കേന്ദ്രസർക്കാർ ആന്ധ്രക്കും ബിഹാറിനുമായി നൽകിയത് 30,000 കോടി
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാർ ആന്ധ്രപ്രദേശിനും ബിഹാറിനും നൽകിയത് 30,000 കോടി രൂപയുടെ പ്രത്യേക സഹായം. 2024-25 സാമ്പത്തിക വർഷത്തിൽ കേന്ദ്രസർക്കാർ അനുവദിച്ച സഹായത്തിന്റെ കണക്കുകളാണ് പുറത്ത് വന്നത്. ഇതിൽ ആന്ധ്രപ്രദേശിന് 15,000 കോടി മുതൽ 20,000 കോടി വരെയും ബിഹാറിന് 5000 മുതൽ 10,000 കോടി വരെയും ലഭിക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
പ്രത്യേക സഹായമെന്ന പേരിലാണ് ഇരു സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ വൻ സഹായം നൽകുന്നത്. ഇടക്കാല ബജറ്റിൽ 4000 കോടി മാത്രമുണ്ടായിരുന്ന സഹായമാണ് സമ്പൂർണ്ണ ബജറ്റിൽ വൻതോതിൽ ഉയർത്തിയിരിക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ പുതിയ രാഷ്ട്രീയസാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ വാരിക്കോരി സഹായം നൽകുന്നത്.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാൻ സാധിച്ചിരുന്നില്ല. ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ യാദവിന്റെ ജെ.ഡി.യുവിന്റേയും ആന്ധ്രയിലെ തെലുങ്ക് ദേശം പാർട്ടിയുടേയും പിന്തുണയോടെയാണ് ഇപ്പോൾ ബി.ജെ.പി ഭരണം നടത്തുന്നത്. ഇരുവിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കുന്നതിന് വേണ്ടിയാണ് വൻതോതിൽ ആനുകൂല്യങ്ങൾ നൽകുന്നത്.
മെഡിക്കൽ കോളജുകളുടെ വികസനം, റോഡ് വികസനം, വെള്ളപ്പൊക്ക പ്രതിരോധം, ക്ഷേത്രങ്ങളുടെ നവീകരണം തുടങ്ങി ബിഹാറിൽ മാത്രം വൻ തുകയുടെ പദ്ധതികളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്. ആന്ധ്രയിൽ 15,000 കോടിയുടെ പ്രത്യേക പാക്കേജും പ്രഖ്യാപിച്ചു. കേന്ദ്ര ബജറ്റിൽ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അവഗണിച്ചതിലും പ്രതിഷേധമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.