വില ഉയരുന്നു; ഗോതമ്പിന്റേയും മൈദയുടേയും കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ
text_fieldsന്യൂഡൽഹി: വില ഉയർന്നതോടെ ഗോതമ്പ്, മൈദ, സൂചി, ആട്ട എന്നിവയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ. വിദേശ വ്യാപാരത്തിന്റെ ഡയറക്ടർ ജനറലാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. കേന്ദ്രസർക്കാറിന്റെ പ്രത്യേക അനുമതിയോടെ കയറ്റുമതിയാവാമെന്നും ഉത്തരവിലുണ്ട്.
ഗോതമ്പ് ഉൾപ്പടെയുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി നയം സ്വതന്ത്രമായതിൽ നിന്നും നിരോധിച്ചതിലേക്ക് മാറ്റുകയാണെന്ന് കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു. ആഗസ്റ്റ് 25ാം തീയതിയാണ് കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
ലോകത്ത് ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന രാജ്യങ്ങൾ റഷ്യയും യുക്രെയ്നുമാണ്. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധത്തിലായതോടെ ഇന്ത്യൻ ഗോതമ്പിന് ആവശ്യകത വർധിച്ചു. ഇതേ തുടർന്നാണ് ഇന്ത്യൻ ആഭ്യന്തര വിപണിയിൽ ഗോതമ്പ് വില കുതിർച്ചുയർന്നത്.
കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2022 ഏപ്രിൽ-ജൂലൈ മാസങ്ങളിൽ രാജ്യത്ത് ഗോതമ്പ് കയറ്റുമതി 200 ശതമാനം വർധിച്ചിരുന്നു. 2021-22 സാമ്പത്തിക വർഷത്തിൽ 246 ബില്യൺ ഡോളറിന്റെ ഗോതമ്പാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. അതേസമയം, ഇന്ത്യൻ റീടെയിൽ വിപണിയിൽ ഗോതമ്പിന്റെ വിലയിൽ 22 ശതമാനം വർധനവാണ് ഉണ്ടായത്. 25.41 രൂപയിൽ നിന്നും 31.04 രൂപയായാണ് ഗോതമ്പ് വില വർധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.