റ് ധാന്യങ്ങൾക്കും നികുതി ഈടാക്കില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
40 ലക്ഷം വരെ വിറ്റുവരവുള്ള കടകൾ ജി.എസ്.ടി പരിധിയിൽ വരുന്നില്ല. ഒന്നരക്കോടി വിറ്റുവരവുള്ള 50,000 കടകൾ കോമ്പൗണ്ട് നികുതി ഒരു ശതമാനമാണ് നൽകുന്നത്. ഇവയിലൊന്നും ജി.എസ്.ടി പിരിക്കുന്നില്ല. 25 കിലോക്ക് മുകളിലുള്ള ചാക്കുകൾക്ക് ജി.എസ്.ടി വരുന്നുമില്ല. അവ കൊണ്ടുവന്ന് ചില്ലറയായി തൂക്കിവിൽക്കുമ്പോഴും നികുതിയില്ല. ഇത്തരക്കാർ നികുതി വാങ്ങുന്നുണ്ടെങ്കിൽ അത് ഖജനാവിൽ അടയ്ക്കുന്നില്ല. 80 ശതമാനത്തോളം കടകൾ ഈ വിഭാഗത്തിലാണ്. തെറ്റായി ജി.എസ്.ടി വാങ്ങുന്നത് സംബന്ധിച്ച് ജനങ്ങൾക്ക് പരാതിപ്പെടാം. അവർക്കെതിരെ കർശന നടപടി വരും.
ചെറുകിട കച്ചവടക്കാരും ചെറുകിട ഉൽപാദകരും പാക്ക് ചെയ്ത് വിൽക്കുന്ന അരിയും പയറുൽപന്നങ്ങളും അടക്കമുള്ളവക്ക് ജി.എസ്.ടി വർധിപ്പിച്ച തീരുമാനം സംസ്ഥാനത്ത് നടപ്പാക്കില്ലെന്നാണ് മുഖ്യമന്ത്രി വിശദീകരിച്ചത്. ഇതു തന്നെയാണ് താൻ നിയമസഭയിലും വ്യക്തമാക്കിയത്. പല കടകളും തെറ്റായി അഞ്ചു ശതമാനം ജി.എസ്.ടി വാങ്ങാൻ തുടങ്ങി. ഇത് അനുവദിക്കില്ല. കുടുംബശ്രീയും പ്രാദേശികമായാണ് ഉൽപന്നങ്ങൾ പാക്ക് ചെയ്യുന്നത്. അവർക്കും നികുതിയില്ല. മിൽമയുടെ തൈര്, മോര് പോലുള്ളവക്ക് നികുതി ബാധകമാണ്. അളവു തൂക്ക വ്യവസ്ഥ ബാധകമാക്കി ഉത്തരവിലുള്ള നിബന്ധനയാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് സംസ്ഥാനം ഉറപ്പാക്കും.
ജി.എസ്.ടി വിഷയത്തിലെ ആശയക്കുഴപ്പം പരിഹരിക്കും. കടുത്ത പ്രതിഷേധം വന്നതിനാൽ കേന്ദ്ര സർക്കാറും ചില മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷ. ജി.എസ്.ടി കൗൺസിൽ തീരുമാനങ്ങളിൽ സംസ്ഥാനത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ട്. കേന്ദ്രം ഇറക്കിയ വിശദീകരണക്കുറിപ്പിൽ ആശയക്കുഴപ്പമുണ്ട്. അടുത്ത ജി.എസ്.ടി കൗൺസിലിൽ അത് ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.